പത്തനംതിട്ട: പത്തനംതിട്ടയില്‍ കാണാതായ യുവാവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന പരാതിയില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിനെ കാണാതായ കേസിലാണ് ഇത്. ഭാര്യ അഫ്സാന നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അടൂരില്‍ ഇവര്‍ വാടകയ്ക്കു താമസിച്ചിരുന്ന വീടിനു സമീപം പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല.
മകനെ കാണാതായത് സംബന്ധിച്ച് നൗഷാദിന്റെ മാതാപിതാക്കള്‍ നല്കിയ പരാതിയിലാണ് പൊലീസ് അന്വേഷണം. അഫ്സാന നല്കുന്ന വിവരങ്ങള്‍ പരസ്പര വിരുദ്ധമാണെന്ന് പൊലീസ് പറഞ്ഞു.
നൗഷാദിനെ ഒന്നര വര്‍ഷം മുമ്പാണ് കാണാതായത്. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത്. ഈ കേസിലെ തുടരന്വേഷണത്തിനിടെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ ഉണ്ടായ സംശയങ്ങളില്‍ നിന്നാണ് കേസില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്.
നൗഷാദിനെ കൊന്ന് മൃതദേഹം കുഴിച്ച് മൂടിയെന്നും പുഴയിലെറിഞ്ഞുവെന്നും പരസ്പര വിരുദ്ധമായ മൊഴിയാണ് ഭാര്യ നല്‍കിയതെന്ന് പൊലീസ് പറയുന്നു.
പരുത്തിപ്പാറയില്‍ വാടകവീട്ടിലാണ് നൗഷാദും ഭാര്യയും താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ സ്വരചേര്ച്ചയില്ലായിരുന്നെന്നും അതാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: