ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വള്ളംകളിയുടെ ആവേശം തെല്ലും ചോരാതെ ആലപ്പുഴ നഗരത്തെയാകെ ആവേശത്തിലാക്കി വഞ്ചിപ്പാട്ട് മത്സരം. നെഹ്റു ട്രോഫി വള്ളംകളിയ്ക്ക് മുന്നോടിയായാണ് ആലപ്പുഴ നഗര ചത്വരത്തില്‍ വഞ്ചിപ്പാട്ട് മത്സരം നടത്തിയത്.
തോര്‍ത്ത് മുണ്ട് കറക്കി കുട്ടനാടന്‍ ശൈലിയില്‍ ഇടിച്ച് കുത്തി പെയ്തിറങ്ങിയ വഞ്ചിപ്പാട്ട് അക്ഷരാര്‍ത്ഥത്തില്‍ വള്ളംകളിയ്ക്ക് കാഹളം മുഴക്കുകയായിരുന്നു. മത്സരാര്‍ത്ഥികള്‍ക്കൊപ്പം കാണികളും അവേശത്തിലായി. ഓരോ പാട്ടിനൊപ്പവും കൈത്താളം കൊടുത്തും ആര്‍പ്പോ വിളിച്ചുമാണ് കാണികള്‍ ഒപ്പം ചേര്‍ന്നത്. വെച്ച് പാട്ട്, കുട്ടനാട്, ആറന്മുള എന്നീ ശൈലികളിലാണ് മത്സരങ്ങള്‍ നടന്നത്. ഒന്‍പത് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ 50 ടീമുകള്‍ പങ്കെടുത്തു.
രാമായണവും മഹാഭാരതവും വടക്കന്‍ പാട്ടുകളുമൊക്കെയാണ് പ്രധാനമായും പാട്ടിലൂടെ അവതരിപ്പിച്ചത്. ജൂനിയര്‍ വിഭഗം പെണ്‍കുട്ടികളുടെ മത്സരത്തിനിടയ്ക്ക് കുട്ടികള്‍ പാട്ട് മറന്നപ്പോള്‍ കാണികള്‍ ഒരുമിച്ച് ആര്‍പ്പോ വിളിച്ച് മുറിഞ്ഞു പോയ പാട്ടിന്റെ മറുപാതി കൂട്ടി ചേര്‍ത്തത് കൗതുകമുണര്‍ത്തി. മുന്‍മന്ത്രി ജി. സുധാകരനാണ് വഞ്ചിപ്പാട്ട് മത്സരം ഉദ്ഘാടനം ചെയ്തത്.
വള്ളംകളി ആലപ്പുഴയുടെ അഭിമാനമാണ്. 69 വര്‍ഷം ഇത് നടത്താനായി എന്നത് വലിയ കാര്യമാണ്. കായിക മേഖലയോടുള്ള നാടിന്റെ പ്രതിബദ്ധതയും വള്ളംകളിയോടുള്ള തീവ്രമായ സ്നേഹവുമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എംഎല്‍എ സി.കെ. സദാശിവന് ചടങ്ങില്‍ അധ്യക്ഷനായി. എന്‍ടിബിആര്‍ സൊസൈറ്റി സെക്രട്ടറി സബ് കളക്ടര്‍ സൂരജ് ഷാജി പതാക ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: