മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ സാമ്പത്തിക ആരോപണം ഏഴ് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ഇടതുമുന്നണി ഭരണത്തില്‍ നടക്കുന്ന അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും നേര്‍ചിത്രമാണ് പുറത്തുകൊണ്ടുവരുന്നത്. വീണയുടെ കമ്പനിയായ എക്സാലോജിക്കിന് ഒരു സ്വകാര്യ കമ്പനി ഒന്നേമുക്കാല്‍ കോടിയോളം രൂപ മാസപ്പടിയായി അനുവദിച്ചുവെന്ന വെളിപ്പെടുത്തല്‍ ഇനിയുള്ള ദിവസങ്ങളില്‍ വലിയ കോളിളക്കമുണ്ടാക്കാന്‍ പോന്നതാണ്. ഒരു പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണ് ഇത്രയും തുക നല്‍കിയതെന്ന് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് വിധിച്ചിരിക്കുകയാണ്. ചില സേവനങ്ങള്‍ നല്‍കാമെന്ന വ്യവസ്ഥയില്‍ സ്വകാര്യ കമ്പനിയുമായി കരാറുണ്ടാക്കിയെങ്കിലും അതൊന്നും ചെയ്തുകൊടുക്കാതെയാണ് ഇത്രയും തുക മുഖ്യമന്ത്രിയുടെ മകള്‍ക്ക് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കരാറിന്റെ രേഖകള്‍ റെയ്ഡില്‍ കണ്ടെടുക്കുകയും, കരാര്‍പ്രകാരം മാസംതോറും ഇത്രയും തുക നല്‍കിയിട്ടുണ്ടെന്ന് കമ്പനിയുടമ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ പണം കൈമാറ്റം നിയമവിരുദ്ധ ഇടപാടായി കണക്കാക്കണമെന്ന ആദായ നികുതിവകുപ്പിന്റെ വാദം അംഗീകരിക്കപ്പെടുകയായിരുന്നു. സ്വകാര്യ കമ്പനിയില്‍നിന്ന് ഭരണ-പ്രതിപക്ഷ മുന്നണിയിലെ നേതാക്കള്‍ പണം കൈപ്പറ്റിയെന്ന വിവരവും, അത് തെളിയിക്കുന്ന രേഖകളും ഇതിനിടെ പുറത്തുവന്നിരിക്കുന്നു. സ്വാഭാവികമായും വലിയ കോളിളക്കമുണ്ടാകേണ്ട ഒരു പ്രശ്നമാണിത്. എന്നാല്‍ മാധ്യമങ്ങള്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടും ഒരു ധാരണയുടെ പുറത്ത് ചില പ്രതികരണങ്ങളുണ്ടായതല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഇതിനു മുന്‍പ് ഉയര്‍ന്ന ഗുരുതരമായ അഴിമതിയാരോപണങ്ങളോട് ചേര്‍ത്തുവയ്ക്കാവുന്നതാണ് ഇപ്പോള്‍ മകള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ളതും. മുഖ്യമന്ത്രിയെന്ന നിലയ്ക്കുള്ള അധികാരം ഉപയോഗിച്ച് മകളുടെ വ്യാപാര താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഉയര്‍ന്നത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. ഷാര്‍ജ സുല്‍ത്താന്‍ സംസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ പ്രോട്ടോകോള്‍ തെറ്റിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലേക്ക് കൊണ്ടുപോയി സ്വകാര്യ ചര്‍ച്ച നടത്തിയെന്നും, ഇതില്‍ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ പങ്കെടുത്തുവെന്നും സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നസുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ കരാറുണ്ടാക്കുകയും വിവാദമായതിനെത്തുടര്‍ന്ന് റദ്ദാക്കുകയും ചെയ്ത ഒരു സ്ഥാപനവുമായി ബന്ധപ്പെട്ടയാള്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ ഉപദേശകനായിരുന്നുവെന്ന ആരോപണം നിയമസഭയില്‍ കോളിളക്കമുണ്ടാക്കിയതാണ്. ഇതിനോട് തൃപ്തികരമായി പ്രതികരിച്ച് സംശയങ്ങള്‍ ദൂരീകരിക്കുന്നതിനു പകരം ആരോപണം ഉന്നയിച്ച എംഎല്‍എയ്ക്കെതിരെ ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇത്തരം ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സമാനമായ വെളിപ്പെടുത്തലുകള്‍. ഈ പ്രശ്നവും നിയമസഭയില്‍ ഉന്നയിക്കാന്‍ അനുവദിക്കാത്തതില്‍നിന്നു തന്നെ സര്‍ക്കാര്‍ പലതും ഭയക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. മറുപടിയൊന്നും പറയാനില്ലാത്തതുകൊണ്ടാണ് നിയമസഭയില്‍ പ്രശ്നം ഉന്നയിക്കാന്‍ അനുവദിക്കാത്തത്.
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ളത് കേവലമായ ആരോപണമല്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ഉന്നയിച്ചിട്ടുള്ളതുമല്ല. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞതാണ്. ഇത് ആര്‍ക്കും നിഷേധിക്കാനുമാവില്ല. അതുകൊണ്ടാണ് മുന്‍പ് തന്റെ കുടുംബത്തിനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ ”പച്ചക്കള്ളമാണ്, എന്തു അസംബന്ധവും വിളിച്ചു പറയാമെന്നോ?” എന്നൊക്കെ ധാര്‍മികരോഷം കൊണ്ട മുഖ്യമന്ത്രി പിണറായി വിജയന് മകള്‍ അഴിമതി നടത്തിയെന്ന പുതിയ വെളിപ്പെടുത്തലിനോട് പ്രതികരിക്കാത്തത്. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ കയറ്റാനുള്ള സുവര്‍ണാവസരമായിരുന്നിട്ടും പ്രതിപക്ഷമായ കോണ്‍ഗ്രസ് വലിയ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് സ്വീകരിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തെ മാത്യു കുഴല്നാടന് എംഎല്‍എ പ്രശ്നമുന്നയിച്ചെങ്കിലും സ്പീക്കര്‍ വിലക്കുകയാണുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് സഭ വിട്ട കോണ്‍ഗ്രസ് തന്ത്രപരമായി മുഖ്യമന്ത്രിയെ സംരക്ഷിക്കുകയായിരുന്നു. അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും പരസ്പരം ഒത്തുകളിക്കുകയാണ്. ഇരുപക്ഷത്തെയും അഴിമതി കേസുകള്‍ മുന്‍നിര്‍ത്തിയാണിത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനുമെതിരായ കേസുകള്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന് വിലപേശുകയാണ്. പരസ്പരം ഒരു ധാരണയിലെത്തുന്നതാണ് നല്ലതെന്ന സന്ദേശമാണ് പിണറായി പ്രതിപക്ഷത്തിന് നല്‍കുന്നത്. കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ഇത് സ്വീകാര്യവുമാണ്. പിണറായിയില്‍നിന്ന് അവര്‍ ചില ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണം അവര്‍ കണ്ടില്ലെന്നു നടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: