നിലമ്പൂരിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം തെളിയുന്ന മുഖം ഭരതേട്ടന്‍ എന്ന് സംഘവുമായി ബന്ധപ്പെട്ടവരും ഭരതന്‍ തമ്പാന്‍ എന്ന നാട്ടുകാരും വിളിച്ചുവന്ന കേരളത്തിലെ ആദ്യകാല സ്വയംസേവകരില്‍പ്പെട്ട ആളുടെതാണ്. 1951-55 കാലത്ത് ഞാന്‍ തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ അവിടെ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ജനസംഘം സ്ഥാനാര്‍ത്ഥി മത്സരിച്ചിരുന്നു. അറയ്‌ക്കല്‍ നാരായണപിള്ള എന്ന അഭിഭാഷകനായിരുന്നു സ്ഥാനാര്‍ത്ഥി. അദ്ദേഹത്തിന്റെ പ്രചാരണാര്‍ത്ഥം മലബാര്‍ ജനസംഘം കാര്യദര്‍ശിയായിരുന്ന ടി. ഭരതന്‍ വന്ന് ഏതാനും ദിവസം തങ്ങി. മലബാര്‍ ശൈലിയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗം രസകരമായി. സാധുശീലന്‍ പരമേശ്വരന്‍ പിള്ളയായിരുന്നു മറ്റൊരു പ്രാസംഗികന്‍. 500ല്‍ താഴെ മാത്രം വോട്ടുകളെ ജനസംഘത്തിന് ലഭിച്ചുള്ളൂ.
മലബാറില്‍ ഹൈന്ദവ താല്‍പ്പര്യ സംരക്ഷണത്തിനായി അദ്ദേഹത്തെപ്പോലെ മുന്‍നിരയില്‍ പൊരുതിയ മറ്റൊരാള്‍ ഉണ്ടായിരുന്നില്ല. കോഴിക്കോട് സാമൂതിരി കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെ അവിടെ സംഘത്തിന്റെ കൈത്തിരിയുമായി വന്ന പ്രാത സ്മരണീയനായ ദത്തോപന്ത് ഠേംഗ്ഡിയുടെ സമ്പര്‍ക്കത്തില്‍ വരികയും സ്വജീവിതം സംഘത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ഉപരി പഠനത്തിനായി ഭരതേട്ടന്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പോയി. അവിടെയും കാര്യകര്‍ത്തൃഗണത്തില്‍ മുന്നിലായിരുന്നു അദ്ദേഹം. ഭാവുറാവു ദേവരസ്, ദീന്‍ദയാല്‍ ജി തുടങ്ങിയ മുതിര്‍ന്നവരുമായി ഏറെ അടുപ്പം പുലര്‍ത്തി.
കേരളത്തില്‍ ചിട്ടയായ ജനസംഘ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അതിന്റെ ചുമതല അദ്ദേഹത്തെയാണ് ദീന്‍ദയാല്‍ജി ഏല്‍പ്പിച്ചത്. ഈ ലേഖകനെ ജനസംഘ ചുമതലയിലേക്ക് നിയോഗിച്ച അവസരത്തില്‍ ചങ്ങനാശ്ശേരിയില്‍ നിന്നും കോഴിക്കോട്ട് വന്ന പരമേശ്വരജിയുമായി ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൂട്ടത്തില്‍ ഭരതേട്ടന്റെ ആശീര്‍വാദം നേടണമെന്ന ആഗ്രഹം ഞാനറിയിച്ചു. ജനസംഘത്തിന്റെ അഖിലഭാരത സമ്മേളനം കോഴിക്കോട്ട് നിശ്ചയിച്ചിട്ടുണ്ട് എന്ന വിവരം അക്കൂട്ടത്തില്‍ അറിയിക്കുകയും ചെയ്തു. ബസ്സില്‍ പോയി നിലമ്പൂര്‍ കോവിലക വളപ്പിലെ ഭരതേട്ടന്റെ വസതി കണ്ടു പിടിച്ചു. അദ്ദേഹവും കുടുംബവും പരിപൂര്‍ണ്ണമായും സംഘത്തെ ഉള്‍ക്കൊണ്ടവരാണെന്ന് കോവിലകത്തിന്റെ പ്രൗഢി ഒന്നുമില്ലാത്ത ആ വീട് തെളിയിച്ചു. മൂത്തമകന്‍ ദുര്‍ഗ്ഗാദാസ് സംഘ പ്രചാരകനായി തിരുവനന്തപുരം ഗ്രാമ ജില്ലയില്‍ പ്രവര്‍ത്തിക്കവെ എസ്എഫ്‌ഐ കൊലയാളികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ദുര്‍ഗ്ഗാദാസ് മരിച്ചതില്‍ പ്രാന്ത പ്രചാരക് ഭാസ്‌കര റാവുവിനെ ആശ്വസിപ്പിക്കാന്‍ ഭരതേട്ടന്‍ എറണാകുളം കാര്യാലയത്തില്‍ വന്നു. ഭരതേട്ടനെ എങ്ങനെ ആശ്വസിപ്പിക്കും എന്ന് വിഷമിച്ചിരിക്കുകയായിരുന്ന ഭാസ്‌കര്‍ റാവു വല്ലാത്ത സ്ഥിതിയിലായി പോയി.
കേരളത്തിലെ സംഘ ചരിത്രത്തില്‍ അന്യാദൃശ്യമായ സ്ഥാനം ഉണ്ടായിരുന്ന ഭരതേട്ടന്റെ മരണശേഷം നിലമ്പൂരിലെ സംഘപ്രസ്ഥാനങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്. കഴിഞ്ഞയാഴ്ചയില്‍ മകനുമൊത്ത് സകുടുംബം നീലഗിരിയിലേക്ക് യാത്ര പോകുമ്പോള്‍ എനിക്ക് നിലമ്പൂരില്‍ പോകാന്‍ അവസരം ഉണ്ടായി. അങ്ങോട്ട് പാലക്കാട്-കോയമ്പത്തൂര്‍-മേട്ടുപ്പാളയം-കൂനൂര്‍ വഴിയാണ് പോയത്. കടുത്ത ശൈത്യം മാറിയെങ്കിലും കേരളത്തിലെങ്ങും അനുഭവിക്കാന്‍ സാധിക്കാത്ത തണുപ്പായിരുന്നു ഊട്ടിയില്‍. ഞങ്ങള്‍ പോയതിന്റെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അവിടെ പ്രാന്തപ്രചാരകന്മാരുടെ ബൈഠക്കിനായി സംഘത്തിന്റെ ഉന്നതതലം മുഴുവന്‍ എത്തിയിരുന്നുവത്രേ. തമിഴ്‌നാട് ബിജെപിയുടെ പുതിയ താരമായ അണ്ണാമലയുടെ സാന്നിധ്യവും ഊട്ടിയില്‍ ഉണ്ടായിരുന്നുവെന്ന് ചുവരെഴുത്തുകളിലും മറ്റും നിന്ന് മനസ്സിലായി.
ഊട്ടിയിലെ കാഴ്ചകള്‍ എല്ലാം കണ്ടു മടങ്ങുമ്പോള്‍ നിലമ്പൂര്‍ വഴിയാക്കണമെന്ന് നേരത്തെ ഞങ്ങള്‍ നിശ്ചയിച്ചിരുന്നു. അവിടുത്തെ പഴയ ജനസംഘം പ്രവര്‍ത്തകരായ ഗോപാലകൃഷ്ണനെയും പത്‌നി രുഗ്മിണി ഗോപാലകൃഷ്ണനെയും വിവരമറിയിച്ചിരുന്നു. രുഗ്മിണിയുടെ കണ്ണിന് ചികിത്സയുമായി കോഴിക്കോട്ട് പോകേണ്ടിയിരുന്നെങ്കിലും ഞങ്ങളെത്തുമ്പോഴേക്കും തിരികെയെത്തി. ഗോപാലകൃഷ്ണന്‍ റബര്‍ കൃഷിക്കാരനാണ്. ജനസംഘ പ്രവര്‍ത്തനം ഏറനാട്ടില്‍ ആരംഭിച്ച കാലം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്നു. തന്റെ റബ്ബര്‍ തോട്ടത്തിലെ തൊഴിലാളികളെ കൊണ്ട് തന്നെ ബിഎംഎസ് പ്രവര്‍ത്തനത്തെയും പ്രോത്സാഹിപ്പിച്ചു. മലപ്പുറം ജനസംഘം ജില്ലാ കാര്യദര്‍ശിയായി ചുമതല വഹിച്ചിരുന്നു. അന്ന് താമസിച്ചിരുന്ന വണ്ടൂരിലായിരുന്നു പ്രവര്‍ത്തനം കൂടുതല്‍.
മലപ്പുറം ജില്ല രൂപീകരിക്കാനുള്ള ഇഎംഎസ് സര്‍ക്കാരിന്റെ നീക്കങ്ങളാണ് ആ മേഖലയില്‍ ജനസംഘം പ്രവര്‍ത്തനമാരംഭിക്കാനും ശക്തിയാര്‍ജിക്കാനും ഇടയായത്. ഒട്ടേറെ നമ്പൂതിരി യുവാക്കള്‍ അന്ന് ജനസംഘത്തില്‍ ചേരാന്‍ താല്‍പ്പര്യപൂര്‍വ്വം മുന്നോട്ടുവന്നു. മുഖ്യമന്ത്രി ഇഎംഎസ്സിന്റെ സഹോദരിയെ വേളി കഴിച്ച ഇല്ലവും അവിടെയുണ്ടായിരുന്നു. അദ്ദേഹത്തെ അവിടെ വരുത്തി അസ്മാദികള്‍ എല്ലാം കൂടിയിരുന്ന് ജില്ലാ നീക്കത്തിന്റെ ഭീഷണിയെ പറ്റി ചര്‍ച്ച നടന്നു. താന്‍ ഇരുന്ന ചാരുകസാരയുടെ കയ്യിന്മേല്‍ താളം പിടിച്ചിരുന്നതല്ലാതെ വ്യക്തമായി ഒന്നും അദ്ദേഹം പറഞ്ഞില്ല എന്നതായിരുന്നു അവരുടെ വിഷമം.
വണ്ടൂരിലെ ശാഖയില്‍ ഗോപാലന്‍ എന്ന കാര്യകര്‍ത്താവ് വളരെ സജീവമായി രംഗത്തുണ്ടായിരുന്നു. തുന്നലായിരുന്നു തൊഴില്‍. കടയില്‍ സജീവമായിരുന്ന അനുജത്തിയും വിദ്യാസമ്പന്നയായിരുന്നു. സംഘത്തെയും ഹിന്ദുക്കളെയും സംബന്ധിച്ചിടത്തോളം മലപ്പുറം ജില്ലയില്‍ തന്നെ ശ്രദ്ധേയമായ സ്ഥലമായി വണ്ടൂര്‍ മാറി. അടിയന്തരാവസ്ഥക്കാലത്തും വളരെ സജീവമായിരുന്നു അവിടം. അതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ സീറ്റ് പങ്കിട്ടതില്‍ ജനതാപാര്‍ട്ടിയിലെ ജനസംഘം വിഭാഗത്തിന് മത്സരിക്കാന്‍ ലഭിച്ച സീറ്റുകളില്‍ ഒന്ന് വണ്ടൂര്‍ ആയിരുന്നു. തെക്കേ വയനാട് പട്ടികവര്‍ഗ്ഗ സീറ്റും വണ്ടൂര്‍ പട്ടികജാതി സീറ്റുമായിരുന്നു. വണ്ടൂരില്‍ ഗോപാലന്‍ മത്സരിച്ചു. അവിടുത്തെ മുസ്ലിം ഭൂരിപക്ഷം വളരെ കൂടുതല്‍ ആയതിനാല്‍ ജനസംഘം ജയിക്കുന്ന പ്രശ്‌നമില്ലായിരുന്നു. പക്ഷേ മത്സരം ദേശീയ ശ്രദ്ധയെതന്നെ പിടിച്ചുപറ്റി.
ക്ഷേത്രസംരക്ഷണസമിതിയുടെ പ്രവര്‍ത്തനവും വണ്ടൂര്‍ മണ്ഡലത്തില്‍ വളരെ സജീവമായിരുന്നു. ഈ പ്രവര്‍ത്തനങ്ങളിലൊക്കെ ഗോപാലകൃഷ്ണന്‍ വളരെ ഉത്സാഹിയായി പ്രവര്‍ത്തിച്ചു. ഭാര്യ രുഗ്മിണിയാകട്ടെ സകലകലാവല്ലഭ തന്നെയാണ്. ഒറ്റപ്പാലത്ത് കാര്‍ഷിക രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഇ.പി. മാധവന്‍ നായരുടെ അനന്തരവളാണ്. നൃത്തം, സംഗീതം, ചിത്രമെഴുത്ത്, ശില്‍പ്പകല തുടങ്ങിയ രംഗങ്ങളിലൊക്കെ വിദഗ്ധയുമാണ്. സംഘപഥത്തിന്റെ പതിവു വായനക്കാരുമാണ് രണ്ടുപേരും. ഗോപാലകൃഷ്ണന്‍ കൈകാല്‍ തളര്‍ച്ച മൂലം അവശനായതിനാല്‍ ധര്‍മ്മപത്‌നിയുടെ പ്രവര്‍ത്തിഭാരം വര്‍ദ്ധിച്ചിരിക്കുകയാണ്.
ഞങ്ങള്‍ കുടുംബമായി ചെന്നത് അവര്‍ക്ക് ഏറെ സന്തോഷമായി. നിലമ്പൂരില്‍ സംഘപരിവാര്‍ പ്രവര്‍ത്തനങ്ങള്‍ അത്ര തൃപ്തികരമായ സ്ഥിതിയിലല്ല എന്നുള്ളതില്‍ അവര്‍ക്ക് വലിയ വിഷമമുണ്ട്. പഴയകാലത്തെ പ്രമുഖരാരും ഇന്നില്ല. നിലമ്പൂരിലെ പ്രഖ്യാതമായ തേക്ക് തോട്ടം കാണണമെന്ന മോഹം ഈ യാത്രയില്‍ സാധിച്ചില്ല എന്ന ഇച്ഛാഭംഗവുമായാണ് ഞങ്ങള്‍ മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: