പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടുന്നു. കേന്ദ്രം അതിനായി ഇ ഡിയെ ഉപയോഗിക്കുന്നു. അടുത്തകാലത്തായി കേള്‍ക്കുന്ന മുഖ്യ ആരോപണമാണിത്. ഇന്ത്യയില്‍ സാമ്പത്തിക നിയമങ്ങള്‍ നടപ്പാക്കുന്നതിനും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്നതിനുള്ള ഒരേജന്‍സിയാണ് ഇഡി അഥവാ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ധനകാര്യമന്ത്രാലയം, ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ്, ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് എന്നിവയിലെ ഉദ്യോഗസ്ഥരും സ്വന്തം കേഡറില്‍ നിന്നുള്ള സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥരും അടങ്ങുന്ന സേന. 2000ത്തില്‍ താഴെ ഉദ്യോഗസ്ഥര്‍ മാത്രമാണിതിനുള്ളത്. 70 ശതമാനവും ഡെപ്യൂട്ടേഷനില്‍ എത്തുന്നവരാണ്.
1956 മെയ് ഒന്നിനാണ് ഇ ഡി രൂപം കൊള്ളുന്നത്. എന്നുവച്ചാല്‍ ബിജെപി എന്ന സംഘടന രൂപം കൊള്ളുമോ എന്ന് സങ്കല്പ്പിക്കാന് പോലും കഴിയാത്ത കാലത്തുണ്ടായ സംവിധാനം. ഇന്ത്യാ ഗവണ്മെന്റിന്റെ രണ്ടു പ്രധാന നിയമങ്ങള്‍ നടപ്പാക്കുക എന്നതാണ് പ്രധാന ചുമതല. 1999ലെ ഫോറിന്റ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്, 2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ നിയമം നടപ്പാക്കല്‍ എന്നിവയാണത്. ഇ ഡി ഇതിനകം ആയിരക്കണക്കിന് ധനികരുടെ ഇടപാടുകള്‍ പരിശോധിച്ചിട്ടുണ്ട്. ഇ ഡിയെ പേടിക്കേണ്ടത് കള്ളപ്പണക്കാരാണ്. ഇന്നിപ്പോള്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണക്കാരും കൊള്ള ലാഭം കൊയ്യുന്നവരും രാഷ്ട്രീയക്കാരായിപ്പോയി. അതു പ്രതിപക്ഷത്തുള്ളവരായതിന് ഇ ഡി എന്തു പിഴച്ചു. രാഷ്ട്രീയക്കാര്‍ക്ക് മുന്നേ സിനിമക്കാരെ ഇ ഡി പരിശോധിച്ചു. രാവും പകലും റെയ്ഡ് നടത്തി, കള്ളപ്പണവും രേഖകളും പിടിച്ചെടുത്തു എന്നൊക്കെയായിരുന്നു വാര്‍ത്ത. ഇപ്പോള്‍ തലക്കെട്ടുകള്‍ മാറി. കോടികളുടെ തിരിമറി നടത്താന്‍ കെല്പ്പുള്ളവരായി രാഷ്ട്രീയക്കാര്‍ വളര്‍ന്നു. സ്വാഭാവികമായും ഇ ഡിയുടെ ശ്രദ്ധ രാഷ്ട്രീയ കുലാക്കുകള്‍ക്ക് നേരെ തിരിയുന്നത് സ്വാഭാവികം.
തമിഴ്നാട്ടിലും ദല്‍ഹിയിലും മന്ത്രിമാരെയാണ് ഇ ഡി നോട്ടീസ് നല്കി ജയിലിലടച്ചത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിക്കും നോട്ടീസ് നല്കി. അനധികൃത ഖനനവുമായി ബന്ധപ്പെട്ട് 2002ല്‍ 10 മണിക്കൂറോളം ചോദ്യം ചെയ്തതാണ്. സോണിയയേയും രാഹുലിനെയും ചിദംബരത്തേയും ചോദ്യം ചെയ്തതും വ്യക്തമായ കാരണമുള്ളതുകൊണ്ടാണ്. കെ. സുധാകരനെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്തു. ഒടുവില്‍ ജയിലിലും കിടക്കേണ്ടിവന്നു. നമ്മുടെ മുഖ്യമന്ത്രിയേയും
പരിവാരങ്ങളേയും ചോദ്യം ചെയ്യാന്‍ ഇ ഡി രുങ്ങുന്നതെപ്പോഴെന്നറിയാനിരിക്കുന്നതേയുള്ളൂ. ഈ സംശയത്തിന്റെ നിഴലിലാണ് മുന്‍ മന്ത്രി എസി മൊയ്തീനെ ചോദ്യം ചെയ്തത്. അതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളും പ്രതിഷേധ പ്രചാരണ കോലാഹലങ്ങളുമേറെയാണ്. മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആളാണ് മൊയ്തീനെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന് മാഷിന്റെ അഭിപ്രായം. മൊയ്തീന് ചെയ്തതെല്ലാം മാന്യതയാണെത്രേ. കരുവന്നൂര്‍ ബാങ്കിലെ ബിനാമി ഇടപാടുകള്‍ നടന്നത് മുന്‍ മന്ത്രി മൊയ്തീന്റെ നിര്‍ദേശപ്രകാരമാണെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്. പാവങ്ങളുടെ സ്വത്ത് പണയപ്പെടുത്തി ബിനാമി ഇടപാടുകള്‍ ബാങ്കില്‍ നടന്നു. ഇതിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാനേതാക്കള്‍ വരെ കൂട്ടുനിന്നുവെന്നും ഇ ഡിക്ക് വ്യക്തമായി. തുടര്‍ന്നാണ് കൂടുതല്‍ ചോദ്യം ചെയ്യാന്‍ 31ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. മൊയ്തീന് ഇപ്പോള്‍ എംഎല്‍എയും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമാണ്. ഒരു കേന്ദ്രകമ്മറ്റി അംഗവും മറ്റം ഈ വായ്പാ തട്ടിപ്പിലുണ്ടെന്ന വിവരവുമുണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട 36 വസ്തുവകകള്‍ ഇതുവരെ കണ്ടുകെട്ടി. 15 കോടി രൂപയുടെ മൂല്യമാണ് ഇതിനു കണക്കാക്കുന്നത്. എ.സി.മൊയ്തീന്റെ 28 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം മരവിപ്പിക്കുകയും ചെയ്തു. സിപിഎം നേതാക്കളുടെ ബിനാമി ഇടപാടുകാര്‍ എന്ന ആരോപണം നേരിടുന്നവര്‍ക്ക് കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് അനുവദിച്ചത് കോടിക്കണക്കിന് രൂപയാണ്. മതിയായ ഈടില്ലാതെയാണ് ബാങ്കില്‍ നിന്ന് തുകകള്‍ അനുവദിച്ചത്. ഇത് കേന്ദ്രീകരിച്ചാണ് ഇ ഡി അന്വേഷണം മുന്നോട്ടു പോകുന്നത്.
ഭൂമിയുടെ മതിപ്പ് വില കൂട്ടിക്കാണിച്ച് വായ്പ അനുവദിക്കുകയായിരുന്നു. വസ്തു വിറ്റാലും തുക തിരിച്ചുപിടിക്കാന്‍ സാധിക്കില്ലെന്നും ഇ ഡി കണ്ടെത്തി. മറ്റു ബാങ്കുകളില്‍ കടക്കെണിയിലായവരുടെ ആധാരം എടുക്കാന്‍ സഹായിക്കുകയും ഈ ആധാരം വലിയ തുകയ്ക്ക് കരുവന്നൂര്‍ ബാങ്കില്‍ പണയപ്പെടുത്തുകയുമായിരുന്നു ചെയ്തിരുന്നത്. ഇതിന് ഇടനിലക്കാര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇ ഡി കണ്ടെത്തി.
മൊയ്തീന്റെ 2 സ്ഥിരനിക്ഷേപങ്ങളാണ് മരവിപ്പിച്ചത്. ഇവ സംബന്ധിച്ച രേഖകള്‍ എത്തിക്കാന്‍ ഇ ഡി സമയം നല്‍കിയിട്ടുണ്ട്. മൊയ്തീന് 2016/17 ലെ ആദായ നികുതി റിട്ടേണില്‍ 2.88 ലക്ഷം, 2017/18 ല്‍ 3.98 ലക്ഷം, 2018-19 ല്‍ 4.08 ലക്ഷം, 2019-20 ല്‍ 4.25 ലക്ഷം എന്നിങ്ങനെയാണു നിക്ഷേപമായി കാണിച്ചിരുന്നത്. തിരുവനന്തപുരം സബ് ട്രഷറിയില്‍ 18.90 ലക്ഷം രൂപയും ബാങ്ക് ഓഫ് ഇന്ത്യയില്‍ 27,514 രൂപയുമടക്കം 19.86 ലക്ഷമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയില്‍ പ്രഖ്യാപിച്ച ആകെ നിക്ഷേപം. അതുമായി ഇപ്പോഴത്തെ നിക്ഷേപക്കണക്കുകള്‍ പൊരുത്തപ്പെടുന്നുണ്ടോയെന്ന് ഇ ഡി പരിശോധിക്കും.
മൊയ്തീന്റെ വീട്ടിലെ ഇ ഡി റെയ്ഡ് 22 മണിക്കൂര്‍ നീണ്ടു. ചൊവ്വാഴ്ച രാവിലെ 7.30ന് എത്തിയ അന്വേഷണസംഘം വെളുപ്പിന് 5.30ന് ആണു മടങ്ങിയത്. ബാങ്ക് പാസ്ബുക്കുകള്‍, ആധാരങ്ങള്‍, സ്ഥിരനിക്ഷേപ രേഖകള്‍ എന്നിവ സംഘം കൊണ്ടുപോയതായി മൊയ്തീന് സ്ഥിരീകരിച്ചു.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎം നേതാക്കളുടെ സഹായത്തോടെ നടത്തിയ 300 കോടി രൂപയുടെ തട്ടിപ്പ് അന്വേഷിക്കുന്ന ഇ ഡി സംഘമാണ് എ.സി.മൊയ്തീന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. മൊയ്തീനുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റു 2 പേരുടെ വീട്ടിലും ഇതോടൊപ്പം റെയ്ഡുണ്ടായിരുന്നു. നേരത്തേ ചോദ്യംചെയ്ത പ്രതികളുടെ മൊഴിയില്‍നിന്നാണു മൊയ്തീനിലേക്ക് എത്തിയത്. നോട്ടുനിരോധന കാലത്തു കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപത്തില്‍ 95 കോടി രൂപയുടെ വര്‍ധനയുണ്ടായതും തൊട്ടടുത്ത വര്‍ഷം പല തവണയായി ഇതു കുറഞ്ഞതും ഇ ഡിയുടെ ശ്രദ്ധയില്‍പെട്ടിരുന്നു.
കരുവന്നൂര്‍ ബാങ്കിലെ വായ്പ, കുറി പദ്ധതികളിലൂടെ കോടികളുടെ ഇടപാടു നടത്തിയ മഹാരാഷ്ട്ര സ്വദേശി അനില്‍കുമാര്‍ എന്ന സുഭാഷിന്റെ ചേര്‍പ്പിലെ വീട്ടിലും പണം പലിശയ്ക്കു കൊടുക്കുന്ന കണ്ണൂര്‍ സ്വദേശി സതീശന്റെ കോലഴിയിലെ വീട്ടിലുമായിരുന്നു പരിശോധന. ഇ ഡി അഡീഷനല്‍ ഡയറക്ടര്‍ ആനന്ദിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണു മൊയ്തീന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ പണം പിന്‍വലിക്കാനാവാതെ പ്രയാസപ്പെട്ടപ്പോഴാണ് തട്ടിപ്പിന്റെ കള്ളി പുറത്തായത്. ചികിത്സയ്ക്ക് നല്‍കാനുള്ള പണം, കല്യാണാവശ്യത്തിന് ഉപയോഗിക്കാനുള്ള പണം ഇവയൊന്നും പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. പലരും ഇതുമൂലം ആത്മഹത്യ ചെയ്യേണ്ടി വന്നു. സഹകരണബാങ്കിലെ നിക്ഷേപം തറവാട്ട് സ്വത്തുപോലെ തട്ടിയെടുത്തത് കണ്ടെത്തുമ്പോള്‍ എന്തിനാണ് ഈ കള്ളക്കളി. പാവപ്പെട്ട നിക്ഷേപകരെ കുത്തുപാളയെടുപ്പിച്ച മേത്തരം സഖാക്കളെ പിടികൂടുമ്പോള്‍ വിറളിപിടിക്കുന്നത് സ്വാഭാവികം. നിങ്ങള്‍ കൊയ്യും വയലെല്ലാം നിങ്ങടേതാകും പൈങ്കിളിയെ എന്നാശ്വസിപ്പിച്ചതുപോലെ, ‘നിങ്ങടെ നിക്ഷേപം ഞങ്ങടതാക്കി പൈങ്കിളിയെ’ എന്നായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: