പത്തനംതിട്ട: ഭര്‍ത്താവ് നൗഷാദിനെ കൊന്ന് കുഴിച്ചിട്ടെന്ന് മൊഴിനല്‍കിയത് പൊലീസ് മര്‍ദ്ദിച്ചത് കാരണമെന്ന് അഫ്‌സാന. മര്‍ദ്ദിക്കുകയും ഭക്ഷണം നല്‍കാതെയും ഉറങ്ങാന്‍ സമ്മതിക്കാതെയും പീഡിപ്പിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ പൊലീസ് പറയും പോലെ പ്രവര്‍ത്തിക്കുകയായിരുന്നു. നൗഷാദിനെ ജീവനോടെ കണ്ടെത്തിയതിനെ തുടര്‍ന്ന് ജാമ്യം ലഭിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അഫ്‌സാന.
പിതാവിനെയടക്കം പ്രതി ചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അഫ്‌സാന പറഞ്ഞു. പൊലീസ് തല്ലിയ പാടുകളും ഇവര്‍ കാണിച്ചു. വനിതാ പൊലീസുള്‍പ്പെടെയാണ് മര്‍ദ്ദിച്ചത്.
നൗഷാദിനെ കൊന്നെന്ന് താന്‍ മൊഴി നല്‍കിയിട്ടില്ലെന്നും അഫ്‌സാന പറഞ്ഞു. ഡിവൈഎസ്പി ഇതുവരെ കേട്ടിട്ടില്ലാത്ത തെറി വിളിച്ചു. തനിക്കിനിയും ജീവിക്കണം. നൗഷാദിന്റെ കൂടെ പോകില്ല. സ്ത്രീധനം ആവശ്യപ്പെട്ട് നൗഷാദ് മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും അഫ്‌സാന പറഞ്ഞു.
പൊലീസ് പീഡനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതിനല്‍കും. സംഭവ ദിവസം രാവിലെ നൗഷാദ് പരുതിപ്പാറയില്‍ നിന്ന് പോകുന്നത് കണ്ടവരുണ്ടെന്ന് പൊലീസിനെ അറിയിച്ചിരുന്നു. എന്നിട്ടും പൊലീസ് കൊലപാതകിയാക്കി. കുഞ്ഞുങ്ങളെ കാണാനും അനുവദിച്ചില്ല. പിതാവിനെ കെട്ടി തൂക്കി മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അഫ്‌സാന പറഞ്ഞു.
എന്നാല്‍ അഫ്‌സാനയുടെ ആരോപണം നിഷേധിച്ച പൊലീസ് അഫ്‌സാന മൊഴി മാറ്റി കബളിപ്പിച്ചുവെന്ന കേസുമായി പൊലീസ് മുന്നോട്ടു പോവുകയാണ്.2021 നവംബര്‍ അഞ്ചിനാണ് നൗഷാദിനെ കാണാതായത്. കാണാതായ ദിവസം അഫ്സാനയും സുഹൃത്തുക്കളും നൗഷാദിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പൊലീസ് പറയുന്നത്.ൗഷാദ് മരിച്ചെന്ന് കരുതി ഇവര്‍ പരുത്തിപ്പാറയിലെ വാടക വീട്ടില്‍ നിന്ന് പോവുകയായിരുന്നുവെന്നാണ് നിഗമനം.ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്സാന മൊഴി നല്‍കിയതെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ അവശനിലയിലായ നൗഷാദ് പിറ്റേ ദിവസം രാവിലെ സ്ഥലം വിടുകയായിരുന്നു. ഭാര്യയുടെ ആള്‍ക്കാരെ ഭയന്ന് നാടുവിട്ട് ആരുമറിയാതെ ജീവിക്കുകയായിരുന്നുവെന്നാണ് നൗഷാദ് നല്‍കിയ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: