തിരുവനന്തപുരം: നികുതിപ്പണത്തില്‍ നിന്ന് ശമ്പളം നല്കി പോലീസ് സേനയെ സൃഷ്ടിച്ചത് ഫേസ്ബുക്കില്‍ മാപ്പെഴുതാനല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരന്. ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ പോലീസിന്റെ വീഴ്ചയെകുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.
പട്ടാപ്പകല്‍ നഗരമധ്യത്തില്‍ ബലാല്‍സംഗക്കൊല സംഭവിക്കുന്നത് ആരുടെ വീഴ്ചയെന്നതില്‍ അന്വേഷണം വേണം. ഉത്തരവാദികള്‍ക്കെതിരെ നടപടി വേണം. കുറ്റകൃത്യം നടന്ന ശേഷം പ്രതിയെ പിടിച്ചെന്ന് വീമ്പ് പറയലല്ല വേണ്ടതെന്നും ജനത്തിന് സുരക്ഷ ഒരുക്കാനാകണമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
പ്രതിയെപ്പറ്റിയും മാര്‍ക്കറ്റിന് സമീപം സാമൂഹൃവിരുദ്ധരുടെ ഓപ്പണ്‍ബാര്‍ പ്രവര്‍ത്തിക്കുന്നതായും പരാതിയുണ്ടായിരുന്നു. എല്ലാം അവഗണിച്ച പോലീസ്, പെണ്‍കുട്ടി കാണാതായി എന്നറിഞ്ഞിട്ടും നിഷ്ക്രിയമായി തുടര്‍ന്നു. പ്രതി ഒരു ദിവസം മുഴുവന്‍ പോലീസിനെ കബളിപ്പിച്ചു. അതിക്രമങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പോലീസിന് എന്താണ് ചെയ്യേണ്ടതെന്ന് അറിയുന്നില്ലെങ്കില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നവര്‍ക്ക് വേണ്ട നിര്‍ദേശം നല്‍കാനാകണം. ഭരണനേതൃത്വം ഇക്കാര്യങ്ങളെ ഇനിയെങ്കിലും ഗൗരവമായി കാണണം.
അതിഥികളെന്ന് വിളിക്കുന്നതെല്ലാം നല്ലതാണ്. എന്നാല്‍ ആരെല്ലാമാണ് അതിഥികളെന്ന് മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും ധാരണവേണം. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുകയാണ്. തൊഴിലാളികളുടെ ഡാറ്റ ബാങ്ക് അധികൃതരുടെ കയ്യിലുണ്ടോയെന്നും ക്യാമ്പുകളില്‍ പരിശോധന നടക്കാറുണ്ടോ എന്നും വി. മുരളീധരന് ചോദിച്ചു. സര്‍ക്കാരിന്റെ കഴിവില്ലായ്മയ്ക്ക് ജനം ജീവന് കൊടുക്കേണ്ട അവസ്ഥയെന്നും മന്ത്രി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: