ചെങ്ങന്നൂര്‍: അഞ്ചുമാസമായി പൂട്ടിക്കിടക്കുന്ന കോട്ട പ്രഭുറാം മില്‍സ് ഓണത്തിനുമുന്‍പ് തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. കമ്പനി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ വ്യവസായവകുപ്പ് ശുപാര്‍ശ ചെയ്ത സഹായധനം ലഭ്യമാകാത്തതാണ് ആശങ്കയ്ക്ക് കാരണം. മില്തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ മൂലധനം വായ്പയായി നല്കാന് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചെങ്കിലും ഇതു സംബന്ധിച്ച ഫയലില്‍ ഒപ്പുവയ്ക്കാന്‍ ധനവകുപ്പ് തീരുമാനമെടുത്തിട്ടില്ല. എക്സ്പെന്‍ഡിച്ചര്‍ സെക്രട്ടറി ഒപ്പിട്ടാല്‍ മാത്രമെ കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ മില്‍ കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ പണമെത്തുകയുള്ളു. പണമനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നെങ്കിലും ധനവകുപ്പ് തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയാണ്.
കോട്ട പ്രഭുറാം മില്‍ അടക്കം സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന മൂന്നു മില്ലുകള്‍ തുറക്കണമെങ്കില്‍ അഞ്ചുകോടി രൂപയെങ്കിലും വേണ്ടിവരും. സര്‍ക്കാര്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നു ചൂണ്ടിക്കാട്ടി തീരുമാനം വൈകിപ്പിക്കുകയാണ്. പണമനുവദിച്ചാല്‍ ഓണത്തിനു മുമ്പ് കമ്പനി തുറക്കാന്‍ സാധിക്കുമെന്നും അതിനുള്ള നടപടികള്‍ സ്വീകരിച്ചതായും കെ.എസ്.ടി.സി. അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ഓണത്തിനുമുന്‍പ് കമ്പനി തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇരുന്നൂറോളം വരുന്ന തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇക്കുറി കണ്ണീരോണമായിരിക്കുമെന്ന് തൊഴിലാളി യൂണിയനുകള്‍ ആശങ്ക അറിയിച്ചു. പഞ്ഞിയുടെ വില ഉയര്‍ന്നതും നൂലിന്റെ വിലയിടിഞ്ഞതും കമ്പനിയെ തളര്‍ത്തി. കൂടാതെ, മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയും ദുര്‍ച്ചെലവും പ്രശ്നം രൂക്ഷമാക്കിയെന്നാണ് യൂണിയനുകള്‍ ആരോപിക്കുന്നത്. അതേസമയം ഉദ്യോഗസ്ഥരില്‍ ഒരുവിഭാഗത്തിന് കമ്പനി തുടര്‍ന്നുകൊണ്ടു പോകണമെന്ന ആഗ്രഹമില്ലാത്തവരാണെന്നും ആക്ഷേപം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: