ന്യൂദല്‍ഹി: ഇന്ത്യയെ വികസിത രാജ്യമാക്കുന്നതില്‍ പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചായത്തുകള്‍ ജനാധിപത്യത്തിന്റെ നെടുംതൂണുകളാണെന്നും വിവിധ മേഖലകളില്‍ നിര്‍ണായകമായ പരിവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിവുള്ള പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ ദാദ്ര നഗര്‍ ഹവേലിയിലും ദാമന്‍ ദിയുവിലും നടന്ന ക്ഷേത്രീയ പഞ്ചായത്തി രാജ് പരിഷത്തിന്റെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.
2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാന്‍ എല്ലാ ഗ്രാമങ്ങളിലും താലൂക്കുകളിലും ജില്ലകളിലും വികസനം വേണമെന്നും വിവിധ വികസന സംരംഭങ്ങളെ ഒരു ബഹുജന പ്രസ്ഥാനമാക്കാന്‍ ബിജെപിയുടെ ‘ജില്ലാ പഞ്ചായത്ത്’ അംഗങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്നത് ബിജെപിയുടെ കേവലം മുദ്രാവാക്യമല്ലെന്നും ഓരോ നിമിഷവും അതില്‍ ജീവിക്കണമെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനല്ല, 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനാണ് പാര്‍ട്ടി ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് പലമടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്നും വിഭവങ്ങള്‍ ഒരു തടസമല്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ വര്‍ഷവും യോഗം നടത്തി മൂന്ന് പദ്ധതികള്‍ മുന്‍ഗണനയായി ഏറ്റെടുക്കുന്നതിന് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ശ്രമിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. നേരത്തെ 70,000 കോടി രൂപയായിരുന്നു ഗ്രാന്റ.് എന്നാല്‍ ഇപ്പോള്‍ അത് ലക്ഷം കോടി രൂപയിലധികമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സര്‍ക്കാര്‍ 30,000 ജില്ലാ പഞ്ചായത്ത് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബജറ്റിന്റെ ഒരു ഭാഗം ആസ്തി നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നതിന് ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും മോദി പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മ്മിക്കാനും ബാങ്ക് അക്കൗണ്ട് തുറക്കാനും തീരുമാനിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: