ചണ്ഡിഗഡ് :ഹരിയാനയിലെ സ്ഥിതിവിശേഷം നിയന്ത്രാധീനമെന്ന് ആഭ്യന്തരമന്ത്രി അനില്‍ വിജ്. നൂഹില്‍ നിന്നു മാത്രമായി116 പേരെ അറസ്റ്റ് ചെയ്തതിട്ടുണ്ട്. അക്രമികള്‍ക്കെതിരെ 46 കേസുകള്‍ ചാര്‍ജ്ജ് ചെയ്തതായും അനില്‍ വിജ് വ്യക്തമാക്കി.
അക്രമികള്‍ രണ്ട് കടകള്‍ കത്തിച്ച ബാദ്ഷാപൂരില്‍ ദ്രുതകര്‍മ്മസേന ഫ്ളാഗ് മാര്‍ച്ച് നടത്തി. മൊബൈല്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ നിരോധിച്ചിട്ടുണ്ട്. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ 48 മണിക്കൂര്‍ നേരത്തേക്ക് 144 പ്രഖ്യാപിച്ചു. സുരക്ഷ ഉറപ്പുവരുത്താന്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സിസിടിവി ക്യാമറകളും കൂടുതലായി സജ്ജമാക്കിയിട്ടുണ്ട്. “അക്രമത്തിന് പിന്നില്‍ ആസൂത്രിത നീക്കമാണെന്ന് കരുതുന്നു. ഇതേക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ക്ക് നേരെ കര്‍ശനനടപടിയെടുക്കും”- അദ്ദേഹം പറഞ്ഞു.
ഇതുവരെ ആറ് പേരാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹൈന്ദവ ഘോഷയാത്രയ്ക്ക് നേരെ കല്ലേറടക്കം അക്രമങ്ങളുണ്ടായതിനെ തുടര്‍ന്ന് ഹരിയാനയിലെ നുഹില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഘോഷയാത്രയോട് അനുബന്ധിച്ച് പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപം സംസ്ഥാനത്തെ മറ്റ് ചില ഭാഗങ്ങളിലേക്കും ഗുരുഗ്രാമിലേക്കും വരെ വ്യാപിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ നിയന്ത്രണാധീനമായി. .”സ്കൂളുകളും കോളെജുകളും ഓഫീസുകളും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ട്രാഫിക് നിയന്ത്രണങ്ങളില്ല. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. എന്തെങ്കിലും വിവരങ്ങള്‍ നല്കാനുദ്ദേശിക്കുന്നുവെങ്കില് 112ല്‍ വിളിക്കണം”- അസി. പൊലീസ് കമ്മീഷണര്‍ വരുണ്‍ ദാഹിയ (ക്രൈം) പറഞ്ഞു.
അക്രമം ആസൂത്രിത ഗൂഢാലോചനയെ തുടര്‍ന്നാണെന്ന് ആഭ്യന്തര മന്ത്രി അനില്‍ വിജ് കുറ്റപ്പെടുത്തി.അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അക്രമങ്ങളെ തുടര്‍ന്ന് 40 കേസുകളെങ്കിലും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ 100 ലധികം പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭിവാനി കൊലക്കേസിലെ മുഖ്യപ്രതിയും ഒളിവില്‍ കഴിയുന്ന പശു സംരക്ഷകനുമായ മോനു മനേസറും ഘോഷയാത്രയില്‍ പങ്കെടുക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നതിനെ തുടര്‍ന്നാണ് നൂഹ് ജില്ലയില്‍ ഹിന്ദുമത ഘോഷയാത്രയ്ക്ക് നേരെ അക്രമമുണ്ടായത്. ഫെബ്രുവരിയില്‍ ഭിവാനി ജില്ലയില്‍ വാഹനത്തിനുള്ളില്‍ ബന്ധുക്കളായ ജുനൈദിന്റെയും നസീറിന്റെയും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: