ചേലക്കര: മേളകലയുടെ രാജരസം തുളുമ്പുന്ന പഞ്ചാരിയും രൗദ്രതയുടെ താളപ്പെരുക്കമൊരുക്കുന്ന പാണ്ടിയും മനോധര്‍മത്തിന്റെ മാസ്മരികത തീര്‍ക്കുന്ന തായമ്പകയും കൊട്ടി പൂരപ്രേമികളുടെ മനസില്‍ നിറസാന്നിധ്യമായ പൈങ്കുളം പ്രഭാകരന് നായര്‍ക്ക് സുവര്‍ണമുദ്ര സമര്‍പ്പണം 6 ന് നടക്കും.
ആതിര മാസത്തിലെ ചോതി നക്ഷത്രത്തില്‍ ചാത്തനാത്ത് വേലുക്കുട്ടി നായരുടെയും വിഴക്കാട്ട് സീതമ്മയുടെയും പുത്രനായി പിറന്ന പ്രഭാകരന് മലയാളിയുടെ സ്വകാര്യ അഹങ്കാരമായ വാദ്യകലയുടെ വഴിത്താരയിലേക്കാണ് ഗണപതികൊട്ടിയത്. സരസ്വതീയാമത്തില്‍ ഉണര്‍ന്ന് നിളയുടെ നീരൊഴുക്കിന്റെ താളസമൃദ്ധിയില്‍ കത്തിച്ചുവച്ച നിലവിളക്കിനു മുമ്പില്‍ സാധകത്തിന്റെ നാലിരട്ടികള്‍ പെരുക്കങ്ങളായി പെയ്തിറങ്ങിയപ്പോള്‍ നാഴികകള്‍ പിന്നിട്ടതറിയാത്ത ബാല്യം. പൈങ്കുളത്തിന്റെ പൈതൃകസമ്പത്തായിരുന്ന മുണ്ടനാട്ട് ശങ്കരന്‍നായരുടേയും മേലൂട്ട് കൃഷ്ണന് നായരുടേയും ഗുരുമുഖത്തുനിന്നും പാഠക്കയ്യുകളും വാദ്യപാഠങ്ങളും ആവാഹിച്ച് തിരുവഞ്ചിക്കുഴി ക്ഷേത്രത്തിന്റെ തിരുസന്നിധിയില്‍ തായമ്പകയില്‍ അരങ്ങേറ്റം കുറിച്ചു.
ഉത്രാളിക്കാവ് പൂരത്തിന് എങ്കക്കാട് വിഭാഗത്തിന് 20 വര്‍ഷം മേളപ്രമാണിയായി. വാഴാലിക്കാവ്, കിള്ളിമംഗലം അങ്ങാടിക്കാവ് എന്നിവിടങ്ങലിലും അനേകവര്‍ഷം മേളനിരയെ നയിച്ചു. അന്തിമഹാകാളന്‍ വേലയോടനുബന്ധിച്ച് വെങ്ങാനെല്ലൂര്‍ ദേശത്തിന്റെ മേളപ്രമാണം പതിറ്റാണ്ടുകളോളം പ്രഭാകരന്റെ കരങ്ങളില്‍ ഭദ്രമായിരുന്നു. വെങ്ങാനെല്ലൂര്‍ ശിവക്ഷേത്രത്തില്‍ അന്തിമഹാകാളന്റെ നടയില്‍ വേല പുറപ്പെടുന്നതിനു മുമ്പുള്ള അടുക്ക്കൊട്ടുക എന്ന ചടങ്ങ് നടത്തിവരുന്നത് ഇദ്ദേഹമാണ്.
കേരളത്തിനകത്തും പുറത്തുമായി ഒട്ടനവധി ഉത്സവങ്ങളില്‍ മേളം, തായമ്പക എന്നിവയില്‍ പ്രഭാകരന് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ജനപ്രിയ കലാകാരനായ പ്രഭാകരന് നായര്‍ തന്റെ കലാവൈദഗ്ധ്യം ഒട്ടനവധി പേര്‍ക്ക് പകര്‍ന്നു നല്കി. ഞായര്‍ 2 മണി മുതല്‍ ചേലക്കര വെങ്ങാനെല്ലൂര്‍ ഗൗരീശങ്കരം ഓഡിറ്റോറിയത്തിലാണ് സമാദരണ പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: