എം.ബി.സുരേന്ദ്രന്
പെരുമ്പാവൂര്‍ കുമ്മനോട് കുമ്മനോട്ടുമഠം ബബ്ബലന്‍ എന്ന പെരുമ്പാവൂര്‍ സംഘകുടുംബത്തിലെ മുതിര്‍ന്ന കാരണവരായ ബബ്ബലന്‍ ചേട്ടന് ഇക്കഴിഞ്ഞ ദിവസം (ആഗസ്റ്റ് 3) വിഷ്ണുപാദം പൂകി. സഹധര്‍മിണി ഇന്ദിരക്കുട്ടിയുടെ ദേഹവിയോഗത്തിനുശേഷം കുമ്മനോട്ടുമഠം എന്ന പഴയ നാലുകെട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. മക്കളായ അനില്‍കുമാറും സനല്‍കുമാറും അടുത്തുതന്നെ വേറെ വീടുവച്ച് താമസിക്കുന്നുണ്ട്. അവര്‍ ബബ്ബലന്‍ ചേട്ടന്റെ കാര്യങ്ങളെല്ലാം അന്വേഷിച്ചുവരികയായിരുന്നു.
ബബ്ബലന്‍ ചേട്ടന് കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തില്‍നിന്നാണ്. അച്ഛന് ഗോവിന്ദന് കര്‍ത്താവ് പഞ്ചായത്ത് മെമ്പറും കെപിസിസി പ്രസിഡന്റ് ടി.ഒ. ബാവയുടെ സഹപ്രവര്‍ത്തകനുമായിരുന്നു. സംഘവുമായി ബന്ധപ്പെടുന്നതിനു മുമ്പ് വിമോചനസമരം തുടങ്ങിയ സമരപരിപാടികളിലും മറ്റും സജീവമായിരുന്നു. സംഘപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടശേഷം അതില്‍ സജീവമായി പ്രവര്‍ത്തിക്കുകയും, കുമ്മനോടും പരിസരങ്ങളിലും സംഘപ്രസ്ഥാനങ്ങളെ ശക്ത ി പ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിക്കുകയും ചെയ്തു. ഹിന്ദുസമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും സംഘപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിച്ചുകൊണ്ടുവരുന്നതില്‍ ബബ്ബലന്‍ ചേട്ടന്റെ പങ്ക് വളരെ വലുതാണ്.
ബബ്ബലന്‍ ചേട്ടന് അധികസമയവും ജനസംഘത്തിലും അടിയന്തരാവസ്ഥയ്ക്കുശേഷം ബിജെപിയിലുമാണ് സജീവമായിരുന്നത്. ജനസംഘത്തിന്റെയും ബിജെപിയുടെയും പല സ്ഥാനങ്ങളും വഹിച്ച് പ്രവര്‍ത്തിച്ചിരുന്നു. സ്വാതന്ത്ര്യസമരം കണ്ടു വളര്‍ന്ന ബബ്ബലന്‍ ചേട്ടന് വിമോചനസമരത്തിലും അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള സമരത്തിലും സജീവമായി പങ്കെടുക്കുകയും ജയില്‍വാസം അനുഷ്ഠിക്കുകയും ഉണ്ടായിട്ടുണ്ട്.
സമൂഹത്തിന്റെ ആവശ്യം അറിഞ്ഞ് പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ ബബ്ബലന്‍ ചേട്ടന് കഴിഞ്ഞിരുന്നു. പാറമടകളും മറ്റും ഇന്നത്തെ രീതിയില്‍ യന്ത്രവല്‍കൃതമാകുന്നതിന് മുന്‍പ് കൈകൊണ്ട് പാറ ഉടച്ച് മെറ്റലാക്കുന്ന തൊഴിലാളികളെ സംഘടിപ്പിച്ച് തൊഴിലാളി യൂണിയന് ഉണ്ടാക്കി അതിന് നേതൃത്വം നല്‍കിയിരുന്നു.
നല്ലൊരു കര്ഷകന് എന്ന നിലയ്ക്ക് സര്‍ക്കാരിന്റെ കര്‍ഷകസമിതിയുടെ സെക്രട്ടറിയായി വളരെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്ഷകന് എന്ന നിലയ്ക്ക് പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ അഡൈ്വസറി കമ്മറ്റി അംഗമായി സര്‍ക്കാര്‍ നോമിനേഷന് ചെയ്തിരുന്നു. കുമ്മനോട് ഗവ. യുപി സ്കൂള്‍, ചേലക്കുളം പ്രീപ്രൈമറി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് ബബ്ബലന്‍ ചേട്ടന്റെ സംഭാവനകള്‍ നാട്ടുകാര്‍ എന്നും നന്ദിയോടെ ഓര്‍ക്കുന്നു.
ചേലക്കുളം ആഞ്ഞിലിച്ചോട് മാടപ്പള്ളിക്കാവ്, അറയ്ക്കപ്പടി പുറക്കാട്ട് മഹാദേവക്ഷേത്രം എന്നീ നശിച്ച് കെട്ടുകിടന്നിരുന്ന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തില്‍ ബബ്ബലന്‍ ചേട്ടന്റെ പങ്ക് വളരെ വലുതാണ്. മാടപ്പള്ളി കാവിന്റെ ഭൂമിയെല്ലാം അന്യാധീനപ്പെട്ടുപോയിരുന്നു. കൈവശാവകാശക്കാരെ കണ്ട് ഭൂമി തിരിച്ചുപിടിക്കുകയും, ഇന്ന് നല്ല നിലയില്‍ നടക്കുകയും ചെയ്യുന്നു. അറയ്ക്കപ്പടി ക്ഷേത്രം ദേവസ്വം ബോര്‍ഡിനെക്കൊണ്ട് ഏറ്റെടുപ്പിച്ച് ഇന്നത്തെ നിലയ്ക്ക് പുനരുദ്ധാരണം ചെയ്യിച്ചതും ബബ്ബലന്‍ ചേട്ടന്റെ ശ്രമഫലമായിട്ടാണ്. 1982 ല്‍ പട്ടിമറ്റത്ത് ഗവ. ഡിസ്പെന്‍സറി അനുവദിപ്പിച്ചതും മറ്റാരുമല്ല. ഇന്ന് അത് നല്ല നിലയ്ക്ക് നടക്കുന്ന ആശുപത്രിയാണ്. കെ. രാമന്‍പിള്ളയുടെ നേതൃത്വത്തില്‍ മഹര്‍ഷി അരവിന്ദഘോഷിന്റെ ജന്മശതാബ്ദി പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായിരുന്നു.
ഫാക്ട് കൊച്ചിന് ഡിവിഷനായി സ്ഥലം വിട്ടുനല്‍കിയവരുടെ പുനരധിവാസ സമിതി അധ്യക്ഷന്‍ എന്ന നിലയ്ക്ക് വിജയകരമായി പ്രവര്‍ത്തിക്കുകയും, ഭൂമി നഷ്ടമായ എല്ലാവര്ക്കും യോഗ്യതയ്ക്കനുസരിച്ച് കമ്പനി ജോലി ലഭിക്കുന്നതിനായി ശ്രമിച്ച് വിജയിച്ച സംഭവവും ഓര്‍ക്കേണ്ടതാണ്. ഒരു ഉത്തമ സ്വയംസേവകന് എങ്ങനെ സാമാജിക കാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കും എന്നതിന്റെ തെളിവുകളാണിത്.
1970 കളില്‍ എന്നെപ്പോലുള്ളവര്‍ സംഘകാര്യങ്ങള്‍ ഗൗരവമായി ചെയ്യാന്‍ തുടങ്ങിയ കാലത്ത് പോലീസ് സ്റ്റേഷനിലും മറ്റും കയറേണ്ട സന്ദര്‍ഭം വരുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് ബബ്ബലന്‍ ചേട്ടനായിരുന്നു. സ്റ്റേഷനില്‍ കസേര വലിച്ചിട്ടിരുന്ന് ഓഫീസറോട് സംഘപ്രവര്‍ത്തകരുടെ ഭാഗം ഭംഗിയായി അവതരിപ്പിക്കുന്ന ബബ്ബലന്‍ ചേട്ടന്റെ ചിത്രം മനസ്സില്‍ മായാതെ കിടപ്പുണ്ട്. കുന്നത്തുനാട് താലൂക്കിലെ സംഘപ്രസ്ഥാനങ്ങളുടെ ആദ്യത്തെ ജനപ്രതിനിധി ബബ്ബലന്‍ ചേട്ടനായിരുന്നു. കിഴക്കമ്പലം പഞ്ചായത്തു മെമ്പര്‍ എന്ന നിലയ്ക്കും, ജന്മഭൂമിയുടെ പ്രാരംഭ കാലഘട്ടത്തില്‍ അതിന്റെ അക്കൗണ്ട് വിഭാഗത്തിലും ബബ്ബലന്‍ ചേട്ടന്റെ സംഭാവനകള്‍ ഉണ്ടായിട്ടുണ്ട്.
ഒരു മാതൃകാ സ്വയംസേവകന്റെ വേര്‍പാടില്‍, അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍, കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: