കെന്നിങ്ടണ്‍: ബാസ്ബോള്‍ ക്രിക്കറ്റിനെ വിടാതെ പിന്തുടരുന്ന ഇംഗ്ലണ്ടിന് ഒരിക്കല്‍ കൂടി കൂട്ടത്തകര്‍ച്ച. പിടിവാശിയിലായ ഇംഗ്ലണ്ട് ബാറ്റര്‍മാരെ തന്ത്രപരമായി പുറത്താക്കാന്‍ ഓസീസ് ബോളര്‍മാര്‍ക്ക് അധികം പാടുപെടേണ്ടിവന്നില്ല. ഓസീസിനായി പന്തെടുത്തവരെല്ലാം വിക്കറ്റ് നേടി.
ടോസ് ഓസ്ട്രേലിയക്കായിരുന്നു. ബോള്‍ ചെയ്യാന്‍ തീരുമാനിച്ചു. പിച്ചിന്റെ സ്ഥിതിയും കാലാവസ്ഥയും കണക്കിലെടുത്താവണം ഓസീസ് നായകന് പാറ്റ് കമ്മിന്‍സ് ബോള്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഗുരുതരമായ സാഹചര്യത്തെ പോലും കണക്കിലെടുക്കാതെ ഇംഗ്ലണ്ട് വാശിയോടെ ബാസ്ബോളുമായി തന്നെ ക്രീസിലെത്തി. എത്തിയവരാരും ടെസ്റ്റ് ്ക്രിക്കറ്റിനോട് നീതിപുലര്‍ത്താന്‍ മാത്രം നേരം പിടിച്ചുനില്‍ക്കാതെ പുറത്തേക്ക് നടന്നു. 85 റണ്‍സെടുത്ത ഹാരി ബ്രൂക്ക് ആണ് കൂട്ടത്തില്‍ കേമനായത്. 91 പന്തുകളില്‍ 11 ബൗണ്ടറിയും രണ്ട് സിക്സറും സഹിതമാണ് താരത്തിന്റെ പ്രകടനം മറ്റാരും തന്നെ അര്‍ദ്ധ ശതകം പോലും തികച്ചില്ല. ഉച്ചയോടെ ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിച്ചു. 54.4 ഓവറില്‍ 283 റണ്‍സെടുത്ത് ഓള്‍ഔട്ടായി.
ഓസീസ് ബോളര്‍മാരില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റ് നേട്ടവുമായി മുന്നിട്ടു നില്ക്കുന്നു. ജോഷ് ഹെയ്സല്‍വുഡും ടോഡ് മര്‍ഫിയും രണ്ട് വിക്കറ്റ് വീതം നേടി. കമ്മിന്‍സും മിച്ചല്‍ മാര്‍ഷും ഓരോ വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ രാത്രി വൈകിയും ബാറ്റിങ് തുടരുന്നു. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം വിക്കറ്റ് നഷ്ടം കൂടാതെ 30 റണ്‍സെടുത്തിട്ടുണ്ട്. 12 റണ്‍സുമായി ഉസ്മാന് ഖവാജയും 14 റണ്‍സുമായി ഡേവിഡ് വാര്‍ണറുമാണ് ക്രീസില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: