പുതുക്കാട്: പൂക്കളും പച്ചക്കറികളും കൃഷിയൊരുക്കി ഓണത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍. പുതുക്കാട് ജിവിഎച്ച്എസ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് പഞ്ചായത്തിലെ കണ്ണമ്പത്തൂരിലുള്ള വനിതാ വ്യവസായ കേന്ദ്രത്തിന്റെ ഭൂമിയില്‍ കൃഷിയിറക്കിയത്.
ഓണക്കാല വിപണി ലക്ഷ്യമാക്കി പച്ചക്കറി, ചെണ്ടുമല്ലി കൃഷികളാണ് ഇവിടെ നടത്തിയത്. വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, കൊത്തമര തുടങ്ങിയ പച്ചക്കറികള്‍ കൃഷി ചെയ്തു. വിഷരഹിത പച്ചക്കറിക്കായി ജൈവവളം മാത്രമാണ് ഉപയോഗിച്ചത്. വിദ്യാര്‍ത്ഥികളിലെ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും പാഠ്യപദ്ധതിയുടെ ഭാഗമായുമാണ് കൃഷി ഒരുക്കിയത്.
മണ്ണൊരുക്കല്‍, നടീല്‍, വളമിടല്‍ തുടങ്ങി കൃഷിയുടെ ആരംഭം മുതല്‍ എല്ലാ പ്രവര്‍ത്തനങ്ങളും വിദ്യാര്‍ത്ഥികള്‍ തന്നെ ചെയ്തു. വിഎച്ച്എസ്ഇ വിഭാഗത്തിലെ 50 കുട്ടികളും എന്‍എസ്എസ് യൂണിറ്റും സംയുക്തമായാണ് കൃഷിക്ക് ചുക്കാന്‍ പിടിച്ചത്. വിളവെടുപ്പിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം ഷാജു കാളിയേങ്കര നിര്‍വ്വഹിച്ചു.
പിടിഎ പ്രസിഡന്റ് ഐ.എസ്. ഷാജു അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം സതി സുധീര്‍ മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ കെ.എ. സംഗീത, പ്രധാന അധ്യാപിക ബിന്ദു, അധ്യാപികയായ ബേബി, പിടിഎ വൈസ് പ്രസി. വിജിത ശിവദാസ്, ഗോപന് നൊച്ചിയില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: