റിയാദ്: വിമാന നയത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തി സൗദി അറേബ്യ. യാത്രക്കാര്‍ക്ക് മികച്ച യാത്രാ സൗകര്യമൊരുക്കുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി സൗദി അറേബ്യയില്‍ പുതിയ നയങ്ങള്‍ പുറത്തിറക്കി. സപ്തംബര്‍ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.
പുതിയ നയപ്രകാരം സൗദി അറബ്യയിലെ എല്ലാ എയര്‍ലൈനുകളും വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് യാത്രയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ യാത്രക്കാര്‍ക്ക് നല്‍കണം. ഇതില്‍ എന്തെങ്കിലും വീഴ്ച വരുത്തിയാലോ മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയാലോ യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിന്റെ അന്‍പത് മുതല്‍ 200 ശതമാനം വരെ നഷ്ടപരിഹാരം ആവശ്യപ്പെടാം. ലഗേജ് നഷ്ടപ്പെട്ടാല്‍ 6568 റിയാല്‍ വരെ നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ട്.
രണ്ട് മണിക്കൂറില്‍ കൂടുതല്‍ വിമാനം വൈകിയാല്‍ വിമാന കമ്പനിക്കെതിരെ പരാതിപ്പെടാം. ഹജ്ജ്, ഉംറ യാത്രാ വിമാനങ്ങള്‍ക്കും നിയമം ബാധകമാണ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പരാമര്‍ശിക്കാത്ത സ്റ്റോപ് ഓവര്‍ ഉണ്ടെങ്കിലും പരാതിപ്പെട്ട് നഷ്ടപരിഹാരം തേടാം. ടിക്കറ്റ് എടുക്കുന്നതു മുതല്‍ യാത്ര അവസാനിക്കുന്നതുവരെയുള്ള സേവനത്തില്‍ എയര്‍ലൈനുകള്‍ വീഴ്ച വരുത്തുന്നതിന് നഷ്ടപരിഹാരം ആവശ്യപ്പെടാനും അവകാശമുണ്ട്. വിമാന സേവനം മെച്ചപ്പെടുത്തുകയും യാത്രക്കാരന്റെ അവകാശം സംരക്ഷിക്കുകയുമാണ് ലക്ഷ്യമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ ദഹ്മസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: