ന്യൂദല്‍ഹി: ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും. ഓണത്തിന്റെ സുപ്രധാന അവസരത്തില്‍ കേരളത്തിലെ സഹോദരീ സഹോദരന്മാര്‍ക്കും ഇന്ത്യയിലും വിദേശത്തുമായി താമസിക്കുന്ന എല്ലാ സഹപൗരന്മാര്‍ക്കും ഊഷ്മളമായ ആശംസകളും നന്മകളും നേരുകയാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
വിളവെടുപ്പ് കാലത്തിന്റെ ആരംഭം കുറിക്കുന്ന ഈ ഉത്സവം കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ അതുല്യമായ ഉദാഹരണമാണ്. പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണിത്. ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും ഈ ഉത്സവം ആഘോഷിക്കുന്നത് സാമൂഹിക സൗഹാര്‍ദ്ദത്തിന്റെ സന്ദേശം നല്കുന്നു. ഈ സന്തോഷകരമായ ഉത്സവം നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നല്കാനും സഹപൗരന്മാര്‍ക്കിടയില്‍ സാഹോദര്യത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്താനും നമ്മെ പ്രചോദിപ്പിക്കട്ടെയെന്നും രാഷ്‌ട്രപതി കൂട്ടിച്ചേര്‍ത്തു.
ഐക്യത്തിന്റെയും വിളവെടുപ്പിന്റെയും സാംസ്‌കാരിക സമൃദ്ധിയുടെയും ആഘോഷമാണ് ഓണമെന്ന് ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കര്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു. ഓണം സമൂഹത്തെ പാരമ്പര്യങ്ങളുടെ നൂലിഴകളാല്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഓണം പരോപകാരത്തിന്റെയും അനുകമ്പയുടെയും ത്യാഗത്തിന്റെയും കാലാതീതമായ മൂല്യങ്ങളുടെ ഉജ്ജ്വലമായ ഓര്‍മ്മപ്പെടുത്തലായി വര്‍ത്തിക്കുന്നു.
നമ്മുടെ കര്‍ഷക സമൂഹത്തിന്റെ അശ്രാന്ത പരിശ്രമത്തെ ആദരിക്കുന്നതിനും പ്രകൃതി മാതാവിന്റെ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുന്നതിനുമുള്ള ഒരു സന്ദര്‍ഭം കൂടിയാണിത്. ഓണത്തിന്റെ ചൈതന്യം എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നല്കട്ടെയെന്നും ജഗദീപ് ധന്‍കര്‍ ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: