ന്യൂദല്‍ഹി: മണിപ്പൂരില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാനും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാനും ശ്രമിക്കുന്നവര്‍ക്ക് കൃത്യമായ മറുപടിയുമായി മുംബൈ ആര്‍ച്ച് ബിഷപ്പ് ഓസ്വാള്‍ കാര്‍ഡിനല്‍ ഗ്രാഷ്യസ്. മണിപ്പൂരില്‍ നടക്കുന്നത് മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ലെന്നും രണ്ടു ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ വളരെക്കാലമായി നിലനില്‍ക്കുന്ന ശത്രുതയില്‍ നിന്നുടലെടുത്ത ഹീനമായ കലാപമാണെന്നും ഇന്ത്യയിലെ കത്തോലിക്ക ബിഷപ്പ്മാരുടെ കൂട്ടായ്മയായ സിബിസിഐയുടെ മുന്‍ അധ്യക്ഷനായ കര്‍ദിനാള്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.
, ‘മണിപ്പൂര്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ഒന്നിലധികം കാരണങ്ങളാലാണ്. അക്രമം ഉണ്ടായിട്ടുണ്ട്, ജീവന് നഷ്ടപ്പെട്ടു, സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടു. സംഭവം പത്രങ്ങളില്‍ എങ്ങനെ അവതരിപ്പിച്ചു എന്നതില്‍ ഞങ്ങള്‍ക്ക് സങ്കടമുണ്ട്. നമ്മുടെ രാജ്യമായ ഇന്ത്യയില്‍ ഇത് സംഭവിക്കാമായിരുന്നതില് ഞങ്ങള്‍ ലജ്ജിച്ചു തല താഴ്ത്തുന്നു’.നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ബിഷപ്പ് ഗ്രേഷ്യസ് പറഞ്ഞു
സര്‍ക്കാര്‍ നടപടിയെക്കുറിച്ച് സംസാരിക്കവെ, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഈ രാജ്യത്ത് ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു.സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്, ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലൂമണ്‍ എന്നിവരുമായി താന്‍ നിരന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തര്‍ക്കത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ‘ഇതൊരു ഗോത്ര സംഘര്‍ഷമാണ്, രണ്ട് ഗോത്രങ്ങള്‍, ചരിത്രപരമായി പരസ്പരം വളരെ ശത്രുത പുലര്‍ത്തുന്നു. പാസാക്കിയ ചില നിയമങ്ങള്‍ കാരണം അത് അക്രമത്തിലേക്ക് പൊട്ടിത്തെറിച്ചു. അതിന് മതപരമായ തിരിമറി നല്‍കിയിട്ടുണ്ടെങ്കിലും അതൊരു മത സംഘര്‍ഷമല്ല. ഇത് രണ്ട് മതങ്ങള്‍ തമ്മിലുള്ളതല്ല, രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ളതാണ്’. അദ്ദേഹം പറഞ്ഞു
പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട ബിഷപ്പ്, സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഒന്നും ചെയ്യരുതെന്ന് പറഞ്ഞു. ഐക്യവും സമാധാനവും കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ തുടരണം. സമാധാനം സ്ഥാപിക്കുന്നതിന് സംഘടനയ്ക്കും സഭയ്ക്കും എങ്ങനെ സംഭാവന നല്‍കാമെന്ന് സിബിസിഐ പ്രസിഡന്റുമായി സംസാരിച്ചതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: