തിരുവനന്തപുരം: ലോകമെമ്പാടുമുളള മലയാളികള്‍ അത്യാഹ്ലാദപൂര്‍വം തിരുവോണം ആഘോഷിക്കുന്നു. ജോലി സംബന്ധമായി ദൂരസ്ഥലങ്ങളില്‍ ആയിരുന്നവര്‍ നാട്ടില്‍ കുടുംബങ്ങളിലെത്തിച്ചേര്ന്നത് ആഹ്ലാദത്തിന് മാറ്റുകൂട്ടി. ജാതി, മത ഭേദങ്ങളില്ലാതെ നാടെങ്ങും ഒത്തൊരുമിക്കുന്ന കാഴ്ചയാണെങ്ങും.
വീട്ടുമുറ്റങ്ങളില്‍ പൂക്കളം ഒരുക്കിയത് കാണാനഴകായി. നഗരങ്ങളില്‍ ക്ലബുകളുടെ നേതൃത്വത്തിലാണ് കൂടുതലും കവലകളില്‍ പൂക്കളങ്ങള്‍ ഒരുക്കിയിട്ടുളളത്.
സദ്യവട്ടങ്ങള്‍ക്ക് ശേഷം വെടിപറയലും ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുളള പരിപാടികള്‍ ആസ്വദിക്കാനും ജനം ഇറങ്ങും.നാടെങ്ങും ഉത്സവച്ഛായയാണ്. വിവിധ കലാപരിപാടികളും ദീപാലങ്കാരങ്ങളും നാടിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
സദ്യവട്ടങ്ങള്‍ ഒരുക്കാനുളള തയാറെടുപ്പിലായിരുന്നു ഉത്രാട ദിനത്തില്‍ മലയാളികള്‍. നാടും നഗരവും രാവിലെ മുതല്‍ രാത്രി വൈകും വരെ ഉത്രാടപ്പാച്ചിലിലായിരുന്നു. വിപണികളില്‍ ജനം തിക്കിത്തിരക്കി.
ഓണക്കോടി വാങ്ങാനും ഗൃഹോപകരണങ്ങള്‍ വാങ്ങാനും തിരക്കനുഭവപ്പെട്ടു. ഗുരുവായൂരില്‍ കാഴ്ചക്കുല സമര്‍പ്പണം നടന്നു. തൃക്കാക്കരയില്‍ പകല്‍പ്പൂരം നടന്നു. തിരുവോണ ദിനത്തില്‍ മഹാബലിയെ എതിരേല്ക്കുന്ന ചടങ്ങും ഉണ്ട്.
ആറന്മുള ഭഗവാന് സമര്‍പ്പിക്കാനുളള കാഴ്ച വിഭവങ്ങളുമായി പുറപ്പെട്ട തിരുവോണത്തോണി രാവിലെ ക്ഷേത്രത്തിലെത്തി.
കേരളത്തിന് പുറമെ ഇതരസംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമുളള മലയാളികളും ഓണം കൊഴുപ്പിക്കാന്‍ ഉത്രാടദിനത്തില്‍ തന്നെ തയാറെടുത്തു. ചിലയിടങ്ങളില്‍ മലയാളി കുടുംബങ്ങള്‍ ഒത്തുചേര്‍ന്നും മലയാളി സമാജങ്ങളിലുമാണ് ഓണാഘോഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: