മണര്‍കാട് (കോട്ടയം): വിലക്കയറ്റത്തില്‍ വലയുന്ന സംസ്ഥാനത്തെ കാത്തിരിക്കുന്നത് വറുതിയുടെ ഓണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമാണ്. ജനങ്ങള്‍ക്ക് ജീവിക്കാന്‍ നിവൃത്തിയില്ല. അരിക്കും പച്ചക്കറിക്കും ഉള്‍പ്പെടെ എല്ലാ സാധനങ്ങള്‍ക്കും വിലവര്‍ധിച്ചു. എന്നിട്ടും വിലക്കയറ്റമില്ലെന്നു പറയുന്ന മുഖ്യമന്ത്രി സപ്ലൈകോയുടെ വിലനിലവാരം പരിശോധിക്കുന്നത് നല്ലതായിരിക്കും. ക്ഷേമ കേരളം ഓര്‍മ്മയായി. അനാവശ്യമായ ചെലവും ധൂര്‍ത്തുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം.
ഇത് വരുത്തി വച്ച വിനയാണ്. തട്ടിപ്പും വെട്ടിപ്പും നടത്തുന്ന ഭരണ സംവിധാനമാണ് കേരളത്തിലുള്ളത്. ഇത്രയേറെ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. എല്‍ഡിഎഫും യുഡിഎഫും അഴിമതിയുടെ ചെളിക്കുഴിയിലാണ്.
പുതുപ്പള്ളിയുടെ വികസന മുരടിപ്പിന് കാരണം ഇടത് വലത് മുന്നണികളാണ്. എന്‍ഡിഎ പുതുപ്പള്ളിയില്‍ മുന്നോട്ട് വയ്ക്കുന്നത് ആദര്‍ശ രാഷ്ട്രീയമാണ്. കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ സഹായങ്ങള്‍ നല്‍കുന്നത് മോദി സര്‍ക്കാരാണ്. എന്നിട്ടും എല്ലാത്തിനും കേന്ദ്രത്തെ പഴിക്കുന്നു. സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ലെന്നും കുമ്മനം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജി. രാമന് നായര്‍, പി.കെ. രവീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: