ഉദ്ദാലകോപാഖ്യാനം
വസിഷ്ഠമഹര്‍ഷി പറഞ്ഞു, ”ഹേ രാമചന്ദ്രാ! നീ കേള്‍ക്കുക, വളരെപ്പരന്ന് അല്പംപോലും ജയിക്കപ്പെടാത്തതായി, സമമില്ലാത്തതായി, വലിയമോഹമേകുന്ന ഈ മായ പരമാത്മാവില്‍ സ്ഥിതചെയ്തീടുന്നു. രാമ! ഞാന്‍ അതുകൊണ്ടു പറയുന്നു, സമതയില്ലാത്ത (വിഷമമായ) ഈ മായ മനസ്സ് അടങ്ങീടാത്ത പുരുഷനെ മഹാസങ്കടക്കടലില് നല്ലവണ്ണം മുക്കിക്കുഴക്കുമെന്ന് നീ ധരിക്കുക, ഇതില്‍ സന്ദേഹമില്ല. ചിത്തത്തെ നന്നായി പിടിച്ചടക്കുക എന്നുള്ള അത്യന്തം ഉല്‍ക്കൃഷ്ടമായുള്ള ഔഷധമൊന്നല്ലാതെ, ഘോരസംസാരമാകുന്ന മഹാരോഗത്തെ ശമിപ്പിക്കാന്‍ വേറെ യാതൊന്നുമില്ല. രാഘവ! ധരിക്ക, വര്ണാശ്രമക്രമവശാല്വരുന്ന വര്‍ത്തമാനമാകുന്ന കാര്യം മാത്രം ബാഹ്യബുദ്ധ്യാ താന്‍ ക്ഷണമോര്ത്തും, എപ്പോഴും കഴിഞ്ഞതും, മേലില്‍ വന്നീടുന്നതും ഏതും നിരൂപിച്ചീടാതെയും വര്‍ത്തിക്കുന്ന ചേതസ്സ് നന്നായി നിര്വികല്പമായീടുന്നു. സങ്കല്പം, ആശ, കീഴില്‍ കഴിഞ്ഞിട്ടുള്ളത് ഇവ ഉള്ളിലോര്ക്കുക, എന്നതൊക്കെയും നീ പ്രതിക്ഷണം വെടിഞ്ഞീടുന്നതാകില് സംശയമെന്നിയെ പാവനമായ അചിത്തത്വം കൈവന്നുവെന്ന് പറയാം.
ചിത്തം കൂടാതെയുള്ള ചേതനത്തെ പ്രത്യക്ചേതനമെന്നു പറയുന്നു. പ്രത്യക്ചേതനത്തിങ്കല് മനസ്സിലില്ലാത്തതായ സ്വഭാവത്വം കാരണമായിട്ട് അവിദ്യാകൃതമായ മലം ഇല്ല. ഏതവസ്ഥയില്‍ ചേതസ്സില്ലാതെയായീടുന്നു ആ അവസ്ഥ സത്യതയായീടുന്നുവെന്നതില് വാദമില്ല. പാരമാത്മികയാകുന്ന അവസ്ഥ അതുതന്നെ സാരജ്ഞ! ശിവദയായീടുന്നതും ആയതല്ലോ. സര്വ്വജ്ഞയാകുന്നത് ആയതുതാനെന്നതിലും സംശയമില്ല. നല്ലോരു തൃപ്തിയായീടുന്നതും അതുതന്നെ. ഉദ്യമസഹിതങ്ങളായ നിശ്ചയങ്ങളാല്‍ ചിത്തത്തെ അവിവേകങ്ങളില്നിന്നെടുത്ത് അദ്ധ്യാത്മശാസ്ത്രത്തിലും സജ്ജനാചാരത്തിലും സത്വരം നല്ല ബലാല്ക്കാരേണ ചേര്‍ത്തീടണം. പറഞ്ഞീടുക, തള്ളിക്കളഞ്ഞീടുക, അംഗീകരിച്ചീടുക, കണ്ണു ചീമ്പുക, തുറക്കുക എന്നിവ ചെയ്തീടിലും മനനംകൂടാതെകണ്ട് എപ്പോഴും സംവിന്മാത്രപരനായി (സംവിത്=അറിവ്) നീ ഭവിക്കുക. ആശാരൂപങ്ങളായീടുന്ന പാശങ്ങളെ പെട്ടെന്ന് നന്നായി മുറിച്ച് ദൃശ്യമാകുന്ന മലം നീക്കി ചിത്തതാരിങ്കലുള്ള കല്മഷം കളഞ്ഞു, സത്ബുദ്ധേ! നീ സ്വസംവിത്തിമയനായി ഭവിച്ചാലും. നീ ഉടനെ ശുഭാശുഭസങ്കേതഹീനനായും ആശയാകുന്ന വിഷൂചികാരോഗമറ്റവനായും രാഗദ്വേഷങ്ങള്‍ അല്പം
പോലുമില്ലാത്തവനായും രാഘവ! സംവിത്സാരപരനായി ഭവിച്ചാലും. ഇതു ഞാനാണ്, മറ്റേതവനാണ് ഇങ്ങനെ ലോകസ്ഥിതിയിലുണ്ടാകുന്ന ഭേദഭാവനനീക്കി, സ്ഥിരനായി ആത്മാവിനെ അവലംബിച്ചുകൊണ്ട് യജ്ഞസ്തംഭമെന്നതുപോലെ മരുവീടുക. ശുദ്ധയായി, നിരാശയായീടും സ്വസംവിത്തിയില് സംസ്ഥിതി ഭവിച്ചുകൊണ്ടീടുന്നത് എന്നാകുന്നുവോ, സംസാരഭ്രമത്തിനു കാരണമായ മോഹം അന്നു ക്ഷയിച്ചീടുമെന്നതില് സംശയമില്ല. സുമതേ! സ്വഭാവത്തെ കണ്ടീടുന്നവനായും അമിതാനന്ദമയസംസ്ഥിതനായുമുള്ള പുരുഷന് നല്ല അമൃതംപോലും വിഷംപോലെ പ്രതികൂലമായിത്തീര്ന്നീടുന്നു. ചിത്തം ഏറ്റവും തടിച്ചീടുന്ന കാലത്ത് ആത്മജ്ഞാനത എത്രയോ ദൂരത്തില്‍ പോയീടുന്നു. മഹാമേഘങ്ങള്‍ ചുറ്റും ഉയര്‍ന്നുവരുമ്പോള്‍ ഭൂമിയില്‍ അഴകുള്ള ചന്ദ്രികയെന്നപോലെ ആത്മാവല്ലാത്തതിങ്കല് ആത്മഭാവനമൂലം ആത്മാവില്‍ ശരീരമാത്രം ആസ്ഥയുണ്ടാകകൊണ്ടും പുത്രദാരാദികളാകുന്ന കുടുംബങ്ങളെക്കൊണ്ടും ചിത്തം ഏറ്റവും തടിച്ചീടുന്നുവെന്നു നീ ധരിക്കുക. രഘുപതേ! അഹങ്കാരവിഹാരമായി എന്റെ വകയായിട്ടുള്ളതാണ് ഇക്കാണുന്നതെല്ലാമെന്ന ഭാവത്താല്‍ പ്രവൃത്തയാകുന്ന മമതാരൂപമായ മലത്തില്‍ ഹേല(വിനോദം, ആനന്ദം)യാലെ ചേതസ്സേറ്റം തടിച്ചുകൊണ്ടീടുന്നുവെന്ന് നന്നായി ധരിക്കുക. ആധിവ്യാധികളേറെയുണ്ടാകുന്നതുകൊണ്ടും സംസൃതി നന്നെന്നുള്ള വിശ്വാസംകൊണ്ടും കൊള്ളുക, കളയുക എന്നീ ഭേദബുദ്ധിയുള്ളതുകൊണ്ടും ചേസ്സേറ്റവും തടിക്കുന്നു. മുമ്പില്‍ നന്നെന്നു തോന്നുന്ന സുന്ദരീജനം, രത്നം എന്നിവ കൈയില്വരുന്നതുകൊണ്ടും തല്സ്നേഹംകൊണ്ടും അത്യര്‍ത്ഥം അര്ത്ഥലോഭമുണ്ടാകുന്നതുകൊണ്ടും മഹാമതേ! മാനസം വര്ദ്ധിച്ചുവന്നീടുന്നു. വര്‍ദ്ധിച്ച ദുരാശയാകുന്ന പാല് സേവിക്കകൊണ്ടും സൈ്വരസഞ്ചാരംകൊണ്ടും ഭോഗവായുവിനാലും മാനസമാകുന്ന പെരുമ്പാമ്പ് നന്നായി തടിക്കുന്നുവെന്ന് നീ ധരിക്കുക.
‘പ്രശസ്തനായ ഉദ്ദാലകമുനിയെപ്പോലെ വല്ലാത്ത പഞ്ചഭൂതങ്ങളെ നാശമാക്കി ആകുലമായീടുന്ന ബുദ്ധിയോടെ രാഘവ! നീ മനക്കാമ്പില് വിചാരിച്ചുകൊള്ളുക.’ ഇങ്ങനെ മഹാമുനി പറഞ്ഞനേരം ബുദ്ധിമാനായ ശ്രീരാഘവന്‍ ഇപ്രകാരം ചോദിച്ചു, ‘ഏതൊരുവിധത്തില്‍ ഉദ്ദാലകമാമുനി ഭൂതപ്രപഞ്ചം നശിപ്പിച്ച് മനസ്സില്‍ നന്നായി വിചാരിച്ചു, എന്നതുകേട്ടീടുന്നതിന് ആശയുണ്ട് ഗുരോ!’ രാമനോട് മോദമാര്ന്ന് അപ്പോള്‍ മാമുനി പറഞ്ഞു, ‘ഉദ്ദാലകന്റെ കഥ ഞാന്‍ പറയാം, ശ്രദ്ധകൈക്കൊണ്ട് നീ കേള്‍ക്കുക. ഭൂമിയില്‍ പ്രശസ്തമായ ഗന്ധമാദന പര്‍വതത്തിന്റെ താഴ്വരയില് മഹാനായ താപസ്സനാകുന്ന ഉദ്ദാലകമുനി വാണിരുന്നു. അല്പജ്ഞനായി, വിചാരവാനായി, മുമ്പുണ്ടായിരുന്ന ആ തപോനിധി പിന്നീട് തപസ്സേറെ നല്ലതായി ശാസ്താര്ത്ഥങ്ങളെന്നല്ലാ യമനിയമങ്ങള്‍, എന്നിവകളാല്‍ നല്ല വിവേകിയായി ചമഞ്ഞു. ക്രമത്തില്‍ ആ മതിമാന് ഒരുനാള്‍ ഇങ്ങനെ ആലോചിച്ചു, ഏതൊന്നില് വിശ്രമിച്ചുകൊണ്ടിരിക്കുന്നുവോ ഖേദമെന്നുള്ളത് ഒട്ടും ഉണ്ടാവുകയില്ല, അത്യന്തം പ്രധാനമായി പ്രാപ്യമായീടുന്ന അത് ഉള്ത്തടത്തില് ഓര്ത്തുകൊണ്ടീടുകില് എന്താകുന്നു? മനനം വെടിഞ്ഞതായി ചിന്തിക്കില്‍ ഏറ്റവും പാവനമായി വിളങ്ങുന്ന പദത്തിങ്കല്‍ ഞാന്‍ എന്നു പ്രവേശിക്കും? നന്നായി മേഘം മേരുശൃംഗത്തെയന്നതുപോലെ വിശ്രാന്തിയെ പ്രാപിക്കും? ഇക്കാര്യം ശരിയായിച്ചെയ്തു ഞാനിനി, വേഗം അക്കാര്യം വഴിപോലെ ചെയ്യേണ്ടതുണ്ടെന്ന് ഏവം ചാഞ്ചല്യമാര്‍ന്ന ഭോഗബുദ്ധികളെല്ലാം നെഞ്ചകത്തില്‍ ശമം പ്രാപിപ്പത് എന്നാകുന്നു? തിരമാലകള്‍ നല്ലവണ്ണം അടിക്കുന്ന, വല്ലാത്തൊരാശയായീടുന്ന നദിയെ നല്ലോരു ബുദ്ധിയാകുന്ന തോണിയിലേറി ഞാന്‍ അല്ലലെന്നിയെ കടന്നീടുന്നതെന്നാകുന്നു? ഇഷ്ടാനിഷ്ടങ്ങളെ കൈവിട്ടു കൈക്കൊള്‍ക, തള്ളിവിടുക എന്നുള്ളതും ഒട്ടുമില്ലാതെയായി അത്യര്‍ത്ഥം സ്വപ്രകാശപദത്തില് സ്ഥിതനായി ഞാന്‍ സ്വസ്തിയെ പ്രാപിക്കുന്നതെന്നാകുന്നു? സങ്കല്പം അല്പംപോലുമില്ലാതെയായി നിശ്ശങ്കം ഞാന്‍ ഈ മലംചുവട്ടിലെ ഗുഹയിലിരുന്ന് നല്ല നിര്വികല്പമായ സമാധിയാല്‍ കല്ലെന്നപോലെ ഊനമറ്റ നിര്വികല്പസമാധിയില് ഞാനിരിക്കുന്ന കാലം, എന്റെ മൂര്‍ദ്ധാവില്‍ കുരുവിക്കൂട്ടം വന്നൊരു കൂടുകൂട്ടി സരസം വാണീടുന്നതെന്നാകുന്നു?
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: