ഗുരുവായൂര്‍: 5125 ാമത് ശ്രീകൃഷ്ണജയന്തിയുടെ വിളംബരമായി 30 ന് അവിട്ടം നാളില്‍ ഗുരുവായൂര്‍ ക്ഷേത്ര തീര്‍ത്ഥക്കരയില്‍ പ്രത്യേകം സജ്ജമാക്കിയ ഗോശാലയില്‍ ഗോപൂജ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മഹാഗോപൂജ സംഗീത കുലപതി പത്മവിഭൂഷണ്‍ ഇളയരാജ ഉദ്ഘാടനം ചെയ്യും. കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ മുഖ്യാതിഥിയാകും.
ഗോപൂജയുടെ വിളംബരമായി രാവിലെ 9.30 ന് മഞ്ജുളാല്‍ പരിസരത്തു നിന്നും പത്തോളം ഗോമാതാക്കളെ അലങ്കരിച്ച് ആനയിക്കും. ഘോഷയാത്രയില്‍ വാദ്യഘോഷങ്ങള്‍, പൂത്താലം, രാധാ-കൃഷ്ണന്മാരടങ്ങിയ വിവിധ വേഷങ്ങള്‍, ഗോപികാനൃത്തം, ഉറിയടി, തിരുവാതിരകളി, ഭജനസംഘം, കോലാട്ടം തുടങ്ങിയവ അണിനിരക്കും. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട്, മൂകാംബിക ക്ഷേത്രം തന്ത്രി ഡോ. കെ. രാമചന്ദ്ര അഡിക, പളനി ക്ഷേത്രം തന്ത്രി മണി ശിവാചാര്യ തുടങ്ങിയ ആധ്യാത്മികാചാര്യന്മാര് ഗോപൂജക്ക് കാര്‍മികത്വം വഹിക്കും. 108 ഗോമാതാക്കളെ സര്‍വ്വദേവതാ സങ്കല്‍പ്പത്തില്‍ തന്ത്രിമാരടങ്ങിയ 108 പൂജാരിമാര്‍ ചേര്‍ന്ന് പൂജിക്കും.
ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി. ബാബുരാജന് മാസ്റ്റര്‍ ഗോപൂജാ സന്ദേശം നല്‍കും. കര്‍ണാടക എംഎല്‍എമാരായ വിശ്വനാഥന്, മുനിരാജന്, തെന്നിന്ത്യന്‍ ഗായകന് വി.വി. പ്രസന്ന തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. ‘രണ്ടോണം കണ്ണനോടൊപ്പം’ എന്ന സന്ദേശം നല്കി നടക്കുന്ന മഹാഗോപൂജ 1000/രൂപ നിരക്കില്‍ മുന്‍കൂട്ടി ബുക്കുചെയ്യാം. ആവശ്യമുള്ള ഭക്തര്‍, ഗോപൂജ മുഖ്യ സംയോജകുമായി 9446628022 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു. ശീട്ടാക്കുന്ന ഭക്തര്‍ക്ക് വിവിധ ക്ഷേത്രങ്ങളിലെ തന്ത്രിമുഖ്യന്മാര് പൂജ നടത്തിയ പ്രസാദവും വിതരണം ചെയ്യുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സ്വാഗതസംഘം അധ്യക്ഷന്‍ കെ.കെ. സുരേന്ദ്രനാഥന്‍ കൈമള്‍, ബാലഗോകുലം ജില്ലാ അധ്യക്ഷന്‍ കെ.എം. പ്രകാശന്, ഗോപൂജ മുഖ്യ സംയോജക് ബാബുരാജ് കേച്ചേരി, സ്വാഗതസംഘം കാര്യദര്‍ശി എം.എസ്. രാജന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: