ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തില്‍ ബിജെപി നേതൃത്വം നല്കിയ ഭരണസമിതിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ട്. പ്രസിഡന്റ് എസ്. സുധീപയ്ക്കും വൈസ് പ്രസിഡന്റ് എസ്. സത്യപാലനും എതിരെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പ്രതീഷ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ ഇടതുപക്ഷം ഒറ്റക്കെട്ടായി പിന്തുണയ്ക്കുകയായിരുന്നു.
രാവിലെ പത്തുമണിയോടെ പ്രസിഡന്റിനും ഉച്ചയ്ക്കു ശേഷം വൈസ് പ്രസിഡന്റിനും എതിരെ നടന്ന അവിശ്വാസ പ്രമേയത്തില്‍ കോണ്‍ഗ്രസിന്റെ എട്ട് അംഗങ്ങള്‍ക്കൊപ്പം ഇടതു പക്ഷത്തെ ആറ് അംഗങ്ങളും പിന്തുണച്ചു. ഇതോടെ അവിശ്വാസം പാസാകുകയായിരുന്നു.
ഒന്‍പത് അംഗങ്ങള്‍ ഉള്ള ബിജെപി വ്യക്തമായ രാഷ്ട്രീയ നിലപാടുകളോടെ അവിശ്വാസ പ്രമേയത്തെ നേരിട്ടപ്പോള്‍, പ്രമേയത്തിന്മേലുള്ള ചര്‍ച്ചകളില്‍ ഒരേ സ്വരത്തിലായിരുന്നു എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍. ആറ് അംഗങ്ങള്‍ ഉള്ള എല്‍ഡിഎഫില്‍ സിപി
എമ്മിനും സിപിഐക്കും മൂന്ന്് അംഗങ്ങള്‍ വീതമാണുള്ളത്. 23 അംഗങ്ങളുള്ള പഞ്ചായത്തില്‍ ഒന്‍പത് സീറ്റുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. യുഡിഎഫിന് എട്ടും എല്‍ഡിഎഫിന് ആറും സീറ്റുകളാണുള്ളത്.
കല്ലുവാതുക്കലിനു സമീപ പഞ്ചായത്തായ ചിറക്കരയില്‍ നേരിട്ട തിരിച്ചടി മറന്നായിരുന്നു കോണ്‍ഗ്രസുമായി സിപിഎം കൈകോര്‍ത്തത്. ചിറക്കര പഞ്ചായത്തില്‍ എല്‍ഡിഎഫിലെ ധാരണപ്രകാരമുള്ള ഭരണ കൈമാറ്റം കോണ്‍ഗ്രസ് അട്ടിമറിച്ചിരുന്നു. രണ്ട് സിപിഎം മെമ്പര്‍മാരെ കൂറുമാറ്റിയാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തത്.
ഐഎന്‍ഡിഐഎ കേരളത്തിലും: ബിജെപി
കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്തില്‍ രണ്ടര വര്‍ഷമായി തുടരുന്ന ബിജെപി ഭരണത്തെ അട്ടിമറിക്കാന്‍ ഐഎന്‍ഡിഐഎ കേരളത്തിലും രൂപപ്പെട്ടതായി ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ പറഞ്ഞു. ഐഎന്‍ഡിഐഎ നിലവില്‍ വന്നതിന്റെ ആദ്യ സൂചനയാണ് കല്ലുവാതുക്കലിലേത്.
കല്ലുവാതുക്കല്‍ പഞ്ചായത്ത് രൂപീകൃതമായതിന് ശേഷം ഇത്രയധികം വികസന പ്രവര്‍ത്തനങ്ങള്‍ നടന്ന ഒരു കാലഘട്ടമുണ്ടായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ ബിജെപി നടപ്പാക്കി വരികയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യമേഖലയിലേയും ശുചിത്വ മേഖലയിലേയും പ്രവര്‍ത്തനങ്ങള്‍ക്കേര്‍പ്പെടുത്തിയ മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഈ കാലയളവില്‍ കല്ലുവാതുക്കലിന് ലഭിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പഞ്ചായത്തിലെ വികസന പദ്ധതികളെ മുടക്കാനും ഇടതും വലതും ഒരുമിച്ചായിരുന്നു. യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ ഇടത് മുന്നണി പിന്തുണച്ചത് അധികാരം നേടാനുള്ള കപട രാഷ്ട്രീയമാണെന്ന് ജനങ്ങള്‍ തിരിച്ചറിയും. പുതുപ്പള്ളിയില്‍ പരസ്പരം മത്സരിക്കുന്നവര്‍ പൊതുജനത്തെ വിഡ്ഡികളാക്കുകയാണന്നാണ് കല്ലുവാതുക്കല്‍ തെളിയിക്കുന്നത്. ഇവരുടെ രാഷ്ട്രീയ നാടകം ജനങ്ങളെ ബോധ്യപ്പെടുത്തുവാനുള്ള പ്രചരണ പരിപാടികള്‍ക്ക് ബിജെപി തുടക്കം കുറിക്കുമെന്നും ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: