ന്യൂദല്‍ഹി: തീവ്രവാദത്തിന്റെ എല്ലാതരം രൂപങ്ങളേയും ശക്തമായി അപലപിച്ച് ഇന്ത്യയും മാലിദ്വീപും. ന്യൂദല്‍ഹിയില്‍ തീവ്രവാദം, ഹിംസാത്സമക തീവ്രവാദം, മതമൗലികവാദം എന്നിവയ്‌ക്കെതിരെ നടന്ന രണ്ടാമത് സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ ഇന്ത്യയും മാലിദ്വീപും സംയുക്ത അധ്യക്ഷത വഹിച്ചു.
തീവ്രവാദത്തിനും ഹിംസാത്മക തീവ്രവാദത്തിനും വേണ്ടി ഇന്‍റര്‍നെറ്റും സൈബറിടവും ചൂഷണം ചെയ്യുന്നത് തടയാനും യോഗത്തില്‍ തീരുമാനമായി. വിദേശകാര്യമന്ത്രാലയം (പടിഞ്ഞറാന്‍ രാജ്യങ്ങള്‍) സെക്രട്ടറി സഞ്ജയ് വര്‍മ്മയും മാലിദ്വീപിന്റെ വിദേശ കാര്യ സെക്രട്ടറി എം.വി. അഹമ്മദ് ലത്തീഫും ആണ് ഇരുരാജ്യങ്ങള്‍ക്കുമായി യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ യോഗമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും മാലിദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സോലിഹും കെട്ടിപ്പൊക്കിയ ഉഭയകക്ഷിബന്ധത്തിലെ ഊഷ്മളതയും ലക്ഷ്യവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ യോഗമെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി സഞ്ജയ് വര്‍മ്മ പറഞ്ഞു.
എല്ലാ തരം തീവ്രവാദങ്ങളെയും ഇന്ത്യയും മാലിദ്വീപും അപലപിച്ചു. ഒപ്പം തീവ്രവാദത്തിന്റെ രൂപങ്ങളായ അതിര്‍ത്തിക്ക് കുറുകെയുള്ള തീവ്രവാദം, ഹിംസാത്മ തീവ്രവാദം, മതമൗലിക വാദം എന്നിവയെ സുസ്ഥിരമായും ഫലപ്രദമായും ചെറുക്കാന്‍ അന്താരാഷ്‌ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത യോഗം ഊന്നിപ്പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സുരക്ഷ നിലനിര്‍ത്താനും ഇത്തരം സഹകരണം ആവശ്യമാണെന്നും യോഗം പറഞ്ഞു.
ഐക്യരാഷ്‌ട്രസഭ നിരോധിച്ച തീവ്രവാദ സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചും യോഗം അവലോകനം ചെയ്തു. തീവ്രവാദ ശൃംഖലകള്‍ക്ക് നേരെ ഫലപ്രദമായ നടപടി എടുക്കേണ്ടതിന്റെ ആവശ്യകതയും യോഗം ഉയര്‍ത്തി. തങ്ങളുടെ കീഴിലുള്ള പ്രദേശം തീവ്രവാദത്തിനും തീവ്രവാദപ്രസ്ഥാനങ്ങള്‍ക്കും വിട്ടുനല്‍കില്ലെന്ന് എല്ലാ രാജ്യങ്ങളും തീരുമാനമെടുക്കണമെന്നും യോഗം ആവശ്യപ്പട്ടു.
സംഘടതിമായ കുറ്റകൃത്യം, മയക്കമരുന്ന്, പുനരധിവാസം, പ്രവാസികളെ മടക്കി അയയ്‌ക്കല്‍ എന്നീ കാര്യങ്ങളും ചര്‍ച്ചാവിഷയമായി. ഇസ്ലാം ആണ് മാലിദ്വീപിന്റെ ഔദ്യോഗിക മതമെന്ന് അവിടുത്തെ ഭരണഘടന വിളംബരം ചെയ്യുന്നു. 2019ല്‍ ഔദ്യോഗിക ക്ഷണപ്രകാരം മോദി മാലിദ്വീപ് സന്ദര്‍ശിച്ചിരുന്നു. 2022ല്‍ മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് സോലിഹ് ഇന്ത്യ സന്ദര്‍ശിച്ചു. ഇരുനേതാക്കളുടെയും ചര്‍ച്ചകളുടെയും തീരുമാനങ്ങളുടെയും തുടര്‍ച്ചയാണ് രണ്ടാം സംയുക്ത വര്‍ക്കിംഗ് കമ്മിറ്റി യോഗം.
മോദി സര്‍ക്കാര്‍ മുസ്ലിം രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ്. ഈയിടെ പ്രധാനമന്ത്രി ഈജിപ്ത് സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: