ശ്രീനി കോന്നി
പ്രേതപ്പേടി കാരണം 42 വര്‍ഷം അടച്ചിടേണ്ടിവന്ന ഒരു റെയില്‍വേ സ്റ്റേഷനെപ്പറ്റി അറിയുമോ most haunted railway station in india എന്ന് ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ അതിനുത്തരം കൊണ്ടെത്തിക്കുന്നത് പശ്ചിമ ബംഗാളിലെ ഒരു റെയില്‍വേ സ്റ്റേഷനിലാകും. രാത്രി ആയാല്‍ എല്ലാവരും പോകാന്‍ മടിക്കുന്ന ഒരു റെയില്‍വേ സ്റ്റേഷന്, ട്രെയിനുകള്‍ ഈ സ്റ്റേഷന് കടന്നുപോകുമ്പോള്‍ സ്പീഡ് കൂടുമത്രേ.. യാത്രക്കാര്‍ ട്രെയിനിന്റെ വാതിലും ജനലുകളുമൊക്കെ അടയ്ക്കുമായിരുന്നത്രേ… ഇങ്ങനെ ഒരുപാട് കഥകള്‍ തുടരുന്നു. പക്ഷെ 42 വര്‍ഷം അടച്ചിടേണ്ടിവന്നെങ്കില്‍ അവിടെ എന്താവും സംഭവിച്ചിട്ടുണ്ടാവുക…
ബെഗുന്‍കൊടാര്‍ റെയില്‍വേ സ്റ്റേഷന്
……………………………………………………………..
ഇന്ത്യന്‍ റെയില്‍വേയുടെ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ സോണിലെ റാഞ്ചി റെയില്‍വേ ഡിവിഷനിലെ ഒരു റെയില്‍വേ സ്റ്റേഷനാണ് ബെഗുന്‍കൊടാര്‍ റെയില്‍വേ സ്റ്റേഷന്. ഇത് പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലാണുള്ളത്. ബെഗുന്‍കൊടാറിന്റെ സമീപ പ്രദേശങ്ങളിലും ഝാല്‍ദ പട്ടണത്തിലും മറ്റുമുള്ളവര്‍ക്ക് ആശ്രയിക്കാവുന്ന ഒരു ചെറിയ സ്റ്റേഷനാണ് ഇത്. റെയില്‍വേ രേഖകളില്‍ പ്രേതബാധയുള്ളതായി ഈ സ്റ്റേഷന് എന്ന് ഇത് അറിയപ്പെടുന്നുണ്ട്രേത. പണ്ട് വലിയ ആള്‍ത്തിരക്ക് ഇല്ലാത്ത ഒരു പ്രദേശമായിരുന്നു ഇവിടം എന്ന് പറയപ്പെടുന്നു. ഇവിടെയുള്ള തൊഴിലാളികളും മറ്റ് കര്‍ഷകര്‍ക്കും ഒക്കെ പുരുളിയയിലുള്ള റെയില്‍വേ സ്റ്റേഷനെ ആയിരുന്നു അതുവരെ ആശ്രയിച്ചിരുന്നത.് പക്ഷെ അവിടെ എത്താന്‍ വളറെ ദൂരം സഞ്ചരിക്കേണ്ടതായും വന്നിരുന്നു. വളരെക്കാലം മുതല്‍തന്നെ ഇവിടെ ഒരു റെയില്‍വേ സ്റ്റേഷന് വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഈ ആവശ്യം ശക്തമായതോടെ സാന്താള്‍സ് രാജ്ഞി ലച്ചന്‍കുമാരി ഇതിന് ആവശ്യമായ ഭൂമി റെയില്‍വേയ്ക്ക് കൈമാറുകയായിരുന്നു. 1960ല്‍ ലച്ചന്‍ കുമാരി, ഇന്ത്യന്‍ റെയില്‍വേ എന്നിവരുടെ സംയുക്ത പരിശ്രമത്തില്‍ ഇവിടെയൊരു സ്റ്റേഷന് സ്ഥാപിക്കുന്നു. അങ്ങനെ നാട്ടുകാരുടെ വളരെക്കാലത്തെ ആഗ്രഹം സഫലമാകുകയായിരുന്നു.
വിവാദങ്ങള്‍ക്ക് തുടക്കം
………………………………………….
1967ല്‍ മോഹന്‍ എന്നൊരു സ്റ്റേഷന് മാസ്റ്റര്‍ ചാര്‍ജ്ജെടുക്കുന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. കുറച്ചു നാളുകള്‍ക്ക് ശേഷം ട്രാക്കില്‍കൂടി ഒരു പെണ്‍കുട്ടി ഓടുന്നതായി മോഹന്‍ കാണുന്നു. പിന്നീട് പലദിവസങ്ങളിലും ഇത് ആവര്‍ത്തിക്കുന്നു. താന്‍ കണ്ടകാഴ്ചകള്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞെങ്കിലും ആരും വിശ്വസിക്കാന്‍ തയ്യാറായില്ല. മുമ്പ് ഈ സ്റ്റേഷന് അടുത്ത് ട്രെയിന്‍ അപകടത്തില്‍ പെട്ട ഒരു സ്ത്രീയുടെ പ്രേതമാവും അതെന്ന് കിംവദന്തികള്‍ പരന്നു. പക്ഷെ അങ്ങനെയൊരു സ്ത്രീ അവിടെ മരിച്ചിട്ടില്ലെന്ന് ചില നാട്ടുകാരും പറയുന്നു. മോഹനും കുടുംബവും അടുത്തുള്ള റെയില്‍വേ ക്വാട്ടേഴ്സിലാണ് താമസിച്ചിരുന്നത് പക്ഷെ കുറച്ചു ദിനങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെയും കുടുംബത്തേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ ദൂരൂഹമരണത്തെത്തുടര്‍ന്ന് ബെഗുന്‍കൊടാറിലേക്ക് റെയില്‍വേ ജീവനക്കാര്‍ എത്താതെയായി. ജോലിയില്ലെങ്കിലും കുഴപ്പമില്ല അങ്ങോട്ടേക്ക് ജോലിക്ക് പോകി്ല്ലെന്ന് ചിലര്‍ തീരുമാനമാനമെടുത്തു. പലരും വന്നുപോയി പക്ഷെ ആരും സ്ഥിരമായി അവിടെ നിന്നില്ല. ഇത് റെയില്‍വേ്ക്ക് തലവേദനയായത്രേ. പിന്നീട് വന്ന ചിലരെങ്കിലും ഇതേ പ്രതകഥകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്തിന് ഇതിലേ കടന്നുപോകുന്ന ട്രെയിനുകളുടെ വേഗതപോലും കൂടുന്നു എന്നുവരെ പ്രചരിച്ചു. ഒടുവില്‍ യാത്രക്കാരും പതിയെ ബെഗുന്‍കൊടാറിനെ കൈവിടുന്ന അവസ്ഥയായി. ഒരുവില്‍ ഈ സ്റ്റേഷന് അടച്ചിടേണ്ടിവന്നു.
കഥകളും യാഥാര്‍ത്ഥ്യവും
…………………………………………..
1990കളുടെ അവസാനത്തില്‍ ഗ്രാമവാസികള്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും സ്റ്റേഷന് വീണ്ടും തുറക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. 2007ല്‍ പ്രദേശവാസികള്‍ അന്നത്തെ റെയില്‍വേ മന്ത്രി മമതാ ബാനര്‍ജിക്ക് കത്തെഴുതി. പുരുലിയയില്‍ നിന്നുള്ള സിപിഎം നേതാവ് ബസുദേബ് ആചാര്യയും അക്കാലത്ത് റെയില്‍വേയിലെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവുമായിരുന്നു. ഈ പ്രേതകഥയൊക്കെ അവിടെ നിയമിക്കപ്പെടാതിരിക്കാന്‍ റെയില്‍വേ ജീവനക്കാര്‍ മെനഞ്ഞകഥയായിരുന്നുവെന്ന് അന്നേ ആക്ഷേപവുമുണ്ടായിരുന്നു. അങ്ങനെ വിശ്വസിക്കപ്പെടാന്‍ കാരണവുമുണ്ടായിരുന്നു. മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായിരുന്ന ഒരു മേഖല ആയിരുന്ന്രേത അന്ന് ഇവിടം. അതുകൊണ്ടുതന്നെ ഇവിടെ നിയമിക്കപ്പെടാതിരിക്കാന്‍ ജീവനക്കാര്‍ കണ്ടെത്തിയ ഒരു മാര്‍ഗ്ഗമാവും ഈ പ്രേതകഥ. മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍ ഇവിടെ ഒരു സ്റ്റേഷന് സജീവമായാല്‍ അത് അവരുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് മാവോയിസ്റ്റുകളും കണക്കുകൂട്ടിയിട്ടുണ്ടാവാം. അവരും ഇവിടെയുള്ള ജീവനക്കാരെ ഒരുപക്ഷെ പേടിപ്പിക്കാന്‍ ശ്രമിച്ചതുമാവാം. മറ്റൊരു കാര്യം നാട്ടുകാര്‍ പറയുന്നത് മുമ്പ് മരിച്ച മോഹന്‍ എന്ന സ്റ്റേഷന് മാസ്റ്ററുടെ മകള്‍ ഇവിടെയുള്ള ഒരാളുമായി പ്രണയത്തിലാകുകയും അതില്‍ നിന്ന് പിന്തിരിപ്പിക്കാനും ട്രാന്‍സ്ഫര്‍ വാങ്ങി പോകാനും അദ്ദേഹം ഉണ്ടാക്കിയ കഥയാവാം ഇതെന്നുമാണ്. അദ്ദേഹത്തിന്റെ മരണത്തോടെ അതിന്റെ സത്യവും പുറത്തുവന്നില്ല. ചില പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ ആഴ്ചയിലെ നിശ്ചിത സമയത്തും നിശ്ചിത ദിവസങ്ങളിലും ഇവിടം പരിശോധിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. മാത്രവുമല്ല ചില ആള്‍ക്കാരുടെ സാന്നിധ്യം അവരുടെ ശ്രദ്ധയില്‍പെട്ടുവത്രേ.
ഇന്നത്തെ ബെഗുന്‍കൊടാര്‍
……………………………………………
42 വര്‍ഷത്തിനുശേഷം, 2009 ഓഗസ്റ്റില്‍, റെയില്‍വേ സ്റ്റേഷന് ഒരു പാസഞ്ചര്‍ ട്രെയിന്‍ ഹാള്‍ട്ടായി വീണ്ടും തുറന്നു. മുന്‍ റെയില്‍വേ മന്ത്രി മമത ബാനര്‍ജിയായിരുന്നു ഉദ്ഘാടനം. എങ്കിലും പണ്ടു പ്രചരിച്ച കഥകള്‍ കേട്ട് നിരവധിപ്പേരാണ് ഈ സ്റ്റേഷന് കാണാനായി മാത്രം എത്തുന്നത്. പലതും ഈ കേട്ടകഥകള്‍ വീണ്ടും കൂട്ടിച്ചേര്‍ത്ത് വലിയൊരു പ്രേതസ്റ്റേഷന്‍പോലെയാണ് ഇതിനെ ചിത്രീകരിക്കുന്നത്. പക്ഷെ അങ്ങനെയെത്തുന്നവരെ നാട്ടുകാര്‍ ഇന്ന് നിരുത്സാഹപ്പെടുത്തുകയാണ് പതിവ്. വീണ്ടും കള്ളക്കഥകള്‍ പ്രചരിപ്പിച്ച് ഇതിനെ അടച്ചിടുന്ന നിലയിലേക്കോ ജനങ്ങളെ ഭീതിപ്പെടുത്തുന്ന നിലയിലേക്കോ കൊണ്ടുപോകാന്‍ ഇന്ന് ജനങ്ങളും ആഗ്രഹിക്കുന്നില്ല. ആരുടെയൊക്കെയോ താല്പര്യങ്ങള്ക്കായി ഈ സ്റ്റേഷനെ കരുവാക്കുകയായിരുന്നു എന്ന് പലരും വിശ്വസിക്കുന്നു. ഇന്നിപ്പോള്‍ ഇവിടെ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകളുണ്ട്. അസന്‍സോളില്‍നിന്ന് ബൊക്കാറോ സ്റ്റീല്‍ സിറ്റിയിലേക്ക് പോകുന്ന മെമ്മു ഇവിടെ എത്തുന്ന സമയം രാത്രി 10 മണിക്ക് ശേഷമാണ്. അതുപൊലെ മറ്റൊരു ട്രെയിന്‍ സ്റ്റോപ്പുള്ളത് വൈകിട്ട് 6 മണിയോടെയാണ്. പത്തു മണിക്ക് ലാസ്റ്റ് സ്റ്റോപ്പുള്ള ഒരു സ്റ്റേഷനില്‍ രാത്രി പിന്നീട് ഇരിക്കേണ്ട ആവശ്യം യാത്രക്കാര്‍ക്ക് വരുന്നില്ലല്ലോ. സ്വാഭാവികമായും രാത്രി ആയാല്‍ ഇന്നും ഈ സ്റ്റേഷനും വിജനമാണ്. പക്ഷെ പ്രേതകഥകൊണ്ടല്ലെന്ന് മാത്രം. പക്ഷെ 42 വര്‍ഷം ഈ സ്റ്റേഷന് അടച്ചിട്ടു എന്നത് മറ്റൊരു സത്യവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: