കൊല്‍ക്കത്ത: കൊള്ള നടത്തി കോടികള്‍ സമ്പാദിച്ച കൊടും കുറ്റവാളി നദീം ഖുറേഷി ബംഗാള്‍ പോലീസ് കസ്റ്റഡിയില്‍. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ 14 സംസ്ഥാനങ്ങളിലായി 1200 കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ നദിം ഖുറേഷി (45)യെയാണ് ബിധാനഗര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
മുംബൈയിലും പൂനെയിലും കോടിക്കണക്കിന് രൂപയുടെ വസ്തുവകകള്‍ ഇയാള്‍ക്ക് സ്വന്തമായിട്ടുണ്ട്. പ്രസിദ്ധമായ സ്കൂളുകളിലാണ് ഇയാളുടെ കുട്ടികള്‍ പഠിക്കുന്നത്. കോര്‍പ്പറേറ്റ് ശൈലിയില്‍ ആഡംബര കാറുകളിലാണ് ഇയാളുടെ സഞ്ചാരം. തിഹാര്‍ ജയിലിലായിരുന്ന നദിം ഖുറേഷിയെ ബംഗാളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
രണ്ടുവര്‍ഷം മുമ്പ് സോള്‍ട്ട്ലേക്കിലെ സൗരവ് അബാസനിലെ രണ്ടു ഫ്ളറ്റുകളില്‍ നിന്നും 12 ലക്ഷം രൂപ കവര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ടാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയത്. മോഷണത്തിന് പിന്നില്‍ ഖുറേഷിയാണെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ബംഗാള്‍ പോലീസിന്റെ അന്വേഷണത്തില്‍ രാജസ്ഥാന് പോലീസ് അറസ്റ്റ് ചെയ്തതായി മനസ്സിലാക്കിയിരുന്നു. പോലീസ് അവിടെ പോയി ഇയാളെ ചോദ്യം ചെയ്തിരുന്നു. ഗാസിയാബാദിലെ ഒരു മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 2021 മുതല്‍ തിഹാര്‍ ജയിലിലായിരുന്നു ഇയാള്‍.
ഗാസിയാബാദിലെ സ്വന്തം ഗ്രാമത്തില്‍ നിന്ന് കന്നുകാലികളെ മോഷ്ടിച്ചാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ഖുറേഷി കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടന്നത്. പതിനേഴാം വയസില്‍ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ദല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഖുറേഷി മോഷണം നടത്തിയിട്ടുണ്ട്.
2021ല്‍ ബംഗാളിലും നാരായണ്‍പൂരിലും ബാഗിയാറ്റിയിലും സമാനമായ കുറ്റകൃത്യങ്ങള്‍ നടന്നിരുന്നു. ഇവിടെ ഖുറേഷിയുടെ മോഷണ ബന്ധം പോലീസ് പരിശോധിച്ചുവരികയാണ്. നദീം ഖുറേഷി 23 കേസുകളില്‍ പ്രഖ്യാപിത കുറ്റവാളിയാണെന്നും കുറഞ്ഞത് എട്ട് തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു.
നദീം ഖുറേഷി ‘നദീം ഗാങ്’ എന്ന ടീമിനും പരിശീലനം നല്‍കിയിരുന്നു. ഈ സംഘവും ഖുറേഷിയെപ്പോലെ മോഷണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഖുറേഷിയുടെ പ്രൊഡക്ഷന്‍ റിമാന്‍ഡ് ജയിലധികൃതര്‍ക്ക് മുമ്പാകെ വെച്ചിട്ടുണ്ടെന്നും ഗാസിയാബാദ് പോലീസ് അദ്ദേഹത്തെ ബംഗാളിലേക്ക് കൊണ്ടുവന്നതായും പോലീസ് പറഞ്ഞു. സോള്‍ട്ട് ലേക്ക് കോടതി തിങ്കളാഴ്ച ഖുറേഷിയെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: