ചാലക്കുടി: അതിരപ്പിള്ളി പൊരിങ്ങല്‍കൂത്ത് കെഎസ്ഇബി ക്വാര്‍ട്ടേഴ്സില്‍ ആദിവാസി യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. കെഎസ്ഇബിയിലെ താല്‍ക്കാലിക ജീവനക്കാരിയും ആനപ്പാന്തം കോളനി സ്വദേശി സുരേഷിന്റെ ഭാര്യയുമായ ഗീത (35) യെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കാണപ്പെട്ടത്.
സംഭവം കൊലപാതകമെന്നാണ് പോലീസ് നല്കുന്ന സൂചന. ഇവരുടെ മകളാണ് ക്രൂരമായി മര്‍ദനമേറ്റതിന്റെ മുറിവുകളും, വെട്ടേറ്റ നിലയിലുമുള്ള മൃതദേഹം ആദ്യം കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇവരെ മദ്യപിച്ച നിലയില്‍ കാണപ്പെട്ടിരുന്നതായും വാക്കുതര്‍ക്കവും ബഹളവും ഉണ്ടായിരുന്നതായും സമീപവാസികള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് കാണാതായ ഭര്‍ത്താവ് സുരേഷിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വനത്തിനുള്ളിലേക്ക് കയറി പോകുവാനാണ് സാധ്യതയെന്നും പറയുന്നു.
സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കാറുള്ളതായിട്ടാണ് പറയപ്പെടുന്നത്. റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.വി.കെ. രാജു, ജില്ല സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ്, ചാലക്കുടി ഡിവൈഎസ്പി ടി.എസ്. സുനോജ്, അതിരപ്പിള്ളി എസ്എച്ച്ഒ സി.വി. ലൈജുമോന്, എസ്ഐ നാരായണന്, എഎസ്ഐ സുരേന്ദ്രന് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: