കേരളത്തിലെ ഒരു വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കവെ, പാഠപുസ്തകങ്ങളില്‍ ശാസ്ത്രനേട്ടമായി പുഷ്പകവിമാനത്തെയും ഗണപതിയുടെ രൂപത്തെയും അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അവയെല്ലാം അന്ധവിശ്വാസവും മിത്തുകളും ആണെന്നും പറഞ്ഞുകൊണ്ട് താങ്കള്‍ പ്രസംഗിച്ചതായി സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റു പത്ര, ദൃശ്യ, മാധ്യമങ്ങളുടെയും അറിയാന്‍ കഴിഞ്ഞു.
വിദ്യാര്‍ത്ഥികളുടെ മുന്നില്‍ ഭാരതത്തിന്റെ മഹത്തായ ശാസ്ത്ര പാരമ്പര്യത്തിന്റെയും മത സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും ആശയങ്ങളെത്തിക്കാന്‍ ഭരണഘടനാപരമായ സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ തന്നില്‍ നിക്ഷിപ്തമായ കര്‍ത്തവ്യത്തില്‍ നിന്നും വ്യതിചലിച്ച്, തെരുവോരത്തെ രാഷ്ട്രീയ പ്രാസംഗിക നിലപാട് സ്വീകരിച്ചത് അങ്ങേയറ്റം ഖേദകരമാണ്. അത് അങ്ങ് തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു.
ഒരു മത വിഭാഗത്തിന്റെ വിശ്വാസങ്ങളെ അപഹസിച്ചു എന്ന രീതിയില്‍ മാത്രമാണ് ഇന്ന് ചര്‍ച്ചകളും മറ്റ് നിയമ വ്യവഹാരങ്ങളും നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ അങ്ങ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ ഭാരതത്തിന്റെ മഹത്തായ പാരമ്പര്യത്തെ അവതരിപ്പിക്കേണ്ട ദൗത്യത്തിനു പകരം അതിനെ അപഹസിക്കുന്ന, വിദ്യാര്‍ത്ഥികളില്‍ അപകര്‍ഷതാ ബോധം ജനിപ്പിക്കുന്ന, നമ്മുടെ ഭരണഘടനയ്ക്കും നിര്‍ദ്ദേശക തത്വങ്ങള്‍ക്കും എതിരെയാണ് പ്രസംഗിച്ചത്. വിദ്യാലയത്തില്‍ കുട്ടികള്‍ എന്നും എടുക്കുന്ന ദേശീയ പ്രതിജ്ഞയ്ക്ക് വിരുദ്ധമായുള്ള നിലപാടുകളാണിതെന്ന് പ്രഥമ ദൃഷ്ട്യാ എല്ലാവര്ക്കും ബോധ്യമാകുന്ന കാര്യമാണ്.
ശാസ്ത്രരംഗത്തും സാങ്കേതിക രംഗത്തും സാമ്പത്തിക രംഗത്തും ദാര്‍ശനിക രംഗത്തും എന്നുവേണ്ട ജീവിതത്തിന്റെ സമസ്ത രംഗങ്ങളിലും ഭാരതത്തിന്റെ പൂര്‍വ്വകാല ചരിത്രം മഹനീയവും എല്ലാവര്ക്കും പ്രേരണാദായകവും ആണെന്ന് ഇന്ന് ലോകം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. അപകര്‍ഷതാബോധം ജനിപ്പിക്കുന്ന രീതിയില്‍ ഭാരതത്തിന്റെ ശാസ്ത്ര പാരമ്പര്യത്തെയും ജീവിത മൂല്യങ്ങളെയും ഇകഴ്ത്തിക്കാട്ടിയിരുന്ന കാലഘട്ടത്തിന് അവസാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ദേശീയ പാഠ്യ പദ്ധതി രൂപപ്പെട്ടു വന്നുകൊണ്ടിരിക്കുകയാണ്. അതില്‍ തീര്‍ച്ചയായും ഭാരതത്തിന്റെ അഭിമാനകരമായ പൈതൃകവും ചരിത്രവും വിദ്യാര്‍ത്ഥികളുടെ മുന്നില്‍ തെളിവ് സഹിതം യുക്തിയുക്തമായി അവതരിപ്പിക്കാന്‍ ഈ രംഗത്ത് ഗവേഷണവും പഠനവും നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി വരികയാണ്. അത്തരം പഠനങ്ങളും പാഠ്യപദ്ധതി പരിഷ്കരണ പദ്ധതികളും യുക്തിരഹിതമാണോ തെളിവില്ലാത്തതാണോ എന്ന് പരിശോധിക്കാനും വിമര്‍ശിക്കാനും താങ്കള്‍ക്കും തീര്‍ച്ചയായും അവകാശമുണ്ട്. അത് നിര്‍വഹിക്കണം എന്നു തന്നെയാണ് എല്ലാവരുടെയും അഭിപ്രായവും.
പാഠപുസ്തകങ്ങളില്‍ റൈറ്റ് സഹോദരന്മാരെ മാറ്റി വിമാനം കണ്ടുപിടിച്ചത് ഭാരതീയരാണ്, അതിനുള്ള തെളിവ് രാമായണത്തില്‍ പ്രതിപാദിക്കുന്ന പുഷ്പക വിമാനമാണ് എന്നല്ലാമുണ്ടെന്നുള്ള അങ്ങയുടെ പരാമര്‍ശം ഒന്നുകില്‍ അറിവില്ലായ്മയായോ അല്ലെങ്കില്‍ സങ്കുചിത രാഷ്ട്രീയചിന്തയുടെ അടിസ്ഥാനത്തില്‍ ഉണ്ടായതായോ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. 1902 റൈറ്റ് സഹോദരന്മാര് ആകാശത്തു പറത്തി കാണിച്ച വിമാനത്തിന്റെ മൂല രൂപം ബഹുജന സമക്ഷം അവതരിപ്പിച്ചത് 1895ല്‍ ഭാരതീയനായ ശിവകര്‍ ബാപ്പുജി ടോഡ്പ്പടെ എന്ന മുംബൈകാരനാണ്. മുംബൈ ചൗട്ടി ബീച്ചില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി പ്രമുഖരുടെ സന്നിധ്യത്തിലാണ് 1500 അടിയില്‍ അധികമുയരത്തില്‍, മനുഷ്യന് ഇല്ലാത്ത യന്ത്ര വാഹനത്തെ അഥവാ വിമാനത്തെ അദ്ദേഹം പറത്തി കാണിച്ചത്. ചില സാങ്കേതിക തകരാറുകള്‍ കാരണം അത് ഭൂമിയില്‍ ഇറങ്ങിയത് നിയന്ത്രണം വിട്ടായിരുന്നു എന്നുള്ളത് ശരിയായിരിക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ പരീക്ഷണങ്ങളെയും തുടര്‍ സാങ്കേതികവിദ്യാ വികസനത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുപകരം അവയെല്ലാം കണ്ടുകെട്ടുകയും സാങ്കേതിക പരിജ്ഞാനം കവര്‍ന്നു കൊണ്ടുപോകാനുമാണ് അന്നത്തെ ബ്രിട്ടീഷ് ബോംബെ സര്‍ക്കാര്‍ തീരുമാനിച്ചത്.
അദ്ദേഹം പറത്തിയ ‘മാരുതി സഖാ’-വായുവിന്റെ സുഹൃത്ത്-എന്ന ആകാശ വാഹനമോ റൈറ്റ് സഹോദരന്മാര് പറത്തിയ ആകാശ വാഹനമോ ഇന്നത്തെ ഹെലികോപ്റ്ററിനോടോ വിമാനങ്ങളോടോ എന്തിന് ഡ്രോണുകളോടു പോലുമോ താരതമ്യം ചെയ്യാന്‍ സാധിക്കുന്നതല്ല. വിമാനശാസ്ത്രത്തെ കുറിച്ചും വിമാന നിര്‍മ്മാണ സാങ്കേതികവിദ്യയെക്കുറിച്ചും വിമാന വിക്ഷേപണത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഭരദ്വാജ സംഹിതയിലെ ശാസ്ത്ര തത്വങ്ങളെ സ്പീക്കര്‍ അറിഞ്ഞിട്ടുണ്ടോ എന്നറിഞ്ഞുകൂടാ. കേരളത്തിലെ തൃപ്പൂണിത്തുറ സംസ്കൃത മാനുസ്ക്രിപ്റ്റ് ലൈബ്രറിയിലും തിരുവനന്തപുരം ലൈബ്രറിലും അതു ലഭ്യമാണ്. മാത്രമല്ല സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ഷിപ്പ് ടെക്നോളജി വിഭാഗത്തിലെ അധ്യാപകരുമായും ഈ വിഷയം ചര്‍ച്ച ചെയ്യാവുന്നതാണ്. അതാണ് ഭാരതത്തിന്റെ വിമാന-നൗകശാസ്ത്ര പാരമ്പര്യങ്ങളുടെ തെളിവുകള്‍.
ഗണപതി സങ്കല്പത്തെ ജീവി ലോകത്തിലെ വിചിത്ര ജീവിയായി കാണുന്ന ശിശു മാനസിക വികാസമാണ് സ്പീക്കര്‍ക്കുള്ളത് എന്ന് എല്ലാവരും തെറ്റിദ്ധരിക്കാന്‍ അങ്ങയുടെ പ്രസംഗം ഇടയാക്കിയിട്ടുണ്ട്. ഏതായാലും ശസ്ത്രക്രിയയുടെയും പ്ലാസ്റ്റിക് സര്‍ജറിയുടെയും ഉപജ്ഞാതാക്കള്‍ ഭാരതീയരായിരുന്നു എന്നതിന് ഇന്ന് ശാസ്ത്രലോകം അംഗീകാരം നല്‍കിയിട്ടുണ്ട്. അത് ഗണപതി സങ്കല്പത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളതല്ല. മറിച്ച് തന്റെ നേതൃത്വത്തില്‍ നടന്ന നേത്ര ശസ്ത്രക്രിയ മുതല്‍ നിരവധി ശസ്ത്രക്രിയ വിവരണങ്ങളും ഉപകരണങ്ങളും അതിന്റെ ഔഷധപ്രയോഗങ്ങളും എല്ലാം വിശദമാക്കുന്ന സുശ്രുത സംഹിത അടക്കമുള്ള ലിഖിതരേഖകളും പുരാവസ്തു രേഖകളും അടിസ്ഥാനമാക്കിയാണ്.
അവയെല്ലാം വര്‍ഷങ്ങളായി പാഠ്യ പദ്ധതിയുടെ ഭാഗവുമാണ്. അതിനെയെല്ലാം തമസ്കരിച്ച്, വളരുന്ന തലമുറയില്‍ ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യത്തില്‍ അപകര്‍ഷത ഉളവാക്കുന്ന രീതിയിലുള്ള പ്രസംഗം, മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാം തെറ്റായിപ്പോയി എന്ന് തിരിച്ചറിഞ്ഞ് അതിനോട് കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തോടും പൊതുസമൂഹത്തോടും അങ്ങ് മാപ്പാപേക്ഷിക്കേണ്ടതുണ്ട്.
തകര്‍ത്തിട്ടും തകര്‍ന്നടിയാതെ, കാലത്തെ അതിജീവിച്ച ക്ഷേത്രഗോപുരങ്ങളും തകര്‍ന്ന ഹംപിയും തകരാത്ത മധുരയും പോലുള്ള ആസൂത്രിത നഗരങ്ങളും ഇരുമ്പ് സ്തംഭങ്ങളും ശിലാസ്തംഭങ്ങളും ലോഹകൂട്ടുകളും ഔഷധക്കൂട്ടുകളും ഗുഹാക്ഷേത്രങ്ങളും വിവിധ നൗകകളും ഇന്നും വിസ്മയം തീര്‍ക്കുന്നതാണ് ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഉദാഹരണങ്ങളും തെളിവുകളും. സുശ്രുതനിലുടെയും ഭരദ്വാജനിലും കണാദനിലും ആര്യഭടനിലും വളര്‍ന്നു വികസിച്ച് നമ്മുടെ ശാസ്ത്രം ജെ സി ബോസിലൂടെയും ശ്രീനിവാസ രാമാനുജനിലൂടെയും ശിവകര്‍ ബാപ്പുജിയിലൂടെയും സി.വി.രാമനിലൂടെയും വിക്രം സാരാഭായി യിലൂടെയും സതീഷ് ധവാനിലൂടെയും ചന്ദ്രശേഖശേഖരിലുടെയും വളര്‍ന്നു വികസിച്ചു കൊണ്ടെയിരിക്കയാണ്. സുഭാഷിണി അലിക്ക് തെറ്റ് തിരുത്താമെങ്കില്‍, അങ്ങേയ്ക്കും തെറ്റ് ഏറ്റു പറഞ്ഞു തീരത്താം.
(ഭാരത സര്‍ക്കാരിന്റെ വിദ്യാഭ്യാസ മേല്‍നോട്ടസമിതി അംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: