ശ്രീഹരിക്കോട്ട: വെല്‍കം ബഡ്ഡീ… ചന്ദ്രോപരിതലത്തിലിറങ്ങാന്‍ അനുയോജ്യ സമയം കാത്തിരിക്കുന്ന ലാന്‍ഡര്‍ മൊഡ്യൂളിന് ഔദ്യോഗിക വരവേല്‍പ്പു നല്കി ഓര്‍ബിറ്റര്‍. രാഷ്ട്രത്തിന്റെ ചാന്ദ്ര പര്യവേക്ഷണത്തില്‍ നിര്‍ണായക വഴിത്തിരിവാണ് ഈ രണ്ടു ദൗത്യങ്ങള്ക്കുമിടയിലെ ആശയ വിനിമയമെന്ന് ശാസ്ത്ര ലോകം അഭിപ്രായപ്പെടുന്നു. ചന്ദ്രയാന്‍ 2ന്റെ ഓര്‍ബിറ്ററും 3ന്റെ ലാന്‍ഡര്‍ മൊഡ്യൂളും തമ്മില്‍ വിനിമയം സ്ഥാപിക്കാനായതായി ഐഎസ്ആര്‍ഒ എക്സിലൂടെ അറിയിച്ചു.
ആശയ വിനിമയം സ്ഥാപിച്ചതിനു പിന്നാലെ വിക്രം ലാന്‍ഡറിന് ചന്ദ്രയാന്‍ 2ന്റെ ഓര്‍ബിറ്ററില്‍ നിന്ന് സന്ദേശമെത്തി. വെല്‍കം ബഡ്ഡീ… എന്നു വിശേഷിപ്പിച്ചാണ് ഓര്‍ബിറ്റര്‍-ലാന്‍ഡര്‍ വിനിമയം സ്ഥാപിച്ചത് ഐഎസ്ആര്‍ഒ എക്സില്‍ പങ്കുവച്ചത്. ഇനി മുതല്‍ ലാന്‍ഡര്‍ അയയ്ക്കുന്ന സന്ദേശങ്ങളും നിരീക്ഷണ ഫലങ്ങളും ഓര്ബിറ്ററിലൂടെയാകും ഇവിടത്തെ കണ്ട്രോള് സെന്ററിലെത്തുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചന്ദ്രയാന്‍ 2ലെ ഓര്‍ബിറ്റര്‍ മൂന്നാം ദൗത്യത്തിലും വിജയകരമായി ഉപയോഗിക്കാനാകുന്നത് വലിയ നേട്ടമെന്നാണ് വിലയിരുത്തല്‍. ലാന്‍ഡര്‍ മൊഡ്യൂള്‍ പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഗര്‍ത്തങ്ങളും മറ്റും ചിത്രങ്ങളില്‍ വ്യക്തം. ആഗസ്ത് 19ന് എടുത്തതാണിവ. ലാന്‍ഡറിലുള്ള എല്എച്ച്ഡിഎസിയാണ് (ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റക്ഷന്‍ ആന്‍ഡ് അവോയിഡന്‍സ് ക്യാമറ) അവ പകര്‍ത്തിയത്. സുരക്ഷിത ലാന്‍ഡിങ് സാധ്യമാക്കുന്നതാണ് എല്‍എച്ച്ഡിഎസി. നാളെ വൈകിട്ട് 6.04ന് ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്നാണ് ഐഎസ്ആര്‍ഒയുടെ അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: