ന്യൂദല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യയിലെ വിവിധ വ്യക്തികള്‍ക്കും ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ വാര്‍ത്തചാനലിനും പണം നല്കിയ ചൈനാ ഏജന്റ് സിപിഎം നേതാവ് പ്രകാശ് കാരാട്ടുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് 255ഓളം പ്രമുഖ വ്യക്തികള്‍ രാഷ്ട്രപതിയ്ക്കും ചീഫ് ജസ്റ്റിനും കത്തെഴുതി.
ഈ നേതാക്കള്‍ ലീഡര്‍മാരല്ല, ഡീലര്‍മാരാണെന്ന് പൊതുജനസമക്ഷം വ്യക്തമായെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനും അയച്ച കത്തില്‍ പറയുന്നു.
ന്യൂസ് ക്ലിക്ക് സിഇഒ പുര്‍കായസ്ത, മറ്റ് ചില പത്രപ്രവര്‍ത്തകര്‍, മുന്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായ പ്രകാശ് കാരാട്ട് അമേരിക്കയിലുള്ള ചൈന ഏജന്റുമായി ചൈനയ്ക്ക് വേണ്ടി ഇന്ത്യയില്‍ പ്രചാരണം നടത്താമെന്ന് സമ്മതിക്കുന്ന തരത്തില്‍ പല കാര്യങ്ങളും ഇമെയില്‍ വഴി ചര്‍ച്ച ചെയ്തുവെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ചൈന ഏജന്റ് നെവില്ലെ സിംഘം അയച്ച ഇമെയിലുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇഡിയും അന്വേഷണത്തിനൊരുങ്ങുകയാണ്.
ഇന്ത്യയ്ക്കെതിരായി നടന്നതായി പറയപ്പെടുന്ന ഗൂഡാലോചന ഇന്ത്യയിലെ ഏറ്റവും ഉന്നത അന്വേഷണ ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഉത്തരവിടണമെന്ന് അപേക്ഷിക്കുന്നു, 255 പ്രമുഖ വ്യക്തികള്‍ ഒപ്പിട്ട നാല് പേജുള്ള കത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനോടും ആവശ്യപ്പെടുന്നു.
“ഏത് ഭരണഘടനാ പദവി സ്വീകരിക്കുമ്പോഴും കൈക്കൊള്ളുന്ന സത്യപ്രതിജ്ഞയില്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ എല്ല ശ്രമങ്ങളും നടത്തണമെന്നത് നിയമപരമായും ധാര്‍മ്മികമായും ഉള്ള ബാധ്യതയാണ്. ഈ കേസില്‍ വിദേശ ഏജന്റുമാര്‍ മറയില്ലാതെ നമ്മുടെ ജനാധിപത്യ ഇടത്തില്‍ നുഴഞ്ഞുകയറിയിരിക്കുകയാണ്. ഇവിടെ ഭരണഘടന ഓഫീസുകളുടെ സത്യപ്രതിജ്ഞ ഉയര്‍ത്തിപ്പിടിക്കേണ്ടത് അത്യാവശ്യമാണ്.”-. കത്ത് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ സിപിഎമ്മിന്റെ ചൈനാപ്രേമം പ്രസിദ്ധമാണ്. എന്നാല്‍ അതിന്റെ പേരില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളും ചൈനയുടെ പ്രചാരണ പദ്ധതികളും സിപിഎമ്മുകാര്‍ ഏറ്റെടുക്കുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്. മോദി സര്‍ക്കാര്‍ ചൈനയ്ക്കെതിരെ ഇറക്കുമതി നിരോധനം ഉള്‍പ്പെടെ കര്‍ശനമായ നടപടികള്‍ എടുക്കുന്നതിനിടയിലാണ് ഒരു വിഭാഗം രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ശത്രുരാജ്യത്ത് നിന്നും പണം പറ്റുന്നത്.
ചൈനയെ ചങ്കില് കൊണ്ടുനടക്കുന്ന സിപിഎം നേതാക്കള്‍ ചൈനയുടെ പ്രചാരണ അജണ്ടകള്‍ രാജ്യത്തിനെതിരായുള്ളതാണെങ്കിലും നടപ്പാക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്നത് രാജ്യദ്രോഹപരമായി തന്നെ കാണാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: