ഷാജന്‍ സി. മാത്യു
കൊച്ചി: കടുത്ത വിദ്യാര്‍ഥിക്ഷാമത്തില്‍ വീര്‍പ്പുമുട്ടുന്ന മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പ്രധാനപ്പെട്ട മൂന്ന് അലോട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ ബാക്കിയായിരിക്കുന്നത് 38,000ഓളം ഡിഗ്രി സീറ്റ്. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, കോമേഴ്‌സ്, ഇംഗ്ലീഷ് എന്നിവയില്‍ സീറ്റുകള്‍ ഏറെക്കുറെ നിറഞ്ഞുവെങ്കിലും ബോട്ടണി, സുവോളജി, കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളുടെ നില വളരെ ദയനീയമാണ്. ഈ വിഷയങ്ങളില്‍ ഒരു കുട്ടിപോലും ചേരാത്ത കോളജുകളുമുണ്ട്!
ആദ്യ മൂന്ന് അലോട്‌മെന്റും കഴിഞ്ഞപ്പോള്‍ സര്‍വകലാശാലയിലെ ആകെയുള്ള 32,490 മെരിറ്റ് സീറ്റില്‍ 17,076 പേര്‍ ചേര്‍ന്നുവെന്നു വാര്‍ത്താക്കുറിപ്പില്‍ സര്‍വകലാശാല അറിയിച്ചിട്ടുണ്ട്. അതയാത് മൊത്തം മെരിറ്റ് സീറ്റിന്റെ 47 ശതമാനവും കാലി കിടക്കുുന്നു. സര്‍ക്കാര്‍, എയിഡഡ്, സ്വാശ്രയം എന്നീ മൂന്നു വിഭാഗത്തിലാണ് എംജിയിലെ കോളജുകള്‍. ഇതില്‍ സര്‍ക്കാര്‍ വിഭാഗത്തില്‍ 1,132 മെരിറ്റ് സീറ്റേ ഉള്ളൂ. ഇതില്‍ 713 എണ്ണത്തിലേ കുട്ടികള്‍ എത്തിയിട്ടുള്ളൂ. എയിഡഡ് മേഖലയിലെ മെരിറ്റ് സീറ്റ് 11,258 ആണ്. ഇതില്‍ 7,318 എണ്ണം നിറഞ്ഞു. സ്വാശ്രയമേഖലയിലാണ് ഏറ്റവും കൂടുതല്‍ മെരിറ്റ് സീറ്റ് ഉള്ളത്- 20,100. ഇതില്‍ 9,045 പേര്‍ അഡ്മിഷന്‍ എടുത്തു. അങ്ങനെ ആകെ17,076 പേര്‍.
സ്വാശ്രയ മേഖലയിലും എയിഡഡ് മേഖലയിലുമായി 24,000ഓളം മാനേജ്‌മെന്റ് സീറ്റുണ്ട് എംജിയില്‍. ഇതില്‍ 1,300ഓളം പേര്‍ മാത്രമേ അഡ്മിഷന്‍ എടുത്തിട്ടുള്ളൂ. സംവരണ വിഭാഗത്തിലും ചെറിയതോതില്‍ അഡ്മിഷന്‍ നടന്നിട്ടുണ്ട്. ഇങ്ങനെ വിവിധ വിഭാഗങ്ങളിലായി 19,000ഓളം കുട്ടികളാണ് സര്‍വകലാശായില്‍ ഇതുവരെ ചേര്‍ന്നത്. മെരിറ്റ്, മാനേജ്‌മെന്റ്, സംവരണ വിഭാഗങ്ങളിലായി 57,000ഓളം ഡിഗ്രി സീറ്റാണ് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഉള്ളത്. (മാര്‍ജിനല്‍ ഇന്‍ക്രീസ് സമ്പ്രദായം വഴി ഓരോ വര്‍ഷവും ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.). അതായത് 38,000ഓളം ഡിഗി സീറ്റാണ് ഇപ്പോള്‍ എംജിയില്‍ ഒഴിഞ്ഞു കിടക്കുന്നത്. 66 ശതമാനം കാലി. സപ്ലിമെന്‌ററി അലോട്‌മെന്‌റിലൂടെ അഡ്മിഷന്‍ കൂട്ടാമെന്നാണ് സര്‍വകലാശാല കണക്കുകൂട്ടുന്നത്. എന്നാല്‍ അതേസമയം, നിലവിലുള്ള വിദ്യാര്‍ഥികള്‍തന്നെ മറ്റ് സംസ്ഥാനത്തേക്കും വിദേശത്തേക്കും പോകാനുള്ള സാധ്യത സര്‍വകലാശാല പരിഗണിക്കുന്നില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: