ശ്രീനഗര്‍: ജമ്മു കശ്മീരിലെ നഗരമേഖലയിലെ തെരുവുകച്ചവടക്കാര്ക്കടക്കം സുരക്ഷിത താമസമൊരുക്കുന്ന പദ്ധതിയുടെ ഭാഗമായി 192 ഫ്ലാറ്റുകള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഗുണഭോക്താക്കള്‍ക്ക് കൈമാറി. പിഎംഎവൈ (അര്‍ബന്‍) മിഷന്റെ കീഴില്‍ 336 ഫ്ലാറ്റുകള്‍ പ്രതിമാസം 2,200 രൂപ വാടകയാണ് നിശ്ചയിച്ചിട്ടുള്ളത്. സുന്‍ജുവാനില്‍ പണിതീര്‍ത്ത 192 ഫ്ലാറ്റുകളാണ് കൈമാറിയത്. ശേഷിക്കുന്ന ഫ്ലാറ്റുകള്‍ ഒക്ടോബറോടെ കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.
ഭീകരതയ്ക്ക് അന്ത്യം കുറിച്ച് വികസനത്തിലേക്ക് കുതിക്കുന്ന കശ്മീരിന്റെ നട്ടെല്ലാണ് കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളെന്നും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും മനോജ് സിന്‍ഹ പറഞ്ഞു. മുഴുവന്‍ തൊഴിലാളികള്‍ക്കും സുരക്ഷയുടെ പുതിയ യുഗം പിറന്നിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം സംരംഭങ്ങള്‍ അധഃസ്ഥിതര്‍ക്ക് സുസ്ഥിരമായ ഒരു പാര്‍പ്പിട ആവാസവ്യവസ്ഥ സൃഷ്ടിക്കും. ഒരു കുടുംബജീവിതത്തില്‍ ഗുണപരമായ മാറ്റം കൊണ്ടുവരാനും ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് എന്ന കാഴ്ചപ്പാടിന് അനുസരിച്ച് കശ്മീരിന് മുന്നേറാനും ഇത് വഴിയൊരുക്കും, ലെഫ്റ്റനന്റ് ഗവര്‍ണര്‍ പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍, നഗരത്തിലെ കുടിയേറ്റക്കാര്‍, തൊഴിലാളികള്‍, തെരുവുകച്ചവടക്കാര്‍, റിക്ഷാ വലിക്കുന്നവര്‍, മറ്റ് സേവനദാതാക്കള്‍, വ്യവസായ തൊഴിലാളികള്‍, മാര്‍ക്കറ്റ്, ട്രേഡ് അസോസിയേഷനുകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വാടകയ്ക്ക് വീട് നല്‍കാനാണ് ഈ സംരംഭം വിഭാവനം ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. പദ്ധതി സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരെ കുടിയിരുത്താനാണെന്ന് ആരോപിച്ച് പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി രംഗത്തുവന്നത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: