പൊന്നിന്‍ചിങ്ങമെന്നാല്‍ മലയാളികള്‍ക്ക് ഐശ്വര്യത്തിന്റെയും കാര്‍ഷികസമൃദ്ധിയുടെയും ആഘോഷത്തിന്റെയും മാവേലിക്കാലം മാത്രമാണിന്ന്. പണ്ട് കേരളത്തില്‍ ചിങ്ങമാസത്തില്‍ പതിവുണ്ടായിരുന്നതും ഇന്ന് ഏറെക്കുറെ അപ്രത്യക്ഷവുമായ ചടങ്ങാണ് കൃഷ്ണപ്പാട്ടുപാരായണം. ചിങ്ങനാളുകളില്‍ ക്ഷേത്രത്തില്‍ നിന്നും ഭവനത്തില്‍ നിന്നുമെല്ലാം മുഴങ്ങിക്കേട്ടിരുന്ന കൃഷ്ണഗാഥാശീലുകള് ഇന്ന് അപൂര്വ്വചടങ്ങായി മാറിയിരിക്കുന്നു. ‘കര്‍ക്കടകത്തില്‍ രാമായണം പോലെ ചിങ്ങത്തില് കൃഷ്ണപ്പാട്ട്’ എന്നൊരു ചൊല്ലുതന്നെയുണ്ടായിരുന്നു. പവിത്രമായ രാമായണമാസം പോലെ പ്രധാനമാണ് കൃഷ്ണഭജനത്തിന് ചിങ്ങമാസവുമെന്നര്ത്ഥം.
പതിനഞ്ചാം നൂറ്റാണ്ടില്‍ ചെറുശ്ശേരി നമ്പൂതിരി രചിച്ച കൃഷ്ണപ്പാട്ട് മലയാളത്തിലെ ആദിമഹാകാവ്യമാണ്. സത്യധര്‍മ്മാദികളെ പ്രകീര്‍ത്തിക്കുന്ന ഒരു ഭക്തികാവ്യം എന്നതിലുപരിയായി പൂര്‍ണ്ണമായും മലയാളത്തിലെഴുതി മലയാളഭാഷയുടെ നിരവധി സവിശേഷതയും സാഹിത്യത്തിന്റെ മനോഹാരിതയും പദസൗന്ദര്യവും അലങ്കാരപ്രയോഗങ്ങളുടെ ഭംഗിയുമെല്ലാം സമന്വയിച്ചുകൊണ്ട് ലളിതമായി അവതരിപ്പിക്കപ്പെട്ട അദ്ഭുതസൃഷ്ടി കൂടിയാണത്. കോഴിക്കോട് ജില്ലയില്‍പ്പെട്ട എലത്തൂരിലെ കോരപ്പുഴയ്ക്കും കാസറഗോഡ് ജില്ലയിലെ ചന്ദ്രഗിരിപ്പുഴയ്ക്കുമിടയിലുള്ള പ്രദേശമായ കോലത്തുനാട് ഭരിച്ചിരുന്ന യാദവവംശജരായ രാജാക്കന്മാരായിരുന്നു കോലത്തിരികള്‍. കൃഷ്ണഭക്തനായ ഉദയവര്മ്മന് കോലത്തിരിയുടെ കല്‍പ്പനയനുസരിച്ചാണ് രാജസഭാംഗമായിരുന്ന ചെറുശ്ശേരി കൃഷ്ണപ്പാട്ട് രചിച്ചത്.
പ്രകൃതി അണിഞ്ഞൊരുങ്ങി നില്ക്കുന്ന ചിങ്ങമാസത്തിലെ അഷ്ടമിതിഥിയും രോഹിണിനാളും ഒന്നിക്കുമ്പോഴാണല്ലോ പരമാനന്ദസ്വരൂപനായ ശ്രീകൃഷ്ണന്റെ ജനനം. ആ ദ്വാപരയുഗനാഥന്റെ ജന്മമാസത്തില്ത്തന്നെ കൃഷ്ണപ്പാട്ട് വായിക്കണമെന്നത് കോലത്തുനാട്ടിലെ പ്രജകള്‍ ശീലമാക്കിയിരുന്നു. പൗരാണികഗ്രന്ഥമായ ശ്രീമഹാഭാഗവതത്തിലെ പത്താമത്തെ സ്കന്ധത്തിലുള്ള ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനപ്പെടുത്തിയ സ്വച്ഛന്ദവും മൗലികവുമായ കൃതിയാണ് കൃഷ്ണപ്പാട്ട്. ഏതൊരു സാധാരണക്കാരനും എളുപ്പത്തില്‍ ഗ്രഹിക്കാന്‍ സാധിക്കുന്ന മനോഹരമായ കവിതകളടങ്ങിയ കൃഷ്ണപ്പാട്ട് കാലത്തെയും ദേശത്തേയും അതിജീവിച്ച് പുതിയ വായനാനുഭവങ്ങള്‍ സമ്മാനിച്ചുകൊണ്ട് മലയാളഭാഷ പിന്നിട്ട പാതയില്‍ ഒരു നാഴികക്കല്ലായി മാറി. സര്‍വ്വചരാചാരങ്ങളുടെയും സന്താപകാരണമായ ദുരാഗ്രഹങ്ങളെ നീക്കം ചെയ്ത് സന്തോഷപ്രദവും സമത്വസുന്ദരവും സ്വതന്ത്രവുമായ ജീവിതത്തിലേക്ക് നയിക്കുകയാണ് കൃഷ്ണഗാഥയുടെ ലക്ഷ്യമെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. കൃഷ്ണോത്പത്തിയില് തുടങ്ങി സ്വര്‍ഗ്ഗാരോഹണം വരെയുള്ള 47 കഥകളാണ് കൃഷ്ണപ്പാട്ടിന്റെ പ്രമേയം. സാങ്കല്പ്പികമായ ഒരു അരങ്ങില്‍ ഓരോ കഥാപാത്രവും അവരവരുടെ ഭാഗം അവതരിപ്പിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന സുഗമമായ ശൈലിയിലാണ് കൃഷ്ണഗാഥയിലെ ഓരോ അദ്ധ്യായവും ചെറുശ്ശേരി ആവിഷ്കരിച്ചിരിക്കുന്നത്. മുഖ്യകഥാപാത്രമായ ശ്രീകൃഷ്ണനിലെ ദൈവീകതയ്ക്ക് മങ്ങലേല്‍പ്പിക്കാതെ തന്നെ അനേകം മാനുഷികഭാവങ്ങളുടെ ദൃശ്യചിത്രണമാണ് വായനക്കാരനുമുന്നില്‍ തെളിയുക.
കൃഷ്ണപ്പാട്ടിന്റെ സ്വാധീനമുണ്ടായിട്ടുണ്ടെന്ന് കരുതപ്പെടുന്ന ദൃശ്യരൂപങ്ങളില്‍ മുഖ്യമാണ് 700 ലേറെ വര്‍ഷം പഴക്കമുള്ള ക്ഷേത്രോത്സവാചാരമായ തിടമ്പുനൃത്തം. കൃഷ്ണപ്പാട്ടിലെ അഞ്ചാമധ്യായമായ കാളിയമര്‍ദ്ദനവും പതിനെട്ടാമധ്യായമായ അക്രൂരാഗമനവും തിടമ്പുനൃത്തത്തിന്റെ ഇതിവൃത്തത്തിലുള്പ്പെടുന്നു. കോലത്തുനാട്ടിലെ ക്ഷേത്രമതില്‍ക്കെട്ടിനകത്തു മാത്രമാണ് തിടമ്പുനൃത്തം അവതരിപ്പിച്ചുവന്നിരുന്നത്. കോലത്തിരിയുടെ കാലത്തുതന്നെ ഏകതാളത്തിലധിഷ്ഠിതമായ ക്ഷേത്രനൃത്തം ഉത്സവത്തിന്റെ ഭാഗമായിരുന്നു. തിടമ്പുനൃത്തത്തിന്റെ മൂലതത്ത്വങ്ങള്‍ പ്രകാശിപ്പിക്കുന്ന താളവട്ടമാണ് ചെമ്പട. മഞ്ജരിവൃത്തത്തില്‍ ഗാഥാസ്വരലയത്തില് കൃഷ്ണപ്പാട്ട് ചൊല്ലുമ്പോഴും ചൊല്ലിക്കേള്ക്കുമ്പോഴുമെല്ലാം അതിനോട് ചേര്‍ന്നുനില്‍ക്കുന്ന താളമായി അനുഭവപ്പെടുന്നത് ചെമ്പടയാണ്. ക്ഷേത്രോത്സവത്തിലെ കൊടിമരനൃത്തം പോലെയുള്ള അതിവിശിഷ്ടവും വ്യതിരിക്തവുമായ ചടങ്ങുകളിലെല്ലാം അവലംബിക്കുന്ന താളവും ചെമ്പടയാണെന്നു മാത്രമല്ല, ആ താളവട്ടം അവസാനിക്കുന്നതും മറ്റു താളങ്ങളില്‍ നിന്നും വ്യത്യസ്തമായ താളക്രമത്തിലാണ്. കൃഷ്ണപ്പാട്ടിന്റെ രചനയ്ക്കുശേഷം കൃഷ്ണന്റെ പരമഭക്തനായ കോലത്തിരിയുടെ നിര്‍ദ്ദേശപ്രകാരം ഗാഥയുടെ സമാനതാളത്തിലുറപ്പിച്ച പദന്യാസങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നൃത്തം വിപുലീകരിക്കപ്പെട്ടതാവാമെന്നും വിശ്വാസമുണ്ട്. നൃത്തത്തിന്റെ ശാരീരികാഭ്യസനമാസം കര്‍ക്കടകമാണ്. താളവട്ടങ്ങളെല്ലാം വായ്ത്താരിയായി ചൊല്ലിയും കൊട്ടിയും ശീലിച്ചതിനുശേഷം പൂഴി നിറച്ച ചെപ്പുകുടം ശിരസ്സിലേന്തിയാണ് കര്‍ക്കടകത്തിലെ ഈ അഭ്യസനം. കര്‍ക്കടകത്തില്‍ ശാരീരികക്ഷമത കൈവരിച്ച് ശിരസ്സില്‍ തിടമ്പ് പ്രതിഷ്ഠിക്കാന്‍ പ്രാപ്തനായ നൃത്തപഠിതാവിന് തിടമ്പുനൃത്തകലയുടെ ഇതിവൃത്തം മനസ്സില്‍ പ്രതിഷ്ഠിക്കാനും കൂടിയാണ് ചിങ്ങത്തിലെ കൃഷ്ണപ്പാട്ടുപാരായണം.
മലയാളഭാഷാപിതാവായ തുഞ്ചത്താചാര്യന്റെ കാലഘട്ടത്തിനു മുന്‍പായിരുന്നു കൃഷ്ണപ്പാട്ടിന്റെ പിറവിയെങ്കിലും കര്‍ക്കടകത്തിലെ രാമായണമാസാചരണം പോലെ ചിങ്ങത്തെ കൃഷ്ണഗാഥാമാസമായി ഇന്നാരും ആചരിക്കാത്തതിന്റെ കാരണം അവ്യക്തമാണ്. അതിരസകരവും അതിസരളവുമായ കഥാവിഷ്കരണത്തിലൂടെ ഭക്തിയുടെ പന്ഥാവിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടുപോകുകയും അതോടൊപ്പം നിത്യജീവിതത്തില്‍ നിര്‍മ്മലതയുടെയും ധര്‍മ്മബോധത്തിന്റെയും പ്രാധാന്യം ഉദ്ഘോഷിക്കുകയും ചെയ്യുന്ന കൃഷ്ണപ്പാട്ട് ചിങ്ങമാസത്തില്‍ വായിക്കുന്നത് വിവരണാതീതമായ അനുഭൂതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: