ഹരിയാനയിലെ നൂഹ് ജില്ലയില്‍ ശ്രാവണപൂജാ യാത്രയ്‌ക്കുനേരെ ജിഹാദി ശക്തികള്‍ നടത്തിയ ആക്രമണം ഒറ്റപ്പെട്ടതോ യാദൃച്ഛികമോ അല്ലെന്ന് വ്യക്തമാവുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ശിവക്ഷേത്രങ്ങളില്‍ ജലാഭിഷേകം നടത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച യാത്ര ആരംഭിച്ച് അധികം കഴിയുന്നതിനു മുന്‍പുതന്നെ ആക്രമണം തുടങ്ങുകയായിരുന്നു. ആയിരക്കണക്കിനു വരുന്ന ഭക്തജനങ്ങള്‍ക്കുനേരെ കല്ലും പെട്രോള്‍ ബോംബും മറ്റും എറിഞ്ഞാണ് ഇതിന് തുടക്കംകുറിച്ചത്. കച്ചവട സ്ഥാപനങ്ങള്‍ ആക്രമിച്ച് നശിപ്പിക്കുകയും സര്‍ക്കാര്‍-സ്വകാര്യ വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നാലുപാടുനിന്നും അക്രമികള്‍ വെടിയുതിര്‍ത്തു. ക്ഷേത്രങ്ങള്‍ മാത്രമല്ല പോലീസ് ഔട്ട്‌പോസ്റ്റുകളും ആക്രമിക്കപ്പെട്ടു എന്നതില്‍നിന്നു ഇതിന്റെ ആസൂത്രിത സ്വഭാവം വ്യക്തമാണ്. ആക്രമണത്തില്‍നിന്ന് ഒരുകണക്കിന് രക്ഷപ്പെടുത്തി അടുത്ത രാമക്ഷേത്രത്തില്‍ എത്തിച്ച നാല്‍പ്പതോളം വരുന്ന ഭക്തരെ അഞ്ഞൂറോളം വരുന്ന ജിഹാദികള്‍ ബന്ദികളാക്കി. മേവാതിലെ ഡ്യൂട്ടി മജിസ്‌ട്രേറ്റായ അബിദ് ഹുസൈന്റെ പരാതിപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. നിയമവിരുദ്ധമായ ആയുധങ്ങളുപയോഗിച്ച് മുസ്ലിം വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ഭക്തജനങ്ങളെയും പോലീസിനെയും ആക്രമിക്കുന്നതിന് താന്‍ ദൃക്‌സാക്ഷിയാണെന്ന് മുസ്ലിം തന്നെയായ ഈ ഉദ്യോഗസ്ഥന്‍ പറയുന്നു. രാമക്ഷേത്രത്തില്‍ അഭയം തേടിയ ഭക്തജനങ്ങളെ ജിഹാദികള്‍ ബന്ദിയാക്കിയിരിക്കുകയാണെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്ന് അവിടെയെത്തിയ അബിദ് ഹുസൈന്‍ കാണുന്നത് ക്രിക്കറ്റ് ബാറ്റുകളും കല്ലുകളും ആയുധങ്ങളും ഉപയോഗിച്ച് അക്രമികള്‍ കൊലവിളി നടത്തുന്നതാണ്. മജിസ്‌ട്രേറ്റ് എന്ന നിലയ്‌ക്ക് അക്രമികളെ നേരിടാന്‍ അബിദ് പോലീസിന് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഭക്തജനങ്ങളെ രക്ഷിക്കാനായത്.
ആക്രമണത്തില്‍ രണ്ട് ഹോംഗാര്‍ഡുകളും നാല് സാധാരണക്കാരും കൊല്ലപ്പെട്ടു. ഇതിലൊരാളായ തീര്‍ത്ഥാടകനെ ജിഹാദികള്‍ വെടിവച്ചുകൊല്ലുകയായിരുന്നു. പാനിപ്പത്തുകാരനായ അഭിഷേക് എന്ന കാര്‍ മെക്കാനിക്കായിരുന്നു ഈ ഹതഭാഗ്യന്‍. അഭിഷേകിനെ വെടിവച്ചു വീഴ്‌ത്തിയശേഷം അക്രമികള്‍ ആ യുവാവിന്റെ തലയറുത്തുമാറ്റുകയും ചെയ്തു. ഇതില്‍നിന്നുതന്നെ അക്രമികളുടെ മതഭ്രാന്ത് വ്യക്തമാവുന്നുണ്ട്. സമൂഹമാധ്യമത്തിലെ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തതിന് രാജസ്ഥാനില്‍ മുസ്ലിം മതമൗലികവാദികള്‍ ഒരു യുവാവിന്റെ തലയറുത്തു മാറ്റിയ സംഭവം ആരും മറന്നിട്ടില്ലല്ലോ. ദൈവനിന്ദ ആരോപിച്ച് അന്യമതസ്ഥരുടെ തലവെട്ടാന്‍ ഇടക്കിടെ മതമൗലികവാദികള്‍ ഫത്വ ഇറക്കാറുണ്ടല്ലോ. പൈശാചികമായ ഈ മാനസികാവസ്ഥയുള്ളവരാണ് ജലാഭിഷേക യാത്രയില്‍ പങ്കെടുത്ത യുവാവിനെ കൊലപ്പെടുത്തിയശേഷവും തലയറുത്തു മാറ്റിയത്. ബിജെപി സര്‍ക്കാര്‍ ശക്തമായ നടപടികളെടുത്തതിന്റെ ഫലമായാണ് അക്രമപ്രവര്‍ത്തനങ്ങള്‍ മറ്റിടങ്ങളിലേക്ക് വ്യാപിക്കാതിരുന്നത്. പോലീസിനെയും അര്‍ദ്ധസൈനിക വിഭാഗങ്ങളെയും വന്‍തോതില്‍ വിന്യസിച്ചിരിക്കുകയാണ്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നാല്‍പ്പതിലേറെ കേസുകളെടുക്കുകയും നൂറിലേറെപ്പേര്‍ അറസ്റ്റിലാവുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും, പ്രകോപിതരാവരുതെന്നും പറഞ്ഞ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍, അക്രമം നടത്തിയവരില്‍നിന്ന് നാശനഷ്ടത്തിനുള്ള തുക ഈടാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയേറെ ആളുകള്‍ പെട്ടെന്ന് സംഘടിക്കുകയും ആയുധങ്ങള്‍ സംഭരിക്കുകയും ചെയ്തതില്‍നിന്നു വലിയ ആസൂത്രണം ഇതിനുണ്ടായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അക്രമികളെയും ആസൂത്രകരെയും പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന ഉറച്ചതീരുമാനത്തിലാണ് സര്‍ക്കാര്‍.
ഗുജറാത്ത് കലാപത്തിനിടയാക്കിയ ഗോധ്ര കൂട്ടക്കൊലയ്‌ക്ക് സമാനമായ സംഭവവികാസങ്ങളാണ് മേവാതില്‍ അരങ്ങേറിയതെന്ന് കരുതേണ്ടിയിരിക്കുന്നു. അയോധ്യയില്‍നിന്നു വന്ന സബര്‍മതി എക്‌സ്പ്രസ് ഗോധ്ര സ്റ്റേഷനില്‍ തടഞ്ഞിട്ട് കല്ലെറിഞ്ഞും തീയിട്ടും മുസ്ലിം മതഭ്രാന്തന്മാര്‍ രാമഭക്തരെ ചുട്ടുകൊല്ലുകയായിരുന്നുവല്ലോ. ഇതിനുപയോഗിച്ച പെട്രോള്‍ പോലും നേരത്തെ കരുതിവച്ചിരുന്നു എന്ന വിവരങ്ങള്‍ പിന്നീട് പുറത്തുവരുകയുണ്ടായി. മേവാതിലും ആയിരക്കണക്കിനു പേര്‍ പങ്കെടുത്ത ജലാഭിഷേക ഘോഷയാത്രയ്‌ക്കുനേരെ അക്രമം നടത്താനും ജിഹാദികള്‍ മതിയായ തയ്യാറെടുപ്പ് നടത്തിയിരുന്നു. ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഗോധ്ര കൂട്ടക്കൊല ആസൂത്രണം ചെയ്തതെങ്കില്‍, ഹരിയാനയിലെ ബിജെപി ഭരണത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ജലാഭിഷേക യാത്രയെ ആക്രമിച്ചതെന്ന് കരുതപ്പെടുന്നു. പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള സംഘടനകളെ നിരോധിച്ച് ഭീകരവാദികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുകയാണല്ലോ. ഇതിനെതിരെ കഴിയാവുന്ന ഇടങ്ങളിലൊക്കെ അക്രമങ്ങള്‍ കുത്തിപ്പൊക്കുകയെന്ന തന്ത്രം ജിഹാദി ശക്തികള്‍ സ്വീകരിക്കുകയാണ്. ഉത്തര്‍പ്രദേശിലും കര്‍ണാടകയിലും മഹാരാഷ്‌ട്രയിലും മധ്യപ്രദേശിലുമൊക്കെ ഇത്തരം അക്രമങ്ങള്‍ സമീപകാലത്ത് അരങ്ങേറുകയുണ്ടായി. ഇതിനെ സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായി അടിച്ചമര്‍ത്തുകയും ചെയ്തു. നൂഹിലെ അക്രമത്തിനുശേഷം ഹരിയാനയെ മറ്റൊരു മണിപ്പൂരായി ചിത്രീകരിക്കാനുള്ള ശ്രമം സമൂഹമാധ്യമങ്ങളില്‍ നടന്നു. ജലാഭിഷേക യാത്രയില്‍ പങ്കെടുത്തവര്‍ മതാചാരത്തിന്റെ ഭാഗമായി കയ്യില്‍ കരുതിയ വാളിന്റെയും മറ്റും ചിത്രങ്ങള്‍ പ്രചരിപ്പിച്ച് അക്രമികള്‍ ഹിന്ദുക്കളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിച്ചു. അധികാരത്തിനുവേണ്ടി രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന നിലയിലേക്ക് മാറിയിരിക്കുന്ന പ്രതിപക്ഷം ഇത്തരം ഛിദ്രശക്തികളുമായി കഴിയാവുന്ന വിധത്തിലൊക്കെ കൈകോര്‍ക്കുകയാണ്. ഇതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: