കൊല്‍ക്കൊത്ത: ദുര്‍ഗാപൂജ മതപരമായ ആഘോഷമല്ലെന്നും എല്ലാവര്ക്കും ആഘോഷിക്കാവുന്നതാണെന്നും കൊല്‍ക്കത്ത ഹൈക്കോടതി.
നഗരത്തിലെ പൊതുമൈതാനത്ത് ദുര്‍ഗാപൂജ ആഘോഷിക്കുന്നതിന് അനുമതി നല്‍കണമെന്ന് സംസ്ഥാനസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.
ഏറ്റവും മതേതരമായ ആഘോഷങ്ങളില്‍ ഒന്നായി ദുര്‍ഗാപൂജയെ പരിഗണിക്കണമെന്ന് ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ നിര്‍ദേശിച്ചു. കൊല്‍ക്കത്ത ന്യൂ ടൗണ്‍ മേള ഗ്രൗണ്ടില്‍ ദുര്‍ഗാ ഉത്സബ് 2023 നടത്താന്‍ മനാബ് ജാതി കല്യാണ്‍ ഫൗണ്ടേഷന് എന്ന സംഘടനയ്ക്ക് അനുമതി നിഷേധിച്ചതിനെതിരായ പൊതുതാത്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം പാര്‍ക്കുകള്‍, റോഡുകള്‍, നടപ്പാതകള്‍ മുതലായവയില്‍ ആരാധന നടത്താന്‍ ഹരജിക്കാര്‍ക്ക് അവകാശമില്ലെന്ന അധികൃതരുടെ വാദം കോടതി തള്ളി.
പരക്കെ അറിയുന്നതുപോലെ ദുര്‍ഗാപൂജ സ്ത്രീശക്തിയുടെ ആരാധനയിലോ മതപരമായ വഴിപാടുകളിലോ മാത്രം ഒതുങ്ങുന്നതല്ല, അത് വ്യത്യസ്ത സംസ്കാരങ്ങളുടെ സമന്വയം കൂടിയാണ്. ആരാധനയ്ക്കപ്പുറം അതൊരു സാംസ്കാരികാഘോഷവും ഉത്സവവുമാണ്. അതിനാല്‍ മതപരമായ ചടങ്ങ് മാത്രമായി ദുര്‍ഗാപൂജയെ ചുരുക്കാന്‍ കഴിയില്ല. ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
സാധാരണ മേളകള്‍ നടത്താറുള്ള മൈതാനമാണ് ന്യൂ ടൗണ്‍ മേള ഗ്രൗണ്ടെന്നും അവിടെ ദുര്‍ഗാപൂജ നടത്തുന്നതില്‍ തടസമെന്താണെന്നും കോടതി ആരാഞ്ഞു. ദുര്‍ഗാപൂജ അനുവദിക്കുന്ന പോലീസിന് ഭാരമാകുമെന്ന വാദം അടിസ്ഥാനരഹിതമാണ്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 എല്ലാ പൗരന്മാര്ക്കും സമാധാനപരമായും ആയുധങ്ങളില്ലാതെയും ഒത്തുകൂടാനും രാജ്യത്തുടനീളം സ്വതന്ത്രമായി സഞ്ചരിക്കാനും അവകാശമുണ്ടെന്ന് ഉറപ്പുനല്‍കുന്നു. അത് തടയാന്‍ ആര്‍ക്കുംഅവകാശമില്ലെന്ന് കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: