ഭുവനേശ്വര്‍: ബാലാസോര്‍ ട്രെയിന്‍ ദുരന്തമുണ്ടായി രണ്ടു മാസം പിന്നിടുമ്പോഴും 29 മൃതദേഹങ്ങള്‍ അനാഥമായി തുടരുന്നു. ജൂണ്‍ രണ്ടിനുണ്ടായ ദുരന്തത്തില്‍ 295 പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഇതില്‍ 266 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. 29 മൃതദേഹങ്ങള്‍ ഭുവനേശ്വറിലെ എയിംസില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ദുരന്തത്തിന് പിന്നാലെ അപകടസ്ഥലത്തു നിന്നും പ്രദേശത്തെ വിവിധ ആശുപത്രികളില്‍ നിന്നുമായി 162 മൃതദേഹങ്ങളാണ് എയിംസിലേക്ക് എത്തിച്ചതെന്ന് എയിംസിലെ സൂപ്രണ്ട് പ്രൊഫ. ദിലിപ് കുമാര്‍ പരിദ പറഞ്ഞു. ആദ്യ ദിവസങ്ങളില്‍ തന്നെ 81 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. തിരിച്ചറിയാത്തതിനാലും ഒരു മൃതദേഹത്തിന് ഒന്നിലധികം അവകാശികള്‍ എത്തിയതുള്‍പ്പെടെയുള്ള കാരണങ്ങളാലും 81 മൃതദേഹങ്ങള്‍ കൈമാറാനായില്ല. ഡിഎന്‍എ പരിശോധനയിലൂടെ 52 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇനി 29 മൃതദേഹങ്ങളാണ് തിരിച്ചറിയാനാകാതെ എയിംസിലുള്ളത്, അദ്ദേഹം വ്യക്തമാക്കി.
തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും റെയില്‍വേയും ചേര്‍ന്ന് തീരുമാനമെടുക്കും. ഇതില്‍ എയിംസിന് പങ്കില്ല. മൃതദേഹങ്ങള്‍ സംരക്ഷിക്കുക മാത്രമാണ് തങ്ങളെ ഏല്‍പ്പിച്ച ദൗത്യമെന്നും ദിലിപ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: