ചെങ്ങന്നൂര്‍: ഓണവിപണി സജീവമാകുന്നതേയുള്ളൂ. വറ്റല്‍മുളകിന്റെയും പിരിയന്‍ മുളകിന്റെയും വില ഉയര്‍ന്നേക്കാമെന്ന് വ്യാപാരികള്‍. കിലോയ്‌ക്ക് 260 രൂപയാണ് വറ്റല്‍ മുളകിന്റെ നിലവിലെ വില. ഗുണമേന്മയുള്ള കാശ്മീരി മുളകിനാകട്ടേ 650 രൂപ വരെ വിലയുണ്ട്. ഓണമായതോടെ പല കാരണങ്ങള്‍ പറഞ്ഞ് തമിഴ്നാട്ടിലെ ഏജന്‍സികള്‍ വിലകൂട്ടാനിടയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. തമിഴ്നാട്ടിലെ ഇടനിലക്കാരും മൊത്തവിതരണക്കാരും കൃത്രിമക്ഷാമം സൃഷ്ടിച്ചും പൂഴ്‌ത്തിവെച്ചുമാണ് വിലകൂട്ടുന്നതെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
കര്‍ണാടക, ആന്ധ്രയിലെ ഗുണ്ടൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് മുളക് എത്തുന്നത്. തമിഴ്നാട്ടില്‍നിന്നും മുളക് എത്തുന്നുണ്ടെങ്കിലും ഗുണമേന്മ കുറവാണെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 420 രൂപയായിരുന്നു കാശ്മീരി മുളകിന്റെ ഏറ്റവും കൂടിയ വില. ഓണം മുന്നില്‍ക്കണ്ട് കുടുംബശ്രീപോലുള്ള കൂട്ടായ്മകളും വനിതാ സംരംഭകരും കറിപ്പൊടി വിപണനരംഗത്ത് സജീവമാകുമ്പോഴാണ് ഇത്തരം സംരംഭകര്‍ക്കെല്ലാം മുളകിന്റെ വില തിരിച്ചടിയാകുന്നത്.
സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പലതരത്തിലുള്ള മുളക് വിതരണത്തിന് എത്തിയിട്ടുണ്ട്. വറ്റല്‍ മുളക് ഒന്നാംതരം കിലോയ്‌ക്ക് 297 രൂപയും പിരിയന്‍ ഒന്നാം തരം കിലോ 543 രൂപയും രണ്ടാംതരം 298 രൂപയുമാണ് വില. കാശ്മീരി മുളകിന് 681 രൂപയുമാണ്. സപ്ലൈകോ-മാവേലി സ്റ്റോറുകളില്‍ വറ്റല്‍ മുളക് സ്റ്റോക്കില്ല. പിരിയന്‍മുളകാകട്ടേ ഉള്ളയിടങ്ങിളില്‍ സബ്സിഡിയില്ല. അര കിലോ 155 രൂപയാണ്. ഓണവിപണി അടുത്തതോടെ മുളകിന് പ്രിയമേറിയതിനാല്‍ വില ഇനിയും കൂടാനാണ് സാധ്യതയെന്ന് വ്യാപാരികളും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: