തിരുവനന്തപുരം: തമിഴ്നാട്ടിലെ മുണ്ടന്‍ തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടുകൊമ്പന് അരിക്കൊമ്പന് വേണ്ടി നഗരത്തിലെ പ്രശസ്തമായ പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ പ്രത്യേക പൂജയും വഴിപാടുകളും നടത്തി. വിനായക ചതുര്‍ത്ഥി ദിനത്തില്‍ അരിക്കൊമ്പന് ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പൂജ നടത്തിയത്.
ആനയുടെ ആയുസിനും ആരോഗ്യത്തിനും വേണ്ടിയായിരുന്നു വഴിപാട്.അരിക്കൊമ്പന് കൂട്ടായ്മയുടെ നേതൃത്വത്തില്‍ അരിക്കൊമ്പന്റെ ആയുരാരോഗ്യത്തിനും നീതിയ്ക്കുമായി പഴവങ്ങാടി ഗണപതിയുടെ സന്നിധിയില്‍ കൂട്ടപ്രാര്‍ത്ഥനയും നാളികേരം ഉടയ്ക്കലും എന്നെഴുതിയ ഫ്ലക്സുമായാണ് അരിക്കൊമ്പന് ഫാന്‍സ് ക്ഷേത്രത്തില്‍ വന്നത്.
പ്രാര്‍ത്ഥനയിലും പ്രതിഷേധത്തിലും വാവ സുരേഷ് ഉള്‍പ്പെടെയുളളവര്‍ പങ്കെടുത്തു.അരിക്കൊമ്പന് ജീവിക്കണമെന്നും അതിനെ സംരക്ഷിക്കണമെന്നും വാവ സുരേഷ് ആവശ്യപ്പെട്ടു. അരിക്കൊമ്പന് ആനക്കൂട്ടത്തിലുണ്ടെന്ന് പറഞ്ഞ് പുറത്തു വരുന്ന ചിത്രങ്ങള്‍ വ്യാജമാണ്. അരിക്കൊമ്പനെ ചിന്നക്കനാലിലേയ്ക്ക് തിരിച്ചെത്തിക്കാന്‍ സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തനങ്ങളാരംഭിക്കുമെന്നും വാവ സുരേഷ് അറിയിച്ചു. ആനയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കണമെന്നും അരിക്കൊമ്പന് ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ പറഞ്ഞു.
അരിക്കൊമ്പനെ ചിന്നക്കനാലിലേയ്ക്ക് മടക്കിയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: