പ്രജ്ഞാനന്ദയുടെ ചരിത്രം കുറിച്ച പ്രകടനം കണ്ടുകൊണ്ടാണ് അസര്‍ബെയ്ജാനിലെ ബാക്കുവില്‍, ഫിഡെ ചെസ് ലോകകപ്പിന് സമാപനമായത്. ഫൈനലിലെ ടൈബ്രേക്കറില്‍ പരാജയപ്പെട്ടെങ്കിലും ചെസ് ലോകം ഏറെ പ്രതീക്ഷയോടെയാണ് പ്രജ്ഞാനന്ദയുടെ കളി നോക്കിക്കണ്ടത്. ഭാവിയിലെ ചെസ് ലോകം അടക്കിവാഴാന്‍ പോകുന്നത് ഈ പതിനെട്ടുകാരനായിരിക്കുമെന്നുവരെ പല വിഖ്യാത ചെസ് താരങ്ങളും പറഞ്ഞുകഴിഞ്ഞു. ഫൈനലില്‍ പ്രജ്ഞാനന്ദ ടൈബ്രേക്കറില്‍ പരാജയപ്പെട്ടത് ലോക ഒന്നാം നമ്പര്‍ താരമായ നോര്‍വേയുടെ മാഗ്നസ് കാള്‍സനോടാണ്. 12 വര്‍ഷമായി ലോക ഒന്നാംറാങ്ക് നിലനിര്‍ത്തുന്ന ചെസ്സ് രാജാവാണ് കാള്സണ്. കലാശക്കളിയിലെ രണ്ട് ക്ലാസിക്കല്‍ ഗെയിമുകള്‍ സമനിലയില്‍ കലാശിച്ചതോടെതന്നെ ഒരു കാര്യം വ്യക്തമായി. ആ രാജാവില്‍ നിന്ന് ഏറെയൊന്നും അകലെയല്ല ചെന്നൈയില്‍ നിന്നുള്ള പയ്യന് പ്രജ്ഞാനന്ദ. ടൈബ്രേക്കര്‍ ഒരു ഞാണിന്മേല്ക്കളിയാണ്. അവിടെ ഭാഗ്യവും വല്ലാത്ത കളികളിക്കും. കാള്‍സന്റേതു നൂറുശതമാനം വിജയമോ പ്രജ്ഞാനന്ദയുടേത് നൂറുശതമാനം തോല്‍വിയോ അല്ലെന്നര്‍ഥം. റാപ്പിഡ് ചെസിന്റെ ചടുലതയിലും പ്രജ്ഞാനന്ദ സമ്മര്‍ദത്തിനടിപ്പെട്ടില്ലെങ്കിലും കാള്‍സന്റെ പരിചയസമ്പത്ത് നിര്‍ണായകമായി. രണ്ട് ടൈബ്രേക്ക് ഗെയിമുകളില്‍ ഒരുജയവും സമനിലയുമായി നോര്‍വേ താരം ആദ്യലോകകപ്പ് കിരീടം സ്വന്തമാക്കി. അഞ്ച് തവണ ലോക ചാമ്പ്യനായെങ്കിലും ലോകകപ്പ് കാള്‍സനില്‍നിന്ന് അകന്നുനില്‍ക്കുകയായിരുന്നു. 47 നീക്കങ്ങള്‍ക്കൊടുവിലാണ് കാള്സണ് ടൈബ്രേക്കറിലെ ആദ്യ ഗെയിമില്‍ പ്രജ്ഞാനന്ദയെ തോല്‍പ്പിച്ചത്. വിശ്വനാഥന് ആനന്ദിനുശേഷം ലോകകപ്പ് നേടുന്ന ഇന്ത്യന്‍ താരമെന്ന ഖ്യാതി കൈയകലത്തില്‍ നഷ്ടമായെങ്കിലും പ്രജ്ഞാനന്ദയ്ക്കുമുന്നില്‍ വേണ്ടത്ര സമയമുണ്ട്. തലയുയയര്‍ത്തിയാണ് രമേഷ്ബാബു പ്രജ്ഞാനന്ദ എന്ന 18കാരന് മടങ്ങുന്നത്. ലോകകപ്പില്‍ കാണിച്ച പോരാട്ടവീര്യത്തിന്റേയും വെട്ടിപ്പിടിച്ച വിജയങ്ങളുടേയും മുന്നില്‍ കാലിടറി വീണത് ലോക ചെസ്സിലെ സൂപ്പര്‍ താരങ്ങളാണ്.
ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച പ്രജ്ഞാനന്ദ രണ്ടാം റൗണ്ടില്‍ ഫ്രാന്‍സിന്റെ മാക്സിമെ ലഗാര്‍ഡെയെയും മൂന്നാം റൗണ്ടില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ഡേവിഡ് നവാരയെയും നാലാം റൗണ്ടില്‍ ലോക റാങ്കിങ്ങില്‍ രണ്ടാമതുള്ള അമേരിക്കയുടെ ഹികാരു നകാമുറയെയും തോല്‍പ്പിച്ചു. അഞ്ചാം റൗണ്ടില്‍ ഹംഗേറിയന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഫെറങ്ക് ബര്‍കെസിനെയും കീഴടക്കി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ടൈബ്രേക്കറിലൂടെ ഇന്ത്യന്‍ താരം അര്ജുന് എരിഗാസിയെയും സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയേയും മറികടന്നു. സെമി പോരാട്ടവും ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ആദ്യ രണ്ട് ഗെയിമും സമനിലയില്‍ പിരിഞ്ഞതോടെ കളി ടൈബ്രേക്കറിലേക്ക്. ടൈബ്രേക്കറിലെ ആദ്യ രണ്ട് ഗെയിമും സമനിലയില്‍ പിരിഞ്ഞെങ്കിലും മൂന്നാം ഗെയിമില്‍ പ്രജ്ഞ നിര്‍ണായക വിജയം സ്വന്തമാക്കി. നാലാം ഗെയിം സമനിലയില്‍ കലാശിച്ചതോടെ വിശ്വനാഥന് ആനന്ദിനുശേഷം ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ താരം ചെസ് ലോകകപ്പിന്റെ ഫൈനലിലെത്തി. ഫൈനല്‍ പ്രവേശനത്തോടെ, അടുത്ത ലോകചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ലോകചാമ്പ്യന് ലിങ് ഡിറന്റെ എതിരാളിയെ നിശ്ചയിക്കുന്ന കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍ കളിക്കാനുള്ള യോഗ്യതയും പ്രജ്ഞാനന്ദ സ്വന്തമാക്കി.
ലോകകപ്പില്‍ മലയാളി ഗ്രാന്‍ഡ്മാസ്റ്റര്‍മാരായ നിഹാല്‍ സരിന്, എസ്.എല്‍. നാരായണന് ഉള്‍പ്പെടെ പത്ത് ഇന്ത്യന്‍ താരങ്ങളാണ് മത്സരിക്കാനിറങ്ങിയത്. ഇതില്‍ നാല് പേര് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു എന്നതും ഇന്ത്യന്‍ ചെസിന്റെ കുതിപ്പിനെ വ്യക്തമാക്കുന്നു. വരുംനാളുകളില്‍ ലോക ചെസ്സില്‍ ഇന്ത്യന്‍ താരങ്ങള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ ലോകകപ്പ് അതിന് അടിവരയിട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. വനിതാ ഗ്രാന്‍ഡ്മാസ്റ്ററായ സഹോദരി വൈശാലിക്കൊപ്പം ചെസ്സിന്റെ ബാലപാഠങ്ങള്‍ പഠിച്ച പ്രജ്ഞാനന്ദയുടെ വളര്‍ച്ച അത്ഭുതാവഹമായിരുന്നു. പത്താം വയസ്സില്‍ ഇന്റര്‍നാഷണല്‍ മാസ്റ്ററും 12-ാം വയസ്സില്‍ ഗ്രാന്‍ഡ് മാസ്റ്ററുമായി. രാജ്യത്തെ പ്രായം കുറഞ്ഞ ഇന്റര്‍നാഷണല്‍ മാസ്റ്ററെന്ന റെക്കോഡ് ഇപ്പോഴും പ്രജ്ഞാനാനന്ദയുടെ പേരിലാണ്. പതിനാറാം വയസ്സില്‍ കാള്‍സനെ തോല്‍പ്പിച്ച് ചെസ് ലോകത്തെ അമ്പരപ്പിച്ചു. ബുദ്ധിയും ഏകാഗ്രതയും സമന്വയിപ്പിച്ച് കളിക്കേണ്ട ചെസ്സില്‍ മൂന്ന് തവണ പ്രജ്ഞയ്ക്ക് മുന്നില്‍ കാള്സണ് അടിയറവു പറഞ്ഞിട്ടുണ്ട്. എതിരാളികളുടെ നീക്കങ്ങള്‍ മുന്കൂട്ടിക്കാണാനും അതിനനുസരിച്ച് നീക്കള് മെനയാനുമുള്ള കഴിവ് പ്രജ്ഞയെ മറ്റുള്ളവരില്‍ നിന്ന് കുറച്ചെങ്കിലും വേറിട്ടുനിര്‍ത്തുന്നുണ്ട്. ഈ ലോകകപ്പില്‍ തന്നെ ആ കഴിവ് പലതവണ കാണുകയും ചെയ്തു.
രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ പ്രജ്ഞാനന്ദയുടെ കുതിപ്പിന് പിന്നില്‍ അസംഖ്യം മനുഷ്യരുണ്ട്. പോളിയോ തളര്‍ത്തിയ പിതാവ് രമേഷ് ബാബുവിന്റെയും ജയത്തിലും തോല്‍വിയിലും മകനെ ചേര്‍ത്തുപിടിച്ച് എല്ലാ മത്സരവേദിയിലും അനുഗമിച്ചുകൊണ്ടിരിക്കുന്ന അമ്മ നാഗലക്ഷ്മിയുടെയും പിന്തുണ എടുത്തുപറയാം. ലോകകപ്പിലെ മിന്നുന്ന പ്രകടനം പ്രജ്ഞാനന്ദയ്ക്കും ഇന്ത്യക്കും ലോകചെസ്സില്‍ വരാനിരിക്കുന്ന സുവര്‍ണകാലത്തേയ്ക്കു വിരല്‍ ചൂണ്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: