പാലക്കാട്: കാലവര്‍ഷം കനിയാത്ത സാഹചര്യത്തില്‍ കേരളം കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്. വൈദ്യുതിചാര്‍ജ് വര്‍ധിപ്പിച്ചേക്കും. മഴക്കുറവ് വൈദ്യുതി ഉത്പാദത്തിന് വന്‍ തിരിച്ചടിയായതിനാല്‍ സംസ്ഥാനത്ത് ലോഡ്ഷെഡിങ് നടപ്പാക്കുന്നത് ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി കെ.കൃഷ്ണന് കുട്ടി പറഞ്ഞു. മാത്രമല്ല, പുറത്ത് നിന്ന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അധിക വൈദ്യുതി വാങ്ങുന്നതിനുള്ള പദ്ധതി റദ്ദാക്കിയതും പ്രതിസന്ധി വര്‍ധിപ്പിച്ചു. പ്രതിസന്ധി വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യത്തിനിടയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മഴക്കുറവ് മൂലം നിലവില്‍ 30 ശതമാനം മാത്രമാണ് ഡാമുകളുടെ ജലനിരപ്പ്. ഇത് വൈദ്യുതി ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. ഈ സാഹചര്യത്തിലാണ് സംസ്ഥാനം കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് കടക്കുന്നുവെന്ന് വകുപ്പു മന്ത്രി തന്നെ വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി ഇല്ലാത്തതിനാല്‍, പ്രതിസന്ധി കുറയ്ക്കാന്‍ വരും മാസങ്ങളില്‍ ലോഡ്ഷെഡിങ് ഉള്‍പ്പെടെ ക്രമീകരിക്കാനാണ് വൈദ്യുതി വകുപ്പിന്റെ തീരുമാനം.
സ്വകാര്യ കമ്പനികളില്‍ നിന്ന് നിലവില്‍ വാങ്ങുന്ന വൈദ്യുതിയുടെ തോത് വര്‍ധിപ്പിച്ചാല്‍ പ്രതിസന്ധി കുറയ്ക്കാന്‍ സാധിക്കും. പക്ഷേ അധികമായി വാങ്ങുന്ന വൈദ്യുതിയുടെ നിരക്ക് അനുസരിച്ച് സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉയരും. ഇത് ഗുണഭോക്താക്കള്‍ക്ക് ഇരട്ടിപ്രഹരമാവും.
ഭൂതത്താന്കെട്ടുള്പ്പെടെ നിര്‍മാണത്തിലിരിക്കുന്ന ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തീകരിച്ച്, പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചാല്‍ മാത്രമേ വരും വര്‍ഷങ്ങളിലെങ്കിലും വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കഴിയൂവെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: