മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ ആഗസ്ത് 31, സെപ്തംബര്‍ 1 തീയതികളില്‍ നടക്കുന്ന രണ്ടാമത് പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യാ യോഗത്തിനുള്ള പോസ്റ്ററില്‍ നിന്നും ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെ ഒഴിവാക്കി. ദല്‍ഹി മുഖ്യമന്ത്രിയെ ഒഴിവാക്കിയതോടെ പ്രതിപക്ഷ മുന്നണിയില്‍ എല്ലാം സുഗമമല്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്. “സൂക്ഷിച്ചു നോക്കൂ…ശരദ് പവാര്‍, അഖിലേഷ്, ഒമര്‍, ഹേമന്ത്, മമത, സീതാറാം യെച്ചൂരി എന്നിവര്‍ ഉള്‍പ്പെട്ട പ്രതിപക്ഷ മുന്നണിയുടെ നേതാവ് രാഹുല്‍ഗാന്ധിയാണ്. പക്ഷെ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഒരു പിളര്‍പ്പിലേക്ക് പോവുകയാണോ?” – ഇന്ത്യാ മുന്നണിയുടെ പോസ്റ്റര്‍ പങ്കുവെച്ച് ബിജെപി വക്താവ് ഷെഹ് സാദ് പൂനാവാല ചോദിച്ചു.
“അവര്‍ക്ക് യാതൊരു ദൗത്യവുമില്ല, പ്രധാനമന്ത്രിയാകണം എന്ന ആഗ്രഹമല്ലാതെ. ഈ യോഗത്തിന് മുന്നോടിയായി പുറത്തിറക്കിയ പ്ലക്കാര്‍ഡില്‍ രാഹുല്‍ ആണ് പ്രതിപക്ഷപ്പടയുടെ നേതാവ്. എന്നാല്‍ കെജ്രിവാളിനെ ഈ പോസ്റ്ററില്‍ കാണാനില്ല ഇപ്പോള്‍ ആം ആദ്മി പറയുന്നത് കെജ്രിവാളിനെ പ്രധാനമന്ത്രിയാക്കണം എന്നാണ്. ജനതാദള്‍ യു പറയുന്നത് നിതീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കണം എന്നാണ്. പ്രതിപക്ഷപാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധം ഒരു മുത്തലാഖിലേക്ക് നീങ്ങുകയാണെന്ന് തോന്നുന്നു.” – ഷെഹ് സാദ് പൂനാവാല പറഞ്ഞു.
“ആം ആദ്മി ആവശ്യപ്പെടുന്നത് അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രിയാക്കണം എന്നാണ്. എന്തായാലും പരസ്പരം കലഹിക്കുന്ന പ്രതിപക്ഷത്തെ രാജ്യം അംഗീകരിക്കാന്‍ പോകുന്നില്ല.” – ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
കെജ്രിവാള്-കോണ്‍ഗ്രസ് തര്‍ക്കം തുടരുന്നു
കഴിഞ്ഞയാഴ്ച ദല്‍ഹി സര്‍ക്കാരിന്റെ പ്രകടനത്തെച്ചൊല്ലി കോണ്‍ഗ്രസും ആം ആദ്മിയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. കോണ്‍ഗ്രസ് ഭരിയ്ക്കുന്ന ഛത്തീസ് ഗഡിലെ സര്‍ക്കാര്‍ സ്കൂളുകള്‍ തീരെ മോശമാണെന്ന് അരവിന്ദ് കെജ്രിവാള് കുറ്റപ്പെടുത്തിയിരുന്നു. ഇതോടെ കോണ്‍ഗ്രസും ആം ആദ്മി ഭരിയ്ക്കുന്ന ദല്‍ഹിയിലെ സ്കൂളുകളെയും വിമര്‍ശിക്കാന്‍ തുടങ്ങി.
കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് നേതാവ് അല്‍ക്കാ ലാംബയുടെ ഒരു പ്രസ്താവനയെച്ചൊല്ലിയും ഇരുവരും ഏറ്റുമുട്ടിയിരുന്നു. ദല്‍ഹിയിലെ എല്ലാ ലോക് സഭാ സീറ്റിലും കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് അല്‍ക്കാ ലാംബ പ്രസ്താവിച്ചിരുന്നു. ഇത് ആം ആദ്മിയെ ചൊടിപ്പിച്ചിരുന്നു. ദല്‍ഹിയിലെ എല്ലാ യിടത്തും കോണ്‍ഗ്രസിനെ ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതും പ്രസ്താവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: