പ്രകാശന് ചുനങ്ങാട്
9447278230
നന്ദകുമാര്‍ നായരാശാനെ നേരില്‍ കാണാനും കുറേ കാര്യങ്ങള്‍ ചോദിച്ചറിയാനുമാണ് ഞാന്‍ ഷൊര്ണ്ണൂരുള്ള അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നത്. എഴുപത്തഞ്ചിലും മുപ്പത്തഞ്ചിന്റെ യുവത്വം പ്രസരിക്കുന്ന ആശാന് എന്നെ അകത്തേക്കു ക്ഷണിച്ചു.
നമുക്കു പുറത്തിരിക്കാം, കാറ്റും വെളിച്ചവുമുണ്ടല്ലൊ’ എന്നു ഞാന്‍. മുറ്റത്തിനരികില് മേലാപ്പുപിടിച്ചുനില്ക്കുന്ന വൃക്ഷങ്ങളുടെ കീഴെ കസേരയിട്ട് ഞങ്ങളിരുന്നു. ഞാന്‍ വരവിന്റെ ഉദ്ദേശ്യം പറഞ്ഞു.
കുടുംബപശ്ചാത്തലം ഒന്നു വിശദമാക്കാമോ?
ചെറുതുരുത്തിക്കടുത്ത,് നിളാതീരത്തുള്ള ദേശമംഗലം ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന് കറുത്തേടത്ത് ഗോവിന്ദന് നായര്‍. ദേശമംഗലം മനയ്ക്കലെ കാര്യസ്ഥനായിരുന്നു. അമ്മ കോവുരത്തു മുണ്ടത്ത് പാറുകുട്ടിഅമ്മ. ഞാന്‍ നന്നേ കുട്ടിയായിരുക്കുമ്പൊഴേ ദേശമഗലം മന ക്ഷയിക്കാന്‍ തുടങ്ങിയിരുന്നു. കാര്യസ്ഥപ്പണിവിട്ട് അച്ഛന് മദിരാശിയിലേക്കു വണ്ടികയറി. ഓരോരോ തൊഴിലുകള്‍ ചെയ്ത് അല്ലലറിയിക്കാതെ കുടുംബം പോറ്റി. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടേണ്ടിയിരുന്നു അക്കാലത്ത്. ഞാന്‍ എട്ടുമക്കളില്‍ രണ്ടാമനായിരുന്നു. രണ്ടുകുട്ടികള്‍ അല്‍പ്പായുസ്സായി. എന്റെ നേരെ ഇളയ സഹോദരന് അടുത്തകാലത്താണ് മരണപ്പെട്ടത്. ഞങ്ങള്‍ മൂന്നു സഹോദരന്മാരും രണ്ടു സഹോദരിമാരും ഇപ്പോഴും ആയുരാരോഗ്യത്തോടെ കഴിയുന്നു.
കഥകളി പഠിക്കണമെന്ന് എപ്പോഴാണ് ആഗ്രഹിച്ചുതുടങ്ങിയത്?
ഞാന്‍ മൂന്നിലോ നാലിലോ പഠിക്കുന്നകാലത്ത് സ്കൂളില്‍ ഒരു ഓട്ടന്തുള്ളല് നടന്നു. കലാമണ്ഡലം സെറ്റായിരുന്നു തുള്ളല്‍ അവതരിപ്പിച്ചത് എന്നാണെന്റെ ഓര്‍മ്മ. തുള്ളല്‍കാരന്റെ വേഷവും കൊട്ടും പാട്ടും എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഓട്ടന്തുള്ളല് പഠിക്കണമെന്ന മോഹം കലശലായി. ആ പ്രായത്തില്‍ തുള്ളല്‍ വേറെ കഥകളി വേറെ എന്നൊന്നും തിരിച്ചറിവുണ്ടായിരുന്നില്ല. എന്റെ ഇഷ്ടം കണ്ടറിഞ്ഞ് അച്ഛന്റെ ഒരു മരുമകന് കാല്പായക്കടലാസില് പെന്സിലുകൊണ്ടൊരു അപേക്ഷ എഴുതിത്തന്നു. ചെറുതുരുത്തിയിലുള്ള കലാമണ്ഡലത്തില്‍ കൊണ്ടുകൊടുക്കാന്‍ പറഞ്ഞു. ഓപ്പോളേയുംകൂട്ടി നാലുമൈല്‍ നടന്ന് കലാമണ്ഡലത്തിലെത്തി അപേക്ഷ കൊടുത്തു. കുറച്ചു ദിവസം കഴിഞ്ഞ് ഇന്റര്‍വ്യൂന് കാര്‍ഡുവന്നു. അന്ന് അമ്മയോടൊപ്പമാണ് കലാമണ്ഡലത്തില്‍ പോയത്. ഞാന്‍ അഞ്ചാംക്ലാസിലേക്കു ജയിച്ചു. വേനലവധി കഴിഞ്ഞ് ആറാംക്ലാസില്‍ ചേര്‍ന്നു. അപ്പോഴാണ് എന്നെ ഓട്ടന്തുള്ളല്കോഴ്സിനു തെരഞ്ഞെടുത്തതായറിയിച്ചുകൊണ്ട് കത്തുവന്നത്.
അന്നത്തെ കലാമണ്ഡലം ഒന്ന് ഓര്‍ത്തെടുക്കാമോ?
നിളയുടെ തീരത്താണ് അന്നു കലാമണ്ഡലം. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് പുഴയില്‍നിന്ന് കുറേയകലെ വെട്ടിക്കാട്ടിരിയിലേക്ക് പറിച്ചുനട്ടു. ഞാന്‍ കലാമണ്ഡലത്തില്‍ ചേരുന്നതിന്റെ തലേവര്‍ഷം വള്ളത്തോള്‍ മരണപ്പെട്ടിരുന്നു. മഹാകവി ആയിരുന്നല്ലോ കലാമണ്ഡലത്തിന്റെ അദ്ധ്യക്ഷന്‍. സ്ഥാപനം ഗവര്‍മ്മെണ്ട് ഏറ്റെടുത്തു. കലാപഠനത്തോടൊപ്പം സ്കൂള്‍വിദ്യാഭ്യാസത്തിനുള്ള അവസരവും അങ്ങനെ ഉണ്ടായി. രാമന്‍കുട്ടിനായരാശാനാണ് ഞാന്‍ ചേരുന്നകാലത്ത് കലാമണ്ഡലത്തിലെ വലിയ ആശാന്. അതിനുമുമ്പ് പട്ടിക്കാംതൊടി രാവുണ്ണിമേനോനായിരുന്നു ആ പദവിയില്‍ എന്നു കേട്ടിട്ടുണ്ട്. പട്ടിക്കാംതൊടി വള്ളത്തോളുമായി ഇടഞ്ഞ് കോട്ടക്കല്‍ നാട്യസംഘത്തിലേക്കുപോയി. പിന്നീട് വാഴേങ്കട കുഞ്ചുനായരാശാന്‍ കലാമണ്ഡലത്തിന്റെ പ്രിന്‍സിപ്പാളായി. ഗുരുകുലസമ്പ്രദായത്തില്‍ ആശാനാണല്ലോ തലപ്പത്ത്. വിദ്യാഭ്യാസ സ്ഥാപനമായപ്പോള്‍ ആശാന് പ്രിന്‍സിപ്പാളായി എന്നുമാത്രം. വലിയ ആശാനെക്കൂടാതെ വേറെയും ആശാന്മാരുണ്ടായിരുന്നു. വേഷത്തിന്, കൊട്ടിന്, പാട്ടിന്, ചുട്ടിക്ക്.
എത്രവര്‍ഷം ഓട്ടന്തുള്ളല് പഠിച്ചു?
നാലുവര്‍ഷത്തെ കോഴ്സായിരുന്നു. ഉഴിച്ചില്‍, കണ്ണുസാധകം, മെയ്യഭ്യാസം ഇതെല്ലാം കഥകളി വേഷത്തിനുചേര്ന്ന കുട്ടികള്‍ക്കൊപ്പം. കഠിനമായ പരിശീലനമാണ് കഥകളി അഭ്യസിക്കുന്ന കുട്ടികള്‍ക്ക്. വേഷമായാലും വാദ്യമായാലും പാട്ടായാലും, ഞങ്ങള്‍ തുള്ളല്വിദ്യാര്ത്ഥികള് കണ്ടും കേട്ടും സ്വയം പഠിക്കട്ടെ എന്നായിരുന്നു ആശാന്മാരുടെ നിലപാട്.
ഓട്ടന്തുള്ളല് കലാമണ്ഡലത്തിനുപുറത്ത് അങ്ങ് അവതരിപ്പിക്കാറുണ്ടായിരുന്നോ?
കലാമണ്ഡലത്തില്‍ തുള്ളല്‍ പരിശീലിക്കുന്ന കാലത്തുതന്നെ പുറത്തുള്ള അരങ്ങുകളില്‍ ഓട്ടന്തുള്ളല് അവതരിപ്പിക്കുമായിരുന്നു. എന്നെ പരിശീലിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് എന്നോട് വാത്സല്യമായിരുന്നു. ഞാന്‍ അവരുടെ പ്രതീക്ഷക്കൊത്തുയര്‍ന്നിരുന്നു എന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു.
എങ്ങനെയാണ് ഓട്ടന്‍തുള്ളലിന്റെ വേദിവിട്ട് കഥകളിയുടെ അരങ്ങിലെത്തിയത്?
ഓട്ടന്തുള്ളലില് കൂടുതലൊന്നും പഠിക്കാനില്ലെന്ന് എനിക്കു ബോധ്യമായി. കഥകളി പഠിക്കണമെന്ന മോഹം കലശലായി. എന്റെ ആഗ്രഹനിവര്‍ത്തിക്ക് സാധ്യതയൊന്നും കാണുന്നില്ലല്ലോ എന്ന ദുഃഖം എന്നെ അലട്ടിത്തുടങ്ങി. കോഴ്സ് കഴിയുന്ന മുറക്ക് ഞാന്‍ കലാമണ്ഡലത്തിന്റെ സെക്രട്ടറിയായിരുന്ന സുബ്രഹ്മണ്യയ്യരെ ചെന്നുകണ്ടു. പേടിച്ചുപേടിച്ച് എന്റെ അപേക്ഷ ഞാന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ചു. ‘താന്‍ നീളംവെക്കുകയൊന്നുമില്ല, അതുകൊണ്ട് കഥകളി പഠിച്ചാല്‍ നന്നാവില്ല’എന്ന് അദ്ദേഹം മുഖത്തു നോക്കിപ്പറഞ്ഞു. എനിക്കു വലിയ നിരാശയായി. ധൈര്യം സംഭരിച്ച് ഞാന്‍ അപേക്ഷയുമായി ചെയര്‍മാനായിരുന്ന കൃഷ്ണയ്യരെ സമീപിച്ചു. പറ്റില്ലെന്ന് അദ്ദേഹവും തീര്‍ത്തു പറഞ്ഞു. ‘ചോദിച്ചുവാങ്ങിയ ഒരു വിഷയം പഠിച്ചുതീര്‍ത്ത് അതില്‍ തുടരേണ്ടതിനു പകരം മറ്റൊന്നിനു ചേര്‍ന്നാല്‍ ഗവര്‍മ്മെണ്ടിനു നഷ്ടമാകില്ലെ’ എന്ന് അദ്ദേഹം ചോദിച്ചു. എന്റെ വിഷമം കണ്ടറിഞ്ഞ് പ്രിന്‍സിപ്പാളായിരുന്ന കുഞ്ചുനായരാശാന്‍ കോട്ടയ്ക്കലേക്ക് ഒരു കത്തു തന്നു. എന്നെ ആശാന് ഇഷ്ടമായിരുന്നു എന്ന് എനിക്കറിയാം. അദ്ദേഹം അതു പ്രകടിപ്പിക്കാറില്ലെങ്കിലും.
കലാമണ്ഡലത്തില്‍ത്തന്നെ കഥകളി കോഴ്സിനു ചേരാന്‍ ആഗ്രഹമുണ്ടെന്ന് കുഞ്ചുനായരാശാനോട് തുറന്നു പറയാമായിരുന്നില്ലെ?
സെക്രട്ടറിയും ചെയര്‍മാനും എന്റെ അപേക്ഷ നിരസിച്ചതിനാല്‍ ഇക്കാര്യം പറഞ്ഞ് കുഞ്ചുനായരാശാനെ സമീപിക്കാന്‍ പേടിയായിരുന്നു.
വാഴേങ്കട കുഞ്ചുനായരാശാനെ എങ്ങനെ വിലയിരുത്തുന്നു?
വിട്ടുവീഴ്ചയില്ലാത്ത ഔചിത്യദീക്ഷകൊണ്ട് അദ്ദേഹം സംശുദ്ധമായ ഒരു തനതുവഴിയുണ്ടാക്കിവെച്ചിരുന്നു. കഥകളിയുടെ സത്തയിലേക്കിറങ്ങിവരുന്നവര്ക്ക് ആശാന് നല്‍കിയിരുന്നത് പരമാനന്ദരസമായിരുന്നു. അതിനാല്‍ ക്ലാസ്ആസ്വാദകരായിരുന്നു ആശാന്റെ ഫാന്‍സ്.
്യൂ എന്തുകൊണ്ടാണ് ഓട്ടന്തുള്ളല് ഉപേക്ഷിച്ച് കഥകളി തെരഞ്ഞെടുത്തത്?
ക്യാരക്റ്ററൈസേഷന്തന്നെയാണ് ഏറ്റവും പ്രധാനമായി കഥകളിയുടെ ആകര്‍ഷണം. കഥകളിയിലെ ക്യാരക്റ്ററൈസേഷന്റെ അനന്തസാധ്യത ഞാന്‍ ഒരു കലയിലും കണ്ടിട്ടില്ല. ഓട്ടന്തുള്ളല് ഒരു നാടന്കലയാണെന്നാണ് എന്റെപക്ഷം. കലയുടെ സൂക്ഷ്മതലങ്ങളിലേക്കിറങ്ങിച്ചെല്ലാതെ, തികച്ചും ഉപരിപ്ലവമായ ദൃശ്യപ്പൊലിമ കാഴ്ചവെച്ച്, കാണികള്‍ക്ക് ഒരു ദൃശ്യാനുഭവത്തിന്റെ പകിട്ട്, സന്തോഷം നല്‍കുക എന്നതിലപ്പുറത്തേക്ക് അത്യുദാത്തമായ കര്‍ത്തവ്യങ്ങളൊന്നും ചെയ്തുതീര്ക്കാനില്ലാ ഓട്ടന്തുള്ളലില്.
ഓട്ടന്തുള്ളലില് ഇപ്പോള്‍ വരുത്തിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളെക്കുറിച്ച് എന്താണഭിപ്രായം?
കഥകളിയേയും കൂടിയാട്ടത്തിനേയും കടംകൊണ്ട് ഓട്ടന്തുള്ളല് മറ്റെന്തൊക്കെയോ ആയി മാറിയിട്ടുണ്ട്. പഴയ തുള്ളലില്‍ കുറച്ചു പാട്ട്, കുറച്ചു നൃത്തം, കുറച്ച് അഭിനയം. അത്രയേ ഉണ്ടായിരുന്നുള്ളു. അതേ വേണ്ടൂ. പാട്ടുതന്നെയാണ് തുള്ളലില്‍ പ്രധാനം. സാമാന്യസംഗീതബോധത്തോടെ ഓട്ടന്‍തുള്ളലിലെ വരികള്‍ ഉച്ചത്തില്‍ പാടുക. അതിന് ഒന്നോ രണ്ടോ ലളിതമായ മുദ്രകള്‍ കാണിക്കുക. സ്റ്റെപ്പുകള്‍ വെക്കുക. ഓട്ടന്തുള്ളല് ജനകീയ കലയാണ്. അതിനെ ക്ലാസിക്കലാക്കാന് ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ അത് അരോചകമായി അനുഭവപ്പെടാം.
കോട്ടയ്ക്കലെ കഥകളി അഭ്യസനസമ്പ്രദായം ഒന്നു വിശദീകരിക്കാമോ?
കലാമണ്ഡലം ഗുരുകുലസമ്പ്രദായം വിട്ട് വിദ്യാഭ്യാസ സ്ഥാപനമായി മാറിയിരുന്നു. കഥകളി ശിക്ഷണത്തോടൊപ്പം എലിമെന്ററിലെവല് തൊട്ട് ഹൈസ്കൂള്‍തലം വരെ പാഠ്യപദ്ധതിയും വിഭാവനം ചെയ്തിരുന്നു. കോട്ടയ്ക്കലെ സമ്പ്രദായം അങ്ങനെയല്ല. ഗുരുകുലസമ്പ്രദായത്തില്തന്നെയാണ് കഥകളി അഭ്യസിപ്പിച്ചിരുന്നത്.
ഗുരുവിന്റെ കൂടെത്താമസിച്ച് ഗുരുവില്‍നിന്ന് വിദ്യ നേടുക. അതാണല്ലോ ഗുരുകുലവിദ്യാഭ്യാസം. ഞാന്‍ കോട്ടയ്ക്കലില്‍ കഥകളി പഠിക്കാന്‍ ചേരുമ്പോള്‍ കൃഷ്ണന്കുട്ടിനായരാശാനാണ് ഗുരുനാഥന്. കഥകളി അതിന്റെ എല്ലാ ചിട്ടകളോടുംകൂടി പഠിപ്പിക്കണമെന്ന നിഷ്കര്‍ഷയുള്ളയാളായിരുന്നു അദ്ദേഹം. പരിപൂര്‍ണ്ണമായ വിധേയത്വമാണ് ആശാന് ശിഷ്യരില്‍നിന്ന് പ്രതീക്ഷിച്ചത്. കഥകളി ശിക്ഷണം ഉഴിച്ചിലില്നിന്നു തുടങ്ങുന്നു. വെറും ഉഴിച്ചില്‍ പോരാ, ചവിട്ടി ഉഴിയണം. സന്ധിബന്ധങ്ങള്‍ അയഞ്ഞുകിട്ടണം. മെയ്വഴക്കമാണ് ഒരു വിദ്യാര്‍ത്ഥി ആദ്യം സ്വായത്തമാക്കേണ്ടത്.
കോട്ടയ്ക്കല്‍ നാടകക്കമ്പനിയെ കഥകളിക്കളരിയാക്കാന് പി.എസ്.വാരിയര്‍ തീരുമാനിച്ചപ്പോള്‍ പട്ടിക്കാംതൊടി രാവുണ്ണിമേനോനെയാണ് അദ്ദേഹം ആശാനായിക്കണ്ടത്. അക്കാലത്ത് വള്ളത്തോളുമായി പട്ടിക്കാംതൊടി അത്ര രസത്തിലായിരുന്നില്ല. അതിനാലാണ് അദ്ദേഹം കോട്ടയ്ക്കലേക്കു വന്നത്. പിന്നീട് വള്ളത്തോളിനോടുള്ള പിണക്കം മാറി, രാവുണ്ണിമേനോനാശാന് കലാമണ്ഡലത്തിലേക്കുതന്നെ തിരിച്ചുപോയി. ആ സ്ഥാനത്തേക്ക് കവളപ്പാറ നാരായണ്നായരാശാനെ നിയമിച്ചു. അദ്ദേഹം കുറച്ചുകാലമേ കോട്ടയ്ക്കല്കളരിയിലുണ്ടായിട്ടുള്ളു. ശേഷം, വാഴേങ്കട കുഞ്ചുനായരാശാന്‍ വന്നു. കുഞ്ചുനായരാശാന്‍ കലാമണ്ഡലത്തിലേക്കു പോയപ്പോഴാണ് കൃഷണന്കുട്ടിനായരാശാന് കോട്ടക്കല്‍ കളരിയുടെ ആശാനാകുന്നത്.
കോട്ടയ്ക്കലെ ശിക്ഷണസമ്പ്രദായം രൂപപ്പെടുത്തിയത് പട്ടിക്കാംതൊടിയാണ്. അദ്ദേഹം കൊത്തിയെടുത്ത ശില്‍പ്പത്തെ കുഞ്ചുനായരാശന്‍ ചിന്തേരിട്ടു മിനുക്കിയെടുത്തു. ഒരു പെര്‍ഫോമിങ്ങ് ഗ്രൂപ്പു മാത്രമായിരുന്നു കോട്ടയ്ക്കല്‍ നാട്യസംഘം. അല്ലാതെ വിദ്യാഭ്യാസ സ്ഥാപനമായിരുന്നില്ല. ഗുരുകുല രീതിതന്നെയാണ് കല അഭ്യസിക്കാന്‍ ഉത്തമം എന്നാണ് എന്റെ വിശ്വാസം.
ഒരു ക്ലാസിക്കല്‍ കലാരൂപമെന്ന നിലക്ക് കാലാനുസൃതമായ മാറ്റങ്ങള്‍ കഥകളിയില്‍ സാധ്യമല്ല. എങ്കിലും പുതിയ കഥകള്‍ അരങ്ങത്തവതരിപ്പിക്കാന്‍ കോട്ടയ്ക്കല്‍ നാട്യസംഘം ഉത്സാഹിച്ചിരുന്നു എന്നു കേട്ടിട്ടുണ്ട്?
ശരിയാണ്. പാലക്കാടു വിക്ടോറിയാകോളേജിലെ പ്രൊഫസര്‍ വിജയന്മാഷിന്റെ മണികണ്ഠവിജയം ആട്ടക്കഥയാണ് ആദ്യം പരീക്ഷിച്ചത്. അത് വന്‍വിജയമായി. പിന്നീട് കോട്ടയ്ക്കല്‍ വൈദ്യശാലയിലെ മാനേജരായ സി.എ.വാരിയര്‍ എഴുതിയ അയ്യപ്പചരിതം നാട്യസംഘം അരങ്ങില്‍ കളിച്ചുതുടങ്ങി. ആ കഥയും വിജയമായിരുന്നു. വാവര് അയ്യപ്പചരിതത്തില്‍ പുതുമയുള്ള വേഷമായിരുന്നു. പുലരാന്‍ കാലത്ത് നടന്നുപോന്ന അയ്യപ്പനും വാവരും തമ്മിലുള്ള യുദ്ധം കാണികള്‍ക്ക് ഹരം പകര്‍ന്നു. എനിക്കായിരുന്നു അയ്യപ്പന്റെ വേഷം.
അയ്യപ്പചരിതത്തിന്റെ ജനസമ്മതിയില്‍ ആവേശംകൊണ്ട് കൃഷ്ണന്‍കുട്ടിനായരാശാന്‍ സമ്പൂര്‍ണ്ണരാമായണം കഥ കമ്പോസു ചെയ്തു. ഒറ്റരാത്രികൊണ്ട് രാമായണം കഥ ആടാനാണ് ആശാന് ചിട്ടപ്പെടുത്തിയത്. കഥകളി ആസ്വാദകര്‍ സമ്പൂര്‍ണ്ണരാമായണം കഥ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു. നീണ്ടുനില്‍ക്കുന്ന രംഗങ്ങളില്ല. കണ്ണിനു മടുപ്പില്ലാതെ പുതിയ വേഷങ്ങള്‍- പച്ച, കത്തി, താടി, കരി, മിനുക്ക്- വന്നുംപോയുംകൊണ്ടിരിക്കും. ഒരു കാലിഡോസ്കോപ്പിക് ദൃശ്യാനുഭവം. കളി നടക്കുന്ന പറമ്പിലെ ചായക്കടക്കാര്പോലും ആവേശത്തോടെ പുതിയ കളി കണ്ടിരുന്നു. ശ്രീകൃഷ്ണലീല. ഹരിശ്ചന്ദ്രചരിതം. സത്യവാന്‍സാവിത്രി. ഗുരുദക്ഷിണ. സീതാപരിത്യാഗം- പുതിയ പുതിയ കഥകള്‍ ഓരോ കാലത്ത് നാട്യസംഘം രംഗത്തവതരിപ്പിച്ച് പെരുമനേടിയിട്ടുണ്ട്. ചെറിയ കുട്ടികള്‍ക്ക് തനിപ്പാലു നേരിട്ടുകൊടുക്കാന്‍ പറ്റാതെവരുമ്പോള്‍ വെള്ളം ചേര്‍ത്ത് നേര്പ്പിക്കുന്നപോലെത്തന്നെയായിരുന്നു പുതിയ കഥകളുടെ കഥകളിവല്ക്കരണം.
ശരീരഭാഷ എന്നാലെന്താണെന്ന് വിശദീകരിച്ചുതരാമോ?
കഥകളിക്കാരുടെ ഭാഷയാണ് ശരീരഭാഷ. ഈ ഭാഷയിലൂടെയാണ് കളിക്കാര്‍ കാണികളുമായി സംവദിക്കുന്നത്. ശരീരഭാഷയിലുള്ള ശുദ്ധി ജീവിതവൃത്തിയായിത്തന്നെ ഒരു നടന് തപസ്യപോലെ കൊണ്ടുനടക്കേണ്ടതാണ്.
ശരീരഭാഷയും ഉഴിച്ചിലും തമ്മിലെന്താണു ബന്ധം?
ഉഴിച്ചിലാണ് ഒരു കഥകളിവിദ്യാര്ത്ഥിയെ മെയ്വഴക്കമുള്ള നടനാക്കിമാറ്റുന്നതിന്റെ ആദ്യപടി. വഴങ്ങിയ മെയ്യില്നിന്നേ തട്ടുംതടവുമില്ലാത്ത ശരീരഭാഷ പുറപ്പെടൂ. സംശുദ്ധവും സൗന്ദര്യമാര്‍ന്നതുമായ മലയാളഭാഷ വള്ളുവനാടന്ഭാഷയാണെന്ന് തെക്കുള്ളവരും സമ്മതിക്കുന്നുണ്ടല്ലൊ. നല്ല ശരീരഭാഷയും വള്ളുവനാട്ടുനിന്ന് ഉരുത്തിരിഞ്ഞുവന്നിട്ടുള്ളതാണ്. അതിന്റെ ശക്തനായ പ്രയോക്താവായ പട്ടിക്കാംതൊടി രാവുണ്ണിമേനോനെ എനിക്ക് നേരിട്ടുകാണാന്‍ സാധിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ നിഷ്കര്‍ഷകളെ സസൂക്ഷ്മം രേഖപ്പെടുത്തിവെച്ചിട്ടുള്ള വിശദമായ നോട്ടുകള്‍ കണ്ട് ഞാന്‍ വിസ്മയിച്ചിട്ടുണ്ട്.
എന്താണ് കഥകളിയിലെ പ്രശസ്തമായ കല്ലുവഴിച്ചിട്ട?
പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ ഗുരുവായിരുന്നു കല്ലുവഴി ഇട്ടിരാരിശ്ശമേനോന്‍. ഒരു പാലക്കാടന്‍ പറയില്കൊള്ളുന്ന നെല്ല് നിലത്തു വട്ടത്തില്‍ ചിക്കിയിട്ടാല് എത്ര വിസ്താരം കിട്ടുമോ, ആ സ്ഥലത്തു നിന്നിട്ടുവേണം നടന് അരങ്ങിലാടാനെന്ന് ഇട്ടിരാരിശ്ശമേനോന്‍ നിഷ്കര്‍ഷിച്ചു. തിരിയില്‍നിന്നു കൊളുത്തിയ പന്തമായിരുന്നു രാവുണ്ണിമേനോന്. അരങ്ങില്‍ കളിക്കുന്ന നടന്മാരുടെ ശരീരചലനങ്ങള്‍ അദ്ദേഹം ശാസ്ത്രീയമായി ചിട്ടപ്പെടുത്തി. നടന്റെ തള്ളവിരല്തൊട്ട് മൂര്ദ്ദാവുവരെ, ചൊല്ലിയാടുമ്പോള്‍ എങ്ങനെ ആയിരിക്കണമെന്ന് നിര്‍വചിച്ച്, പരിപൂര്‍ണ്ണത, ഒതുക്കം, സൗന്ദര്യം എന്നീ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ കഥകളിയില്‍ ഇങ്ങനെയൊരു ശരീരചലനവഴി പട്ടിക്കാംതൊടി രൂപപ്പെടുത്തിയതിന്റെ പിറകില്‍ എത്ര ചിന്തകളും സാധനകളും അദ്ധ്വാനവും ഉണ്ടായിട്ടുണ്ടെന്ന് ആലോചിക്കുമ്പോള്‍ അതിശയം തോന്നാറുണ്ട്.
കഥകളിയിലെ ‘ചുഴിപ്പുകള്‍’ എന്നു പറഞ്ഞുകേള്‍ക്കാറുണ്ട്. എന്താണ് ചുഴിപ്പുകള്‍ എന്ന് കേള്‍ക്കാന്‍ ആഗ്രഹമുണ്ട്?
അമര്‍ന്നുനിന്ന് ‘ചുഴിപ്പുകള്‍’ എടുക്കുന്നതാണ് കല്ലുവഴിച്ചിട്ടയുടെ പൂര്‍ണ്ണത. സാമാന്യമായിപ്പറഞ്ഞാല്‍, അമര്‍ന്നുനിന്ന് അഥവാ താണുനിന്ന് അരയ്ക്കുമേല്ഭാഗംകൊണ്ട് ആടുന്നതാണ് ചുഴിപ്പെടുക്കല്‍. പരിശീലനക്കാലത്ത് ആര്‍ക്കാണ് കൂടുതല്‍ നേരം അമര്‍ന്നു നില്ക്കാന് കഴിയുന്നത് എന്ന മത്സരബുദ്ധിയുണ്ടായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്ക്. രണ്ടുമൂന്നാവര്‍ത്തി ചുഴിപ്പെടുക്കുമ്പോഴേക്കും മുട്ടു വിറയ്ക്കാന്‍ തുടങ്ങും. നേരത്തെ നിര്‍ത്തുന്നവര്‍ക്ക് ഗുരുവിന്റെ വക ശകാരം ഉറപ്പ്. ചുഴിപ്പുകൊണ്ട് അരങ്ങത്ത് ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഗുണഫലങ്ങളെക്കുറിച്ച് അന്നു ഞങ്ങള്‍ക്കൊന്നുമറിയില്ലായിരുന്നു.
പുതിയ കാലത്ത് ഇത്ര ചിട്ടയായും കര്‍ക്കശമായും കളരിയില്‍ കുട്ടികളെ പരിശീലിപ്പിക്കാറുണ്ടോ?
മാറിയ സാഹചര്യത്തില്‍ അത്തരത്തിലുള്ള കര്‍ശനമായ പരിശീലനം നടക്കുന്നില്ലെന്ന് പറയേണ്ടിയിരിക്കുന്നു. ഉടുത്തുകെട്ടി, ആടയാഭരണങ്ങളണിഞ്ഞ്, ഭാരമുള്ള കിരീടം തലയില്‍വെച്ച് അരങ്ങത്ത് അനായാസം ആടണമെങ്കില്‍ ശരീരഭാഷ കഷ്ടപ്പെട്ട് പരിശീലിക്കുകതന്നെ വേണ്ടിവരും.
എത്രവര്‍ഷം കോട്ടയ്ക്കല്‍ നാട്യസംഘത്തിലുണ്ടായിരുന്നു?
പതിനാറുവര്‍ഷം കൃഷ്ണന്‍കുട്ടിയാശാന്റെ കീഴില്‍ ചൊല്ലിയാടി. പിന്നീട് പതിനെട്ടുവര്‍ഷത്തോളം നാട്യസംഘത്തില്‍ കഥകളി വേഷക്കാരന്. തൊണ്ണൂറ്റെട്ടില് കോട്ടയ്ക്കലില്‍നിന്നു പിരിഞ്ഞു.
ഓര്‍മ്മയില്‍ തെളിമയോടെ നില്ക്കുന്ന കളിയരങ്ങുകള്‍ ഏതൊക്കെയാണ്?
പാലക്കാടു ജില്ലയിലെ മൂന്നു ക്ഷേത്രങ്ങളില്‍ അക്കാലത്ത് വേലയ്ക്ക് അല്ലെങ്കില്‍ ഉത്സവത്തിന് നാലു ദിവസത്തെ കഥകളി നിര്‍ബന്ധമായിരുന്നു. പല്ലശ്ശന പഴയ കാവ്. കല്ലേക്കുളങ്ങര ഏമൂര്‍ ഭഗവതി ക്ഷേത്രം, കടമ്പഴിപ്പുറത്തിനടുത്തുള്ള തോട്ടരദേശത്തെ പച്ചായില്‍ ശിവക്ഷേത്രം. കളി കണ്ടാസ്വദിക്കാന്‍ കഴിവുള്ളവരായിരുന്നു ഈ ക്ഷേത്രാങ്കണങ്ങളിലെത്തിച്ചേരുന്ന കാണികള്‍. പ്രഗത്ഭരായ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും കളി അരങ്ങേറുക. ഏതു കളി വേണമെന്നു തീരുമാനിക്കുന്നത് കഥകളി ആസ്വാദകരാണ്. മൂന്നിടങ്ങളിലെ കളികള്‍ക്കും കോട്ടയ്ക്കല്‍ നാട്യസംഘത്തിനായിരുന്നു പ്രാമുഖ്യം. പുറത്തുനിന്നുള്ള പ്രഗത്ഭന്മാരായ കലാകാരന്മാരും പങ്കെടുക്കാറുണ്ട്.
ഓര്‍മയില്‍ പച്ചപിടിച്ചു കിടക്കുന്നുണ്ട്, പച്ചായില്‍ ശിവക്ഷേത്രത്തില്‍ നടക്കുന്ന നാലുദിവസത്തെ കളി. തനി കുഗ്രാമമായ തോട്ടരയിലാണ് അരങ്ങേറുന്നതെങ്കിലും, പങ്കെടുക്കുന്ന കലാകാരന്മാര്ക്ക് താമസിക്കാനും കാണികള്‍ക്ക് ഇരുന്നു കളി കാണാനും സൗകര്യങ്ങള്‍ തീരെക്കുറവാണെങ്കിലും, കേമന്മാരായ കഥകളി വേഷക്കാരും പാട്ടുകാരും ചെണ്ടക്കാരും പച്ചായിലെത്തും. കഥകളിയെപ്പറ്റി നല്ല ഗ്രാഹ്യമുള്ള പ്രൗഢസദസ്സ് അരങ്ങിനുമുമ്പിലുണ്ടാവും. ചരല്‍പ്പറമ്പില്‍ ചമ്രംപടിഞ്ഞിരുന്നാണ് അവര്‍ കളികാണുക. പുലരുവോളം കാണികള്‍ ആ ഇരുപ്പിരുന്നെന്നു വരും. വെള്ളിനേഴി, അടക്കാപുത്തൂര്‍, ചെര്‍പ്പുളശ്ശേരി, മുന്നൂര്‍ക്കോട്, ശ്രീകൃഷ്ണപുരം തുടങ്ങിയ അയല്ദേശങ്ങളില്നിന്ന് കഥകളിപ്രേമികള്‍ പച്ചായിലെത്താതിരിക്കില്ല. വിഷുക്കാലമായതിനാല്‍, മഴയില്ലാതെ പച്ചായില്‍ കളിയില്ല എന്നാണ് സാധാരണ പറയാറ്. മഴ പെയ്താല്‍ കാണികള്‍ കുറയുകയാണല്ലോ ചെയ്യുക. ഇവിടെ മഴ കൂസാതെ പത്തുമണിക്കു വിളക്കുവെക്കുന്നതോടെ കാണികളെക്കൊണ്ട് അമ്പലപ്പറമ്പു നിറയും. പച്ചായിലെ കളിയില്‍ പങ്കെടുക്കുന്ന ത്രില്ലുണ്ടല്ലൊ, അതൊന്നു വേറെത്തന്നെയാണ്.
അങ്ങയുടെ വിദേശ യാത്രകളെപ്പറ്റി അറിയാന്‍ താല്‍പ്പര്യമുണ്ട്.
1971ല്‍ എന്റെ 23-ാം വയസ്സില്‍ ഇന്തോനേഷ്യയിലേക്കാണ് ആദ്യയാത്ര; കോട്ടയ്ക്കല്‍ നാട്യസംഘത്തില്‍ വേഷക്കാരനായിട്ട്. കോട്ടയ്ക്കല്‍ നാട്യസംഘം ഒരു സ്വകാര്യസ്ഥാപനമാണ്. ഗവര്‍മ്മെണ്ട് ഇടപെടുന്ന യാത്രകള്‍ക്ക് എപ്പോഴും കലാമണ്ഡലത്തിനെയാണ് പരിഗണിക്കുക. ഇന്ത്യന്‍ പ്രസിഡണ്ടായിരുന്ന വി.വി. ഗിരി കുറച്ചുകാലം കോട്ടയ്ക്കലില്‍ ചികിത്സക്കു വന്നുതാമസിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രത്യേക താല്‍പ്പര്യത്തിലാണ് നാട്യസംഘത്തിന് ഇന്തോനേഷ്യന്‍ യാത്ര തരമായത്.
അവിടത്തെ രാമായണോത്സവത്തില്‍ രാമായണം കഥ ഇതിവൃത്തമാക്കിയ കഥകള്‍ അവതരിപ്പിക്കാനാണ് ക്ഷണം. ഗ്വാളിയോറില്‍നിന്ന് ലിറ്റില്‍ ബാലെ ഗ്രൂപ്പും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ഭരിക്കുന്നത് മുസ്ലിം ഭരണാധികാരിയാണെങ്കിലും മതപരമായ എല്ലാ സ്വാതന്ത്ര്യവും ജനങ്ങള്‍ക്കുണ്ടായിരുന്നു. പേരുകൊണ്ടോ പെരുമാറ്റം കൊണ്ടോ ഹിന്ദുക്കളേയും മുസ്ലിങ്ങളേയും തിരിച്ചറിയാന്‍ കഴിയില്ല. പലതായി ചിതറിക്കിടക്കുന്ന ദ്വീപസമൂഹമാണ് ഇന്തോനേഷ്യ. പല ദ്വീപുകളിലായിട്ടാണ് പരിപാടി അവതരിപ്പിച്ചത്.
അടുത്ത വിദേശയാത്ര എണ്പത്തിമൂന്നില്, ആനപ്രസവംപോലെ പന്ത്രണ്ടുവര്‍ഷത്തിനുശേഷം, ചൈനയിലേക്ക്. ചൈനീസ് അമ്പാസഡറായിരുന്ന കണ്ണമ്പിള്ളി ശിവശങ്കരമേനോന്റെ ഉത്സാഹത്തിലാണ് യാത്ര തരപ്പെട്ടത്.
വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ അംഗീകാരം ഒരു കഥകളി കലാകാരനെന്ന നിലക്ക് എനിക്കു കിട്ടുകയുണ്ടായി. അങ്ങനെ കഇഇഞന്റെ മേല്‍വിലാസത്തില്‍ കഥകളി അവതരിപ്പിക്കാന്‍ നെതര്‍ലാന്‍ഡിലേക്കും അവിടെനിന്ന് കഥകളി ഡെമോണ്സ്ട്രേഷന് നടത്താന്‍ സ്പെയിനിലേക്കും പോയിട്ടുണ്ട്. ജര്‍മ്മനിയിലും പോര്‍ച്ചുഗലിലും, ചില വിദേശ നൃത്തസംഘങ്ങളുടെ ക്ഷണം സ്വീകരിച്ച് ബ്രസീലിലും മറ്റുചില തേക്കേഅമേരിക്കന് രാജ്യങ്ങളിലും കഥകളി അവതരിപ്പിച്ചു. മൂന്നുവട്ടം ബ്രസീലില്‍ കഥകളി അവതരിപ്പിക്കാന്‍ പോയിട്ടുണ്ട്.
ഏതൊക്കെ അംഗീകാരങ്ങളാണ് അങ്ങയെത്തേടിവന്നത്?
2009-ല്‍ കേരള സംഗീതനാടക അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചു. കലാമണ്ഡലം അവര്‍ഡും സ്വീകരിക്കുകയുണ്ടായി. ഇപ്പോഴിതാ ഈ കഥകളിവേഷക്കാരന് കേന്ദ്ര സംഗീതനാടക അക്കാദമിയുടെ അവാര്‍ഡും കൈവന്നു. ഞാന്‍ സന്തോഷവാനാണ്. എന്നാലും, അരങ്ങത്ത് ആടിക്കഴിഞ്ഞ് സഹൃദയസദസ്സ് സന്തോഷിച്ചുതരുന്ന ആ ഓണപ്പുടവയുണ്ടല്ലൊ, അതാണ് ഏറ്റവും വലിയ അവാര്‍ഡെന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്.
അങ്ങ് കഥകളിയില്‍ ആദ്യാവസാനക്കാരനാണെന്നും പച്ച കത്തി താടി മിനുക്ക്- അങ്ങനെ എല്ലാ വേഷങ്ങളും തന്മയത്വത്തോടെ അരങ്ങിലാടാറുണ്ടെന്നും അറിയാം. എന്നാലും, കത്തിവേഷങ്ങളോടാണ് ഏറെ പ്രിയം എന്നു കേട്ടിട്ടുണ്ട്. ശരിയല്ലെ?
ഞാന്‍ നിഷേധിക്കുന്നില്ല. കൂടുതല്‍ അഭിനയ സാധ്യതയുള്ളത് കത്തിവേഷങ്ങള്‍ കെട്ടിയാടുമ്പോഴാണ്. കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കണം. അതെളുപ്പമല്ല. എങ്കിലും എനിക്കിപ്പോഴും ഇഷ്ടം കത്തിവേഷങ്ങളോടാണ്. രാവണോത്ഭവത്തിലെ രാവണന്. രാജസൂയത്തിലെ ശിശുപാലന്. കീചകവധത്തിലെ കീചകന്. ഉത്തരാസ്വയംവരത്തിലെ ദുര്യോധനന്- അങ്ങനെ നീളുന്നു, കത്തിവേഷങ്ങളുടെ നിര.
കുടുംബം?
വീട്ടുകാരിയുടെ പേര് സതിദേവി. ചെറുതുരുത്തിയുടെ അയല്‍ഗ്രാമമായ പൈങ്കുളമാണ് സ്വദേശം. രണ്ടു പെണ്മക്കള്. മുത്തവള്‍ അനിത. പിജിയും ബിഎഡും കഴിഞ്ഞ് ഗവര്‍മ്മെണ്ട് ഹയര്‍സെക്കന്ററി സ്കൂളില്‍ അദ്ധ്യാപിക. അനിത ചിത്രകാരിയുമാണ്. മരുമകന് പോലീസ് ഡിപ്പാര്ട്ടുമെന്റില്. രണ്ടാമത്തവള്‍ ആതിര. ഇംഗ്ലീഷില്‍ പോസ്റ്റുഗ്രാഡ്വേഷന്. നെറ്റ് പാസായി എന്‍എസ്എസ് കോളേജില്‍ അദ്ധ്യാപിക. മരുമകന് മഞ്ചേരിയില്‍ വക്കീലായി പ്രാക്റ്റീസ് ചെയ്യുന്നു. ആതിര ഡാന്‍സും കഥകളിയും പഠിച്ചിട്ടുണ്ട്. അനിതയുടെ മകന് അനിരുദ്ധന്റേയും ആതിരയുടെ മകന് അച്യുതന്റേയും കഥകളി അരങ്ങേറ്റം കഴിഞ്ഞു. അനിരുദ്ധന് എട്ടാക്ലാസിലും അച്യുതന് അഞ്ചാം ക്ലാസിലും പഠിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: