തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യമെമ്പാടും നടന്നുവരുന്ന പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് നാളെ ആഗസ്റ്റ് 9 മുതല്‍ 30 വരെ ‘മേരി മിട്ടി മേരാ ദേശ്’ ‘എന്റെ മണ്ണ് എന്റെ രാജ്യം’ എന്ന പേരില്‍ വിപുലമായ പരിപാടികള്‍ സംസ്ഥാനത്തും സംഘടിപ്പിക്കും. കേന്ദ്രസംസ്ഥാന ഗവണ്മെന്റുകള്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സൈനിക അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹ്യ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
പരിപാടികളുടെ ഭാഗമായി ആഗസ്റ് ഒമ്പതു മുതല്‍ 15 വരെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലൂം രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച സ്വാതന്ത്ര്യ സമരപോരാളികളുടെയും, രാജ്യസുരക്ഷക്കുവേണ്ടി ജീവത്യാഗം ചെയ്തവരുടെയും ഓര്‍മക്കായി 75 തരം വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചു അമൃത വാടിക നിര്‍മ്മിക്കും. ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ സ്വാതന്ത്ര്യ സമരസേനാനികള്‍ രാജ്യരക്ഷയ്ക്കായി ധീര രക്തസാക്ഷിത്വം വഹിച്ച സൈനികര്‍, അര്‍ദ്ധ സൈനികര്‍, എന്നിവരുടെ സ്മാരകമായി അമൃത് വാടികയുടെ സമീപമോ പഞ്ചായത്ത് തീരുമാനിക്കുന്ന സ്ഥലത്തോ ശിലാഫലകം സ്ഥാപിക്കും.
സ്വാതന്ത്ര്യ സേനാനികളുടെ കുടുംബാംഗങ്ങള്‍ രാജ്യ സുരക്ഷക്കുവേണ്ടി സുത്യര്‍ഹ്യമായ രീതിയില്‍ പ്രവര്‍ത്തിച്ച സൈനിക, അര്‍ദ്ധ സൈനിക സേനാഗംങ്ങള്‍ എന്നിവരെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിക്കും. ചടങ്ങിനോടനുബന്ധിച്ച് ദേശീയ പതാക ഉയര്‍ത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിച്ച അഞ്ചു പ്രതിജ്ഞ (പാഞ്ച് പ്രണ്) എടുക്കുകയും. ദേശീയ ഗാനം ആലപിക്കുകയും ചെയ്യും.
ആഗസ്റ് 16 മുതല്‍ 25 വരെ എല്ലാ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ശേഖരിക്കുന്ന മണ്ണ് ബ്ലോക്ക് തലത്തില്‍ സമാഹരിക്കുകയും, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളില്‍ നിന്നും ശേഖരിക്കുന്ന മണ്ണും ജില്ലാ കേന്ദ്രത്തില്‍ സമാഹരിച്ച് നെഹ്റു യുവ കേന്ദ്ര യുടെ വാളണ്ടിയര്‍മാര്‍ ഓഗസ്റ്റ് 27 നു മുന്‍പ് ന്യൂദല്‍ഹിയില്‍ എത്തിക്കും. രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തില്‍ നിന്നും ശേഖരിച്ച മണ്ണും ചെടികളും കൊണ്ട് ന്യൂദല്‍ഹിയിലെ കര്‍ത്തവ്യപഥിനു സമീപം അമൃത വാടിക തീര്‍ക്കും. ആഗസ്ത് 30ന് ന്യുദല്ഹിയില് നടക്കുന്ന സമാപന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: