ശ്രാവണമാസത്തിലെ (ചിങ്ങം) തിരുവോണ മഹോത്സത്തിന് ആരംഭംകുറിച്ചുകൊണ്ടുള്ള പൂക്കളമിടല്‍ തുടങ്ങുന്നത് അത്തം നാളിലാണ്. അതിനാല്‍ അത്തപ്പൂക്കളമെന്ന് അറിയപ്പെട്ടു.
അത്തം തുടങ്ങിയാല്‍ പത്തുനാളേക്ക് ഓണാഘോഷമായി. മാനം തെളിഞ്ഞും മനസ് നിറഞ്ഞും നില്‍ക്കണമേ എന്നതാണ് പ്രാര്‍ത്ഥന. തിരുവോണനാളില്‍ തൃക്കാക്കരയപ്പനെ വരവേല്‍ക്കാന്‍ അത്തം നാള്‍ മുതല്‍ കന്യകമാര്‍ മുറ്റത്ത് പൂത്തറയുണ്ടാക്കി വായ്‌ക്കുരവയോടെ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് പൂവിടല്‍ ആരംഭിക്കുന്നു. അത്തപ്പൂക്കളത്തിന് കലാപരമായ ഭംഗിയും ഇശ്വരാരാധനയുടെ ഭക്തിയും വിശ്വാസത്തിന്റെ മൂല്യവുമുണ്ട്.
വ്യത്യസ്തമായ പൂക്കളിലൂടെ ഓരോ ദിവസവും പൂക്കളം ഏറെ മോടിയാക്കുന്നു. ഭക്തിയുടെ നിറവില്‍ അത്തപ്പൂവിടലിന്റെ ഓരോ ദിവസവും യഥാക്രമം ഗണപതി, ശിവഭക്തി, ശിവന്‍, ബ്രഹ്മാവ്, പഞ്ചപ്രാണങ്ങള്‍, ശ്രീമുരുകന്‍, ഗുരുക്കള്‍, ദിക്പാലകര്‍, ഇന്ദ്രന്‍, വിഷ്ണു തുടങ്ങിയ സങ്കല്‍പ്പങ്ങളുമുണ്ട്. പത്താം നാള്‍ തൃക്കാക്കരയപ്പനെ പൂജിക്കുമ്പോള്‍ ആര്‍പ്പുവിളികളും വായ്‌ക്കുരവയും പതിവാണ്. അട നിവേദിക്കുകയും നിവേദ്യ അട അമ്പും വില്ലുമായി വന്ന് എയ്യുക എന്ന ചടങ്ങും പല ദിക്കുകളിലും ഇന്നും നിലവിലുണ്ട്.
തൃക്കാക്കരയപ്പന്റെ മുന്നിലെ പൂക്കളമൊരുക്കലാണ് പൂക്കളമിടലിന്റെ മുഖ്യചടങ്ങ്. തൃക്കാക്കരയപ്പന്‍ വാമനമൂര്‍ത്തിയാണ്. ഭഗവാന്റെ തിരു അവതാര ദിനമായ തിരുവോണ നാളില്‍ ഭഗവാനെ പൂജിക്കുന്ന ചടങ്ങ് തൃക്കാക്കരയെന്നപോലെ നാട്ടിലെ ഭവനങ്ങളിലും ആരംഭിച്ചതോടെ ആഘോഷം ദേശീയമായി. 56 കരകളുടെ ദേശാധിപത്യമുള്ള ഭഗവാന് കര്‍ക്കടക മാസത്തിലെ തിരുവോണനാള്‍ മുതല്‍ ഈരണ്ടു ദേശക്കാര്‍ വീതം 28 ദിവസം ആഘോഷങ്ങള്‍ നടത്തിയിരുന്നതായാണ് ചരിത്രകാരന്‍മാരുടെ വിവരണം. കൊല്ലവര്‍ഷാരംഭകാലത്ത് തൃക്കാക്കരയുടെ സ്ഥലനാമം കാല്‍ക്കരൈ എന്നതായിരുന്നെന്നും കാല്‍ക്കരൈ നാട്ടുരാജക്കന്മാരുടെ ആധിപത്യം പെരുമാള്‍ രാജകുടുംബത്തിനായിരുന്നെന്നും അവരുടെ നേതൃത്വത്തില്‍ ഓണാഘോഷം വിപുലമായി നടന്നിരുന്നതായുമാണ് ചരിത്രം. തൃക്കാല്‍ക്കര കാലന്തരത്തില്‍ തൃക്കാക്കരയായി.
ചിങ്ങമാസത്തിലെ അത്തം നാള്‍ ആഘോഷം നടത്തിയിരുന്നത് കൊച്ചി പെരുമ്പടപ്പ് സ്വരൂപവും സാമൂതിരിയുടെ നെടിയിരിപ്പ് സ്വരൂപവും ഒന്നിച്ചായിരുന്നതിനാല്‍ അത്തം നാളിലെ ആഘോഷം ഏറെ പെരുമയാര്‍ജ്ജിച്ചു. രാജഭരണം ജനായത്ത ഭരണമായി മാറിയതോടെ അത്തം ദിനത്തിലെ ആഘോഷം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ദേശീയോത്സവത്തിന്റെ പരിവേഷം കൂടിയായതോടെ എല്ലാ മതസ്ഥരും ഈ ആഘോഷത്തിന്റെ ഭാഗമായി.
ആഘോഷം ദേശീയമായതോടെ ആചരണത്തിനും മാറ്റം സംഭവിച്ചു. ആഘോഷങ്ങളില്‍ വാമനനെ മറന്നു. മഹാബലിക്കായി പ്രാധാന്യം. ലോകത്ത് മറ്റൊരു ഭക്തനും ലഭിക്കാത്ത അനുഗ്രഹമാണ് വാമനന്‍ മഹാബലിക്ക് നല്‍കിയത്, മരണമില്ലാത്ത ചിരഞ്ജീവിപ്പട്ടം. അടുത്ത മന്വന്തരത്തിലെ ഇന്ദ്രപദവി, പതിനാല് ലോകങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ സുതലത്തില്‍ ബന്ധുമിത്രാദികളോടെയുള്ള വാസം. സുരക്ഷയാകട്ടെ ഭഗവാന്‍ തന്നെ. ഇപ്രകാരം അനുഗ്രഹിച്ച വാമനന്‍ മഹാബലിയെ ചതിച്ച് പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തിയതായി കഥയും പ്രചരിച്ചു. കൊല്ലവര്‍ഷം 9-ാം ശതകത്തില്‍ പ്രചരിച്ച ഓണപ്പാട്ട് (മഹാബലി ചരിതം) മാവേലി നാടുവാണീടുംകാലം എന്ന നാടോടിപ്പാട്ടിന് ചരിത്രത്തിന്റെയോ പുരാണത്തിന്റെയോ പിന്‍ബലമില്ല.
ഭാഗവതം 8-ാം സ്‌കന്ദത്തില്‍ 15 മുതല്‍ 23 വരെയുള്ള അധ്യായങ്ങളില്‍ വാമാനാവതാര കഥ വിശദീകരിക്കുന്നു. വാമനന്‍ കപടവേഷധാരിയായ മഹാവിഷ്ണുവാണെന്ന് ശുക്രാചാര്യരില്‍ നിന്ന് മഹാബലി അറിഞ്ഞിരുന്നു. തന്റെ വാക്കിനു മാറ്റം വരുത്തുകയില്ലെന്നും, അതിനാല്‍ ഉണ്ടാകുന്ന കീര്‍ത്തിക്ഷയം, സ്ഥാനഭ്രംശം, പാശബന്ധനം, ധനനാശം ഇവയൊക്കെയും, സംപൂജ്യരായവരില്‍നിന്നുള്ള ദണ്ഡനവും ശ്ലാഘ്യമായാണ് താന്‍ കരുതുന്നതെന്നുമാണ് ബലി പറഞ്ഞത്. ”ഞാന്‍ ആരെ അനുഗ്രഹിക്കാനാഗ്രഹിക്കുന്നുവോ അവരുടെ നശ്വരമായതിനെ എടുത്ത് അനശ്വരമായതിനെ നല്‍കുന്നുവെന്ന ഭഗവാന്റെ പ്രസ്താവനയുമുണ്ട്. എന്നിട്ടും വാമനന്‍ ചതിയനായി. ബലിയോ! ബലിഷ്ഠകായനായ ചക്രവര്‍ത്തി കുടവയറനും കൊമ്പന്‍ മീശക്കാരനുമായി ചിത്രങ്ങളില്‍ കോമാളിഭാവവുമായി കാണപ്പെടുന്നു. കിരീടവും സ്വര്‍ണാഭരണങ്ങളും പട്ട് വസ്ത്രങ്ങളും സ്വര്‍ണ പാദുകവും ധരിച്ച മഹാബലിക്ക് ഓലക്കുടയെന്നതും കാലദോഷത്തിന്റെ പരിണാമം.
(ക്ഷേത്ര ശക്തിയുടെ മുന്‍ എഡിറ്ററാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: