പത്തനംതിട്ട: സേവാഭാരതി വഴിയൊരുക്കി, തമ്പിച്ചേട്ടന് ഭൂമി നല്കി. 35 കുടുംബങ്ങള്‍ക്കു കയറിക്കിടക്കാന്‍ സീതാരാമപര്‍വത്തില്‍ കിടപ്പാടമൊരുങ്ങുന്നു. പത്തനംതിട്ട സീതത്തോട്ടിലെ 35 ഭൂരഹിത കുടുംബങ്ങള്‍ക്കാണ് സേവാഭാരതിയുടെ ഓണ സമ്മാനം, ഓരോ കുടുംബത്തിനും അഞ്ചു സെന്റ് ഭൂമി വീതം.
വടശ്ശേരിക്കര ആതിരയിലെ കെ.കെ. പ്രസാദ് എന്ന തമ്പിച്ചേട്ടന് സ്വന്തമായി നേടിയ ഭൂമിയാണ് സേവാഭാരതിയുടെ ‘തല ചായ്ക്കാനൊരിടം’ പാര്‍പ്പിട പദ്ധതിയിലൂടെ സൗജന്യമായി കൈമാറിയത്. സീതത്തോട് പഞ്ചായത്തില്‍ മൂന്നുകല്ലിനു സമീപം സീതാരാമപര്വത്താണ് ഭൂമി. 425 അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുത്ത 35 കുടുംബങ്ങള്‍ക്ക് ഉടമസ്ഥാവകാശ രേഖകള്‍ അടക്കമാണ് ഭൂമി നല്‍കിയത്.
നമ്പര്‍ വണ്‍ കേരളമെന്ന് സംസ്ഥാന സര്‍ക്കാര്‍ വായ്ത്താരി മുഴക്കുമ്പോഴും കയറിക്കിടക്കാന്‍ കൂരയോ ഒരു തുണ്ടു ഭൂമിയോ ഇല്ലാത്തവര്‍ സുമനസ്സുകളുടെ നന്മയ്ക്കായി കാത്തിരിക്കുകയാണെന്ന് സീതത്തോട് എസ്എന്‍ഡിപി ഹാളിലെ ഭൂദാനച്ചടങ്ങില് മുഖ്യപ്രഭാഷണം നടത്തിയ കുമ്മനം രാജശേഖരന് ചൂണ്ടിക്കാട്ടി. സഹജീവികളുടെ ദുരിതമറിഞ്ഞ് അവര്‍ക്കായി സമര്‍പ്പിക്കാന്‍ സ്വയം സജ്ജനായ കെ.കെ. പ്രസാദ് മാതൃകയാണെന്ന് കുമ്മനം പറഞ്ഞു.
ദേശീയ സേവാഭാരതി സീതത്തോട് യൂണിറ്റ് പ്രസിഡന്റ് കെ. സജികുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സേവാഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ.ഇ.പി. കൃഷ്ണന് നമ്പൂതിരി ഭൂദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കെ.കെ. പ്രസാദിനെ ചടങ്ങില്‍ ആദരിച്ചു. സേവാഭാരതി ജില്ലാപ്രസിഡന്റ് അഡ്വ.ഡി. അശോക് കുമാര്‍, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് കാര്യവാഹ് ജി. വിനു, വടശ്ശേരിക്കര ഖണ്ഡ് സേവാപ്രമുഖ് സോണിബാബു,സേവാഭാരതി യൂണിറ്റ് സെക്രട്ടറി അമ്പിളി സുശീലന്,ട്രഷറര്‍ ആര്യലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: