ന്യൂദല്‍ഹി: എതനോളില്‍ ഓടുന്ന കാര്‍ പുറത്തിറക്കി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ് കരി. എതനോളിലും വൈദ്യുതിയിലും ഒരു പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഈ കാറിന്റെ പ്രാരംഭ മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത് ടൊയോട്ട കിര്ലോസ്കര് ആണ്.
सपना हुआ साकार!#ElectrifiedFlexFuelVehicle #FlexFuelVehicle #UrjadataKisan pic.twitter.com/9LKOB0L0lF
— Nitin Gadkari (@nitin_gadkari) August 29, 2023
പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന് സഹായിക്കുന്ന ബിഎസ് 6 സ്റ്റേജ് രണ്ട് ബഹിര്‍ഗമന (എമിഷന്‍) സംവിധാനമുള്ള എഞ്ചിനാണ് ഈ കാറിന് ഉപോഗിക്കുന്നത്. ഇതാദ്യമായാണ് ബിഎസ് 6 സ്റ്റേജ് രണ്ട് എമിഷന്‍ എഞ്ചിന് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. 85 ശതമാനം എതനോളും 15 ശതമാനം പെട്രോളും ആണ് ഇന്ധനമായി ഉപയോഗിക്കുക. അതുപോലെ തന്നെ വൈദ്യുതിയിലും കാര്‍ പ്രവര്‍ത്തിക്കാനാവും. അതുകൊണ്ട് ഇലക്ട്രിഫൈഡ് ഫ്ളെക്സ് ഫ്യൂല്‍ വാഹനം എന്ന പേരിലാണ് ഈ വാഹനം അറിയപ്പെടുന്നത്.
കാര്‍ബണ്‍ ബഹിര്ഗമനകാര്യത്തില് ഇന്ത്യയ്ക്ക് ഇന്നത്തെ കാലത്തിന് ആവശ്യമായ നിലവാരങ്ങള്‍ പാലിക്കുന്ന ബിഎസ് 6 സ്റ്റേജ് 2 എമിഷന്‍ സംവിധാനമുള്ള ഇലക്ട്രിഫൈഡ് ഫ്ളെക്സ് ഫ്യൂല്‍ വാഹനം ഇന്ത്യയില്‍ പുതിയൊരു വാഹന വിപ്ലവത്തിന് വഴിവെയ്ക്കും.
വൈകാതെ ഈ വാഹനം ഇന്ത്യയിലെ റോഡുകളില്‍ പ്രത്യക്ഷപ്പെടുമെന്നും നിതിന്‍ ഗാഡ് കരി പറഞ്ഞു. “പണ്ട് ഞാന്‍ ഇത്തരമൊരു വാഹനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ പലരും ചിരിച്ച് തള്ളിയതാണ്. പക്ഷെ എല്ലാം ഇപ്പോള്‍ സാധ്യമായി.”- നിതിന്‍ ഗാഡ്കരി പറഞ്ഞു. എതനോളിനുള്ള പമ്പ് ഉടനെ ആരംഭിക്കണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചെയര്‍മാനായ ശ്രീകാന്ത് മാധവ് വൈദ്യയോട് നിതിന്‍ ഗാഡ് കരി ആവശ്യപ്പെട്ടു. “വാഹനനിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നത് എതനോള്‍ നിറയ്ക്കാനുള്ള പമ്പില്ലാതെ എങ്ങിനെയാണ് ഇതുപോലൊരു വാഹനം നിര്‍മ്മിച്ച് പുറത്തിറക്കുക എന്നാണ്. ഉടനെ എതനോള്‍ പമ്പുകള്‍ വരണം. ഇത്തരം പമ്പുകള്‍ വന്നാല്‍ അസംസ്കൃത എണ്ണയുടെ ഇറക്കുമതി അവസാനിക്കും.” – നിതിന്‍ ഗാഡ് കരി പറഞ്ഞു.
വൈകാതെ എതനോളില്‍ ഓടുന്ന വാഹനം പുറത്തിറക്കുമെന്ന് ടൊയോട്ട കിര്ലോസ്കര് മോട്ടോഴ്സ് കണ്ട്രി ഹെഡ് വിക്രം ഗുലാതി പറഞ്ഞു. ഈ വാഹനത്തില്‍ രണ്ട് സംവിധാനവും ഉണ്ടാകും. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനവും ഫ്ലെക്സി ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എഞ്ചിനും ഉണ്ടാവും. ഈ വാഹനം ഉയര്‍ന്ന എതനോള്‍ ഉപയോഗവും ഉയര്‍ന്ന ഇന്ധന ക്ഷമതയും ഉറപ്പാക്കുന്നു.
പരിസ്ഥിതി സൗഹൃദ, തദ്ദേശീയ, പുനരുപയോഗ ഇന്ധനം എന്ന നിലയില്‍ എതനോളിന് ഇന്ത്യയില്‍ ശോഭന ഭാവിയുണ്ടെന്ന് ഗാഡ് കരി പറഞ്ഞു. ഊര്‍ജ്ജ രംഗത്ത് ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്ന മോദിയുടെ ലക്ഷ്യം എതനോളിനുണ്ട്. ഇതുവഴി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാമെന്നും മോദി സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നു. എതനോള്‍ ഉല്പാദനത്തിലൂടെ കര്‍ഷകര്‍ അന്നദാതാക്കള്‍ എന്നതുപോലെ ഊര്ജ്ജദാതാക്കളും ആയി മാറുന്നു. എതനോള്‍ സമ്പദ് വ്യവസ്ഥ രണ്ട് ലക്ഷം കോടിയായാി ഉയരുന്നതോടെ കാര്‍ഷിക വളര്‍ച്ചയുടെ തോത് ഇപ്പോഴത്തെ 12 ശതമാനത്തില്‍ നിന്നും 20 ശതമാനമായി ഉയരും.
എതനോള്‍ ഉണ്ടാക്കുന്നത് കരിമ്പില്‍ നിന്ന് ; കരിമ്പ് കൃഷിക്കാര്‍ക്ക് ഗുണകരമാവും
ഇന്ത്യയുടെ വിദേശനാണ്യശേഖരം അപ്പാടെ കത്തിച്ചുകളയുന്ന ഒന്നാണ് അസംസ്കൃത എണ്ണയുടെ ഇറക്കുമതി. ജൈവ ഇന്ധനമായ എതനോള്‍ ഉപയോഗിച്ച് പെട്രോള്‍-ഡീസല്‍ ഉപയോഗം പരമാവധി കുറയ്ക്കുകയാണ് മോദി സര്‍ക്കാരിന്റെ ആദ്യഘട്ടപദ്ധതി. 10 ശതമാനം എതനോളും 90 ശതമാനം പെട്രോളും ഉപയോഗിച്ച് ഓടുന്ന കാര്‍ ഇന്ത്യയില്‍ വികസിപ്പിച്ചതിനെ തുടര്‍ന്ന് ഇത്തരം പമ്പുകള്‍ നേരത്തെ ആരംഭിച്ചുകഴിഞ്ഞിരുന്നു. പിന്നീട് 20 ശതമാനം എതനോളും 80 ശതമാനം പെട്രോളും കലര്‍ത്തിയ ഇന്ധനം ഉപയോഗിച്ച് ഓടുന്ന വാഹനവും വികസിപ്പിച്ചിരുന്നു. അതിനാല്‍ ഇത്തരം ഇന്ധനം ലഭ്യമാകുന്ന പമ്പുകളും ഇപ്പോഴേ ആരംഭിച്ചിട്ടുണ്ട്.
ഇത്തരം മാറ്റങ്ങള്‍ ഇന്ത്യയിലെ കരിമ്പ് കര്‍ഷകര്‍ക്കാണ് ഏറെ ഉണര്‍വ്വുണ്ടാക്കിയത്. കഴിഞ്ഞ എട്ടു വര്‍ഷത്തെ കണക്കെടുത്താല്‍ എതനോള്‍ വിതരണം ചെയ്യുന്നവര്‍ 81,796 കോടി രൂപയും കരിമ്പ് കര്‍ഷകര്‍ 49,078 കോടി രൂപയും സമ്പാദിച്ചു. ഇതുവഴി രാജ്യത്തിന് പെട്രോള്‍-ഡീസല്‍ ഇറക്കുമതിയുടെ കാര്യത്തില്‍ 53,894 കോടി രൂപ ലാഭിയ്ക്കാന്‍ കഴിഞ്ഞു. മാത്രമല്ല, എതനോള്‍ പോലുള്ള ജൈവ ഇന്ധനോപയോഗം കാരണം 318 ലക്ഷം ടണ്‍ കാര്‍ബര്‍ ഡയോക്സൈഡ് പുറന്തള്ളുന്നത് കുറഞ്ഞു. എതനോള്‍ ഇന്ധനത്തില്‍ ഓടുന്ന എഞ്ചിനുകള്‍ വികസിപ്പിക്കുന്നതില്‍ വന്‍ പരീക്ഷണങ്ങളാണ് ഇന്ത്യയില്‍ നടന്നുവരുന്നത്. തുരുമ്പുപിടിക്കുന്നതിനെ തടയുന്ന എഞ്ചിനുകളാണ് വികസിപ്പിച്ചെടുക്കുന്നത്. ഇതോടെ ഇന്ത്യയിലെ ഓയില്‍ കമ്പനികളും കൂടുതലായി കരിമ്പ് കര്‍ഷകരില്‍ നിന്നും പഞ്ചസാര ഫാക്ടറികളില്‍ നിന്നും എതനോള്‍ സംഭരിക്കുന്നത് വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: