ന്യൂദല്‍ഹി: ദല്‍ഹി സര്‍വ്വീസസ് ബില്‍ ഉള്‍പ്പെടെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കിയ നാലു ബില്ലുകള്‍ക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം. ഇതോടെ ഈ ബില്ലുകള്‍ നിയമമായി. ഗവണ്‍മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ദല്‍ഹി (ഭേദഗതി) ബില്‍, വ്യക്തിഗത ഡേറ്റാ സംരക്ഷണ ബില്‍, ജനന-മരണ രജിസ്ട്രേഷന്‍ (ഭേദഗതി) ബില്‍, ജനവിശ്വാസ് ബില്‍ എന്നിവയിലാണ് രാഷ്‌ട്രപതി ഒപ്പുവച്ചത്.
ഗവണ്‍മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ദല്‍ഹി (ഭേദഗതി) ബില്ലിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിലയുറപ്പിച്ചിരുന്നു. ദല്‍ഹിയെ സംബന്ധിച്ച് ഏത് നിയമനിര്‍മാണവും നടത്താന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് രാഷ്‌ട്രീയപരമാണെന്നും ബില്ലിനെക്കുറിച്ച് വിശദീകരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദളും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസും ബില്ലിനെ പിന്തുണച്ചതോടെ ലോക്സഭയ്‌ക്കൊപ്പം രാജ്യസഭയിലും ബില്‍ സുഗമമായി പാസ്സായി. രാജ്യസഭയില്‍ 102 പേര്‍ ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്തപ്പോള്‍ 131 പേര്‍ അനുകൂലിച്ചു.
ദല്‍ഹി സര്‍ക്കാരിന് കീഴിലുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്‌ക്ക് പ്രത്യേക അതോറിറ്റി രൂപീകരിക്കാനായി കഴിഞ്ഞ മെയ് 19നാണ് കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ജൂലൈ 25ന് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: