തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ (96) അന്തരിച്ചു. ശാരീരിക അവശതകളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. തിരുവനന്തപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. മിസോറാം, ത്രിപുര ഗവര്‍ണര്‍, ലോക്‌സഭ അംഗം, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും ശ്രദ്ധേയനായ വ്യക്തിയാണ് വക്കം പുരുഷോത്തമന്‍.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ താലൂക്കിലെ വക്കം ഗ്രാമത്തില്‍ ഭാനു പണിക്കരുടേയും ഭവാനിയുടേയും മകനായി 1928 ഏപ്രില്‍ 12 ന് ജനനം.1946-ല്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ത്ഥി സംഘടന വഴിയാണ് പൊതുരംഗ പ്രവേശനം. 1953-ല്‍ വക്കം ഗ്രാമ പഞ്ചായത്ത് അംഗമായി. പിന്നീട് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് കെപിസിസിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തി. ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വക്കം പഞ്ചായത്തംഗമായി. പിന്നീട്, രാഷ്‌ട്രീയം വിട്ട് അലിഗഡ് സര്‍വകലാശായില്‍ നിയമത്തില്‍ ഉപരിപഠത്തിന് പോയി തിരികെ വന്ന് അഭിഭാഷകനായി. മൂന്നു തവണ സംസ്ഥാന മന്ത്രിസഭയിലും രണ്ടുതവണ ലോക്‌സഭയിലും രണ്ടുതവണ ഗവര്‍ണര്‍പദവിയിലും ഇരുന്നു. അഞ്ചുതവണ നിയമസഭാംഗമായിരുന്നു. രണ്ടുതവണയായി ഏറ്റവുമധികം കാലം നിയമസഭാ സ്പീക്കര്‍ സ്ഥാനം വഹിച്ച റെക്കോര്‍ഡ് വക്കം പുരുഷോത്തമന്റെ പേരിലാണ്. 2006ല്‍ ആദ്യ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ധന, എക്‌സൈസ്, ലോട്ടറി വകുപ്പുകളുടെ ചുമതലക്കാരനായിരുന്നു. മുഖ്യമന്ത്രിയാകാതെ ക്ലിഫ് ഹൗസില്‍ താമസിച്ച ആദ്യത്തെയാള്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ഉമ്മന്‍ചാണ്ടി വീണുപരുക്കേറ്റ് ചികില്‍സയിലായിരുന്നപ്പോള്‍ വക്കത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ചുമതല. 1994ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്ത അദ്ദേഹം 2011ല്‍ മിസോറം ഗവര്‍ണറായി.
അധ: സ്ഥിത പിന്നോക്ക ജനവിഭാഗങ്ങളില്‍ നിന്നും
കേരളത്തിനു ലഭിക്കേണ്ടിയിരുന്ന മുഖ്യമന്ത്രി
ശിവഗിരി: അധ: സ്ഥിത പിന്നോക്ക ജനവിഭാഗങ്ങളില്‍ നിന്നും കേരളത്തിനു ലഭിക്കേണ്ടിയിരുന്ന മുഖ്യമന്ത്രിയായിരുന്നു വക്കം പുരുഷോത്തമനെന്ന് ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ. കേരളത്തിലെ വര്‍ഗീയവും മതപരവും രാഷ്‌ട്രീയവുമായ ചരടുവലികള്‍ മൂലം അത് അദ്ദേഹത്തിന് അനുവദനീയമായില്ലന്നും സ്വാമി അനുശേചന സന്ദേശത്തില്‍ പറഞ്ഞു. ശിവഗിരി മഠത്തിന്റെ ആത്മബന്ധുവായിരുന്ന വക്കം മഹാസമാധി പ്രതിഷ്ഠാമഹോത്സവം, ശിവഗിരി തീര്‍ത്ഥാടനപ്രസ്ഥാനം, ഗുരുജയന്തി, മഹാസമാധി ദിനാചരണങ്ങള്‍ എന്നിവയിലൊക്കെ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശിവഗിരി മഠത്തിലെ പ്രധാന സംരഭങ്ങളിലൊക്കെ അദ്ദേഹം പങ്കാളിയായിരുന്നിട്ടുണ്ട്. കേരള രാഷ്‌ട്രീയത്തിലെ ഇതിഹാസമായി മാറുകയും സംസ്ഥാന കേന്ദ്രതലങ്ങളിലുള്ള ഉന്നതന്‍മാരുമായി തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള ഗുരുദേവഭക്തന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതായി സ്വാമി സച്ചിതാനന്ദ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: