തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ സ്പീക്കർ വക്കംപുരുഷോത്തമനും ആദരമർപ്പിച്ച് പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം നിയമസഭ സമ്മേളനത്തിന് തുടക്കമായി. കേരള രാഷ്ടീയത്തിലെ സുപ്രധാന ഏട് അവസാനിച്ചെന്ന് ഉമ്മൻചാണ്ടിയുടെ വിയോഗത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.
അത്യപൂർവ്വ സാമാജികരുടെ നിരയിലാണ് ഉമ്മൻചാണ്ടി എന്നുമുണ്ടായിരുന്നത്. ഒരേ മണ്ഡലത്തിൽ നിന്നും ആവർത്തിച്ച് സഭയിലെത്തുകയെന്ന, ഒരു തവണ പോലും പരാജയം അറിയാതിരിക്കുക തുടങ്ങിയ അത്യപൂർവനേട്ടത്തിന് ഉടമയാണ് അദ്ദേഹം. കേരളം വിട്ടുപോകാത്ത മനസായിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്. ഭൗതികമായ സാന്നിധ്യം വിട വാങ്ങുമ്പോഴും ഉമ്മന്‍ ചാണ്ടി അവശേഷിപ്പിച്ച് പോയ സവിശേഷതകള്‍ പലതും കേരള രാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ച് നിലനില്‍ക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ നേട്ടങ്ങള്‍ പലതും ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ തന്നെ അത്യപൂര്‍വം പേര്‍ക്ക് മാത്രം സാധ്യമായ കാര്യങ്ങളാണ്. ആ അത്യപൂര്‍വം നിയമസഭാ സാമാജികരുടെ നിരയിലാണ് ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനം.1970 താനും ഉമ്മന്‍ ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭയില്‍ എത്തിയതെന്നും മുഖ്യമന്ത്രി ഓര്‍മിച്ചു. പിന്നീടുള്ള പല വര്‍ഷങ്ങളിലും താന്‍ സഭയ്ക്ക് പുറത്ത് രാഷ്രീയ പ്രവര്‍ത്തനത്തിലായിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് എന്നും പ്രിയങ്കരം കേരള നിയമസഭയായിരുന്നു. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായിട്ടും കേരളം കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെട്ട ആളാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അരനൂറ്റാണ്ടായി കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ചു. രാഷ്ട്രീയമായ ഇരു ചേരികളിൽ നിൽക്കുമ്പോഴും സൗഹൃദത്തിൽ വിട്ടുവീഴ്ചയില്ലായിരുന്നു. രോഗാതുരനായപ്പോൾ പോലും ഏറ്റെടുത്ത കടമകൾ നിർവ്വഹിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്നും പിണറായി അനുസ്മരിച്ചു. അടുത്തയിടെ വിടപറഞ്ഞ മുന്‍ മന്ത്രിയും സ്പീക്കറും ഗവര്‍ണറുമായിരുന്ന വക്കം പുരുഷോത്തമനേയും മുഖ്യമന്ത്രി അനുസ്മരിച്ചു. അഭിഭാഷക വൃത്തിയില്‍ പേരും പെരുമയും നേടിയ അദ്ദേഹത്തിന് ആ രംഗത്ത് തുടരാമായിരുന്നെങ്കിലും ജനസേവനത്തിന് വില കൊടുത്ത ആളാണ് അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആൾക്കൂട്ടത്തെ ഊർജ്ജമാക്കി ആറ് പതിറ്റാണ്ട് കേരള രാഷ്ട്രിയത്തിൽ നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് സ്പീക്കർ അനുസ്മരിച്ചു. പൊതു പ്രവർത്തകർക്ക് ഉമ്മൻചാണ്ടി എന്നും മാതൃകയായിരുന്നു. ജനക്ഷേമത്തിനും സംസ്ഥാന വികസനത്തിനും ഊന്നൽ നൽകിയിരുന്ന പൊതു പ്രവർത്തകനും നിയമസഭാ സാമാജികനും ആയിരുന്നു ഉമ്മൻചാണ്ടിയെന്നും സ്പീക്കർ അനുസ്മരിച്ചു. സ്പീക്കർ പദവിക്ക് അനുകരണീയ മാതൃകയായിരുന്നു വക്കം പുരുഷോത്തമനെന്നും സ്പീക്കർ അനുസ്മരിച്ചു. കേരളാ നിയമസഭയുടെ ഏറ്റവും കൂടുതൽ കാലം സ്പീക്കരായിരുന്ന വ്യക്തിയാണ് അദ്ദേഹം. കൃത്യനിഷ്ഠയും നിശ്ചയ ദാർഡ്യവുമായിരുന്നു വക്കത്തിന്റെ സവിശേഷതയെന്നും സ്പീക്കർ അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: