കൊടകര: രുചിയേറും ഓണവിഭവങ്ങളൊരുക്കാന്‍ കൊടകരയുടെ കുടിലുകളില്‍ രൂപമെടുത്ത വിവിധയിനം മണ്‍ചട്ടികള്‍ വിപണിയില്‍ സജീവം. കല്‍ച്ചട്ടി, ചീഞ്ചട്ടി, മീന്‍ചട്ടി, ഉരുളിച്ചട്ടി, സാമ്പാറ് ചട്ടി തുടങ്ങി കളിമണ്ണിലൊരുങ്ങിയ വ്യത്യസ്ത ഉപയോഗത്തിനുള്ള മണ്‍ചട്ടികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. കുന്തിരിക്കം പുകയ്ക്കുന്ന ചട്ടികള്‍ വരെ വില്പനക്കുണ്ട്. കൊടകരയില്‍ കുംഭാര സമുദായാംഗങ്ങളാണ് ഇവയുണ്ടാക്കുന്നത്.
തൃക്കാക്കരയപ്പനുകള്‍ ഉണ്ടാക്കുന്ന കുടുംബങ്ങള്‍ ഏറെയാണെങ്കിലും ചട്ടികള്‍ നിര്‍മിക്കുന്നത് ചുരുക്കം വീടുകളില്‍ മാത്രമാണ്. തൃക്കാക്കരയപ്പന്മാരെ ഉണ്ടാക്കുന്ന കളിമണ്ണു കൊണ്ട് ചട്ടി ഉണ്ടാക്കാനാവില്ല. ചട്ടിക്കുള്ള കളിമണ്ണ് കുറ്റിപ്പുറത്തു നിന്നാണ് കൊണ്ടുവരുന്നത്. ഒരു ചെറുവണ്ടി മണ്ണിന് 20,000 രൂപയാണ് വില. അതും ലഭ്യത വളരെ കുറവാണ്. കൊടകര, ചാലക്കുടി, തൃശൂര്‍, ഇരിങ്ങാലക്കുട തുടങ്ങിയ ടൗണുകളില്‍ ചട്ടി വില്ക്കാന് കൊടകരയില്‍ നിന്നുള്ളവരുണ്ട്. സമുദായത്തിലെ കാവില്‍ വെങ്ങലശ്ശേരി അമ്മിണിയെപ്പോലുള്ള അപൂര്‍വം പേര് വീടുകളില്‍ കൊണ്ടുനടന്നും വില്‍ക്കുന്നുണ്ട്. ഓണക്കാളന് ഓട്ടുരുളിയില്‍ എന്നാണ് ചൊല്ലെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ ഓണവിഭവങ്ങളില്‍ പ്രധാനപ്പെട്ടവയായ കാളന്, പുളിയിഞ്ചി തുടങ്ങി പലതും മണ്‍ചട്ടിയില്‍ പാചകം ചെയ്യുന്നവര്‍ ഏറെയാണ്. പച്ചക്കറികളിലെ വിഷാംശങ്ങള്‍ പോലും വലിച്ചെടുക്കാനുള്ള ശേഷി മണ്ചട്ടികള്ക്കുണ്ടത്രെ. കൊടകര കുംഭാരക്കോളനിയിലെ പെനങ്ങന്നൂര്ക്കാരന് ലക്ഷ്മണന്റെ ഭാര്യ അമ്മുവാണ് കൊടകര മേല്‍പ്പാലത്തിനു താഴെ ചട്ടികളുടെ വില്‍പ്പന നടത്തുന്നത്. 100 രൂപ മുതല്‍ 700 രൂപ വരെ വിവിധ വലിപ്പത്തിലും വൈവിധ്യത്തിലുമുള്ള ചട്ടികള്‍ വില്‍പ്പനക്കെത്തിച്ചിട്ടുണ്ട്. മണ്‍ചട്ടികള്‍ക്ക് പഴയകാല പ്രതാപം ഇല്ലെങ്കിലും ഓണക്കാലത്ത് ആവശ്യക്കാര്‍ ഏറെയാണ്. പൂരാടം, ഉത്രാടം ദിനങ്ങളില്‍ കൂടുതല്‍ ചട്ടികള്‍ വിപണനം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് വില്‍പ്പനക്കാര്‍.
ചിത്രം :
ഓണത്തിനു മുന്നോടിയായി കൊടകര മേല്‍പ്പാലം ജംഗ്ഷനില്‍ നടക്കുന്ന
വിവിധയിനം മണ്‍ചട്ടികളുടെ വിപണനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: