ന്യൂദല്‍ഹി: മണിപ്പൂര്‍ കലാപ വിഷയത്തില്‍ കോണ്‍ഗ്രസ് ലോക്സഭയില്‍ സര്‍ക്കാരിനെതിരെ ലോക്സഭയില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്. ഉച്ചയ്ക്ക് 12 മണിക്ക്ആദ്യം പിരിഞ്ഞതിന് ശേഷം സഭ ചേര്‍ന്നപ്പോള്‍ പാര്‍ട്ടി എംപി ഗൗരവ് ഗൊഗോയ് ആണ് സഭയില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ച ചെയ്യുമെന്നും പ്രമേയത്തിന്മേല് ചര്‍ച്ച നടത്താനുള്ള ഉചിതമായ സമയം അറിയിക്കുമെന്നും പ്രമേയം അംഗീകരിച്ച് കൊണ്ട് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും ബിജെപിയിലും ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ തവണയും പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നുവെന്നും ജനങ്ങള്‍ അവരെ പാഠം പഠിപ്പിച്ചുവെന്നും പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മണിപ്പൂര്‍ സ്ഥിതിഗതികള്‍ ഉള്‍പ്പെടെ സുപ്രധാന വിഷയങ്ങളില്‍ പ്രതികരിക്കാന്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) ചൊവ്വാഴ്ച അറിയിച്ചിരുന്നു. മണിപ്പൂരിനെക്കുറിച്ച് മോദി സംസാരിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ ബിജെപി വിസമ്മതിച്ചതും പാര്‍ലമെന്റില്‍ ദിവസങ്ങള്‍ നീണ്ട ബഹളത്തിനും തടസത്തിനും ശേഷമാണ് ഇത് സംഭവിച്ചത്.
സഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ചുളള പ്രതിപക്ഷ യോഗത്തില്‍ സര്‍ക്കാരിനെതിരെ ലോക്സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നിര്‍ദ്ദേശം പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച ചെയ്തു. ലോക്സഭയില്‍ 332 എംപിമാരുടെയെങ്കിലും പിന്തുണയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന് ഈ അവിശ്വാസ പ്രമേയത്തില്‍ യാതൊരു ഭീഷണിയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: